‘വ്യക്തിഗത നേട്ടങ്ങള്‍ രണ്ടാമത്, ഞങ്ങള്‍ വന്നത് വേറൊരു കാര്യത്തിനാണ്’; സെമി പ്രവേശത്തിന് ശേഷം മെസ്സി

ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച് കോപ്പ അമേരിക്ക സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന. രണ്ട് അസിസ്റ്റുകളും ഒരു ഫ്രീകിക്ക് ഗോളുമാണ് മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളും നാല് അസിസ്റ്റുകളുമായി അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തുടരുന്നു. ക്വാര്‍ട്ടറിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം വ്യക്തിഗത നേട്ടങ്ങളില്‍ കാര്യമില്ലെന്ന തന്റെ സ്ഥിരം പല്ലവി മെസ്സി ആവര്‍ത്തിച്ചു.

ഞാന്‍ എപ്പോഴും പറയാറുണ്ട്. വ്യക്തിഗത പുരസ്‌കാരങ്ങളൊക്കെ രണ്ടാമതാണ്. ഞങ്ങള്‍ ഇവിടെ വന്നത് മറ്റൊരു കാര്യത്തിനാണ്.

ലയണല്‍ സ്സെി

ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ഞങ്ങള്‍ അതിനേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചുവടുകൂടി അതിലേക്ക് മുന്നോട്ട് വെയ്ക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്നും മെസ്സി പറഞ്ഞു.

വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്. എതിര്‍ടീം എത്രത്തോളം ശക്തരാണെന്ന് ഞങ്ങള്‍ അറിഞ്ഞു. വേഗതയും ശാരീരികക്ഷമതയും കൂടുതലുള്ളവരായിരുന്നു ഇക്വഡോര്‍ ടീം. ചെറുപ്പക്കാര്‍ കൂടിയായ അവര്‍ നന്നായി പണിയെടുത്തു. ഗോള്‍ നേടുന്നതുവരെ ഞങ്ങള്‍ നന്നായി പൊരുതി. അതിന് ശേഷം സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമായി. രണ്ടാം ഗോള്‍ നേടുന്നതുവരെ കടുത്ത മത്സരമായിരുന്നു.

കളിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ കളിച്ചത്. മൈതാനം അത്ര സഹായകരമായിരുന്നില്ല. പ്രധാനപ്പെട്ട ഒരു മത്സരമാണ് കളിച്ചത്. ഏറ്റവും മികച്ച നാല് ടീമുകളില്‍ ഒന്നാകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അടുത്ത കളി ഉടനുണ്ടാകുമെന്നതിനാല്‍ ഞങ്ങള്‍ക്ക് നല്ല വിശ്രമം വേണം. പരിശ്രമങ്ങള്‍ക്ക് സ്‌ക്വാഡിലുള്ള എല്ലാവര്‍ക്കും നന്ദി. കുടുംബങ്ങളില്‍ നിന്ന് പിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ ദിവസങ്ങളായെന്നും മെസ്സി പ്രതികരിച്ചു. ബുധനാഴ്ച്ച കൊളംബിയയുമായി നടക്കാനിരിക്കുന്ന സെമിയേക്കുറിച്ച് ആലോചിച്ചുതുടങ്ങണമെന്നും മെസ്സി പറഞ്ഞു.

കൊളംബിയ നന്നായി പ്രതിരോധിക്കുന്നുണ്ട്. അവരുടെ പ്രത്യാക്രമണങ്ങളും വേഗത്തിലാണ്.

ലയണല്‍ മെസ്സി

അന്താരാഷ്ട്ര കരിയറിലെ 76-മത് ഗോളാണ് മെസ്സി ഇക്വഡോറിനെതിരെ നേടിയത്. ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോള്‍ നേടിയ ലാറ്റിനമേരിക്കന്‍ കളിക്കാരന്‍ എന്ന പെലെയുടെ റെക്കോഡ് ഒരു ഗോള്‍ മാത്രം അകലെ. കരിയറിലെ ഡയറക്ട് ഫ്രീ കിക്ക് ഗോളുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മെസ്സി മറികടന്നു. 58-ാമത് ഫ്രീ കിക്ക് ഗോളാണ് മെസ്സി ഇന്ന് നേടിയത്.

ബ്രസീലിലെ ഒളിംപികോ സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 39-ാം മിനുട്ടിലാണ് ആല്‍ബിസെലസ്റ്റെ സ്‌കോറിങ്ങ് തുടങ്ങിയത്. ഉഡിനീസ് മിഡ്ഫീല്‍ഡര്‍ റൊഡ്രീഗോ ഡി പോള്‍ നേടിയ ലീഡ് 84-ാം മിനുട്ടില്‍ ലൗത്താരോ മാര്‍ട്ടിനെസ് ഇരട്ടിപ്പിച്ചു. ലോച്ചെല്‍സോയ്ക്ക് പകരക്കാരനായി ഏഞ്ചല്‍ ഡീ മരിയ ഇറങ്ങിയതോടെയാണ് അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടിയത്.