‘വിഷാദം മാറ്റാന്‍ താടി വടിച്ചുള്ള പൊടിക്കൈകള്‍ പോര, അതൊരു രോഗാവസ്ഥയാണ്’; എംഎന്‍ കാരശ്ശേരിയുടെ ഡിപ്രഷന്‍ തിയറിക്ക് ഇന്‍ഫോ ക്ലിനിക്കിന്റെ മറുപടി

‘വിഷാദം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?’ എന്ന എംഎന്‍ കാരശ്ശേരിയുടെ വീഡിയോ കാണുകയുണ്ടായി. എല്ലാവര്‍ക്കും ദുഖമുണ്ടെന്നും, ചിലര്‍ അതിനെതിരെ പോരാടാതെ, ദുഃഖം കൊണ്ടുനടന്നു വിഷാദമാക്കി മാറ്റുകയാണെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു വെക്കുന്നത്. ഒപ്പം വിഷാദത്തില്‍ നിന്ന് രക്ഷപെടാന്‍ ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്‍പോട്ട് വെക്കുന്നു. സ്വയം രക്ഷപെടണം എന്ന ആഗ്രഹം വേണം, മനോബലം വേണം, പാട്ട് കേള്‍ക്കുക, സിനിമ കാണുക, കൂട്ടുകാരോട് സംസാരിക്കുക തുടങ്ങിയ കാര്യങ്ങളാണ് വിഷാദം മാറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വീഡിയോ ആണിത്. മാനസിക രോഗാവസ്ഥകളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും, ഈ രോഗാവസ്ഥ ഉള്ളവരോട് സമൂഹം കാണിക്കുന്ന വേര്‍തിരിവുകള്‍ കൊണ്ടും പലരും സഹായം തേടാന്‍ മുന്‍പോട്ട് വരാത്ത ഒരു അവസ്ഥയാണ് നമുക്കുള്ളത്. അങ്ങനെ ഈ അവസ്ഥയില്‍ വേദനയും ദുഃഖവും സഹിച്ചു തുടരുകയും, ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്ത പലേരെയും വ്യക്തിപരമായും പ്രൊഫഷണലായും അറിയാം. ഇങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ ആളുകള്‍ സഹായം തേടുന്നതിന് കൂടുതല്‍ തടസമാകും. നമുക്ക് വീഡിയോയില്‍ പറയുന്ന വിഷയങ്ങള്‍ ഒന്ന് പരിശോധിക്കാം.

അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമുക്കൊന്ന് വിലയിരുത്തി നോക്കാം.

1 ‘എല്ലാവര്‍ക്കും ദുഃഖമുണ്ട്, ചിലര്‍ അത് കൊണ്ടുനടന്നു വിഷാദമാക്കുന്നൂ’

എല്ലാവര്‍ക്കും ദുഃഖമുണ്ട് എന്നുള്ളത് സത്യമാണ്. എന്നാല്‍ വിഷാദം എന്നത് കേവലം ദുഃഖാവസ്ഥയല്ല. നമ്മള്‍ ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോഴോ, വേണ്ടപെട്ടവര്‍ക്ക് അപകടം/മരണം ഉണ്ടാകുമ്പോഴോ വിഷമം തോന്നുക സ്വാഭാവികമാണ്. കുറച്ചുകാലം കൊണ്ട് ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും സാധിക്കും. അതിനു നമ്മുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹായിക്കാന്‍ സാധിക്കും.
വിഷാദം എന്നത് ജൈവികവും, മനശാസ്ത്രപരവും, സമൂഹികവുമായ ഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായി തലച്ചോറിലെ നാഡീ രസങ്ങളുടെ പ്രവര്‍ത്തനത്തിലും, തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. അതായത് വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന് തന്നെ പറയാം. ലോകത്ത് ഏകദേശം 10 മുതല്‍ 20 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. സ്ഥായിയായ ദുഃഖം, ഒരിക്കല്‍ സന്തോഷം നല്‍കിയിരുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ പോവുക, ജീവിതത്തിലെ ഒരു കാര്യങ്ങളിലും താല്പര്യം ഇല്ലാതാവുക, തുടങ്ങിയവയാണ് വിഷാദത്തിന് പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ ശ്രദ്ധക്കുറവ്, ധാരണാശേഷിക്കുറവ്, ഉറക്കക്കുറവ്/കൂടുതല്‍, വിശപ്പ് കുറവോ/കൂടുതലോ, പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ, ആരും സഹായിക്കാനില്ല എന്നുള്ള തോന്നല്‍, ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയവയും വിഷാദം ഉള്ളവരില്‍ കാണാം. ഈ ബുദ്ധിമുട്ടുകള്‍ മൂലം അവരുടെ വ്യക്തി-കുടുംബ – സാമൂഹിക ജീവിതം താറുമാറാകുന്ന അവസ്ഥ വരെ ഉണ്ടാകും. പറഞ്ഞുവരുന്നത് വിഷാദം കേവലം ദുഃഖമല്ല എന്നുള്ളതാണ്. ഈ അവസ്ഥ മനഃപൂര്‍വം ആരെങ്കിലും സൃഷ്ടിക്കുന്നതല്ല. അല്ലേലും ആരാണ് സ്ഥിരമായി ദുഃഖത്തില്‍ കഴിയാന്‍ ആഗ്രഹിക്കുക?

2 ‘വിഷാദം മാറ്റാന്‍ ആളുകള്‍ സ്വയം തീരുമാനിക്കണം/മനോബലം വേണം’

മുകളില്‍ പറഞ്ഞതുപോലെ, ജീവിതത്തിലെ എല്ലാം തന്നെ നിരര്‍ത്ഥകമാണെന്ന് തോന്നുന്ന അവസ്ഥയില്‍ അതില്‍നിന്നും രക്ഷനേടാന്‍ ആളുകള്‍ സ്വയം ശ്രമിക്കുന്നത് എങ്ങനെയാണ്? ഇതില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന ചിന്തയോ, അതിനായി ഞാന്‍ എന്തേലും ചെയ്യണമെന്ന് ആഗ്രഹമോ ഇവരില്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ഇവര്‍ സഹായം തേടാന്‍ മുന്നോട്ടു വരാത്തത്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം അവസാനത്തില്‍ എത്തിയത് പോലെയാണ്. മുന്നോട്ട് നോക്കുമ്പോള്‍ ഒരു ചെറുതരി വെട്ടം പോലും കാണാനില്ല. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍, സ്വയം കിടക്കയില്‍ നിന്നും എണീക്കുക പോലും വളരെ ബുദ്ധിമുട്ടേറിയ ജോലിയായി ഇവര്‍ക്ക് തോന്നാം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കടുത്ത ക്ഷീണവും കാണാം. വളരെ മൈല്‍ഡ് ആയിട്ടുള്ള വിഷാദാവസ്ഥയില്‍ ചിലര്‍ക്ക് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള ആഗ്രഹം തോന്നാം. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും അങ്ങനെയല്ല. എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹമോ, ഊര്‍ജമോ, താല്‍പര്യമോ വിഷാദമുള്ള വ്യക്തികളില്‍ കാണില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് സ്വയം വിഷാദത്തില്‍ നിന്ന് പുറത്ത് വരാനായി എന്തെങ്കിലും ചെയ്യുക പലപ്പോഴും സാധ്യമാകണം എന്നില്ല.

3 ‘ചെയ്യാന്‍ ആഗ്രഹം ഇല്ലെങ്കിലും എല്ലാം ചെയ്യണം?’

എന്നും രാവിലെ എണീറ്റ്, താടി വടിക്കാന്‍ തോന്നുന്നില്ല എങ്കിലും അത് ചെയ്യണം, ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല എങ്കിലും കഴിക്കണം എന്നൊക്കെ അദ്ദേഹം പറയുന്നു. ഇതൊക്കെ വിഷാദത്തില്‍ നിന്നും കര കയറാന്‍ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്. കഴിക്കാന്‍ തോന്നാത്ത ഒരു വ്യക്തിയുടെ വായിലേക്ക് ഭക്ഷണം കുത്തി കയറ്റിയാല്‍ അത് സുഖകരമായ ഒരവസ്ഥ ആയിരിക്കുമോ? താടി വടിക്കുക എന്നത് ഒരു ആവശ്യമായി തോന്നാത്ത, ഭക്ഷണം കഴിക്കുക എന്നത് ഒട്ടും ആസ്വദിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയോടാണ് നമ്മള്‍ ഇത് പറയുന്നത് എന്ന് കരുതണം. ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതുന്ന ഒരു വ്യക്തിക്ക് എന്ത് ഭക്ഷണം, എന്ത് വസ്ത്രം, എന്ത് താടി!

4 ‘വിഷാദം മാറാന്‍ സംഗീതം കേള്‍ക്കുക, വായിക്കുക,കൂട്ടുകാരോട് സംസാരിക്കുക’:

ഇത് പണ്ടുമുതലേ പറഞ്ഞു കേള്‍ക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ്. വിഷാദമുള്ള വ്യക്തിയോട് ഒരു യാത്ര പോയിട്ട് വന്നാല്‍ എല്ലാം ശരിയാകും, നല്ലൊരു സിനിമ കണ്ടാല്‍ എല്ലാം മാറും എന്ന് പറയുന്നത് പൊതുവില്‍ കണ്ടുവരുന്ന ഒരു രീതിയാണ്.

ഒരു പാട്ട്, സിനിമ, അല്ലെങ്കില്‍ യാത്ര നമ്മള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്, അല്ലെങ്കില്‍ സന്തോഷം നല്‍കുന്നത് ഇവ ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറിലെ ചില ഭാഗങ്ങളില്‍ (reward circuit) നാഡീ രസങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് നമുക്ക് വീണ്ടും അത് ചെയ്യാന്‍ തോന്നുന്നത്. വിഷാദം ഉള്ളവരിലെ തലച്ചോറിലെ മാറ്റങ്ങള്‍ മൂലം ഈ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സാധാരണ അവസ്ഥയിലെ പോലെ നാഡീ രസങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവയൊന്നും സന്തോഷകരമായി തോന്നില്ല. അപ്പോ പിന്നെ ഇവര്‍ ഇതെങ്ങനെ ചെയ്യും? അതുപോലെ തന്നെ നമ്മളെ ഇവയൊക്കെ ചെയ്യാന്‍ മോട്ടിവേഷന്‍ നല്‍കുന്ന തലച്ചോറിലെ ഭാഗങ്ങളുടെ മാറ്റങ്ങള്‍ മൂലം, എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയും തോന്നില്ല.

4 ‘വിഷാദത്തിന് മരുന്നുകളുടെ ആവശ്യമില്ല?’

ഈ വീഡിയോയില്‍ ഏറ്റവും കൂടുതല്‍ ദോഷം ചെയ്യാന്‍ പോകുന്ന നിര്‍ദ്ദേശം ഇതാണ്. 10 മുതല്‍ 20 ശതമാനം വരെ ആളുകളെ വിഷാദം ബാധിക്കുന്നുണ്ട് എങ്കിലും അതില്‍ വെറും 50 ശതമാനത്തില്‍ താഴെ മാത്രം ആളുകളേ മെഡിക്കല്‍ സഹായം തേടാന്‍ മുന്നോട്ടു വരാറുള്ളൂ. വിഷാദത്തില്‍ ചികിത്സ അന്തരം 50 ശതമാനത്തിന് മുകളിലാണ്. ചികിത്സ എടുക്കുന്നവരില്‍ നല്ലൊരു ശതമാനവും അത് പൂര്‍ത്തിയാകാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആളുകളെ ശരിയായ ചികിത്സ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകും.

വിഷാദത്തിന് ചികിത്സകള്‍ പലതരത്തിലുണ്ട്. വളരെ മൈല്‍ഡ് ആയിട്ടുള്ള വിഷാദ അവസ്ഥയില്‍ മനശാസ്ത്ര ചികിത്സകള്‍ മാത്രം മതിയാകും. എന്നാല്‍ വിഷാദം ഗുരുതരമാകുന്ന സാഹചര്യത്തില്‍ മനശാസ്ത്ര ചികിത്സയും, അതോടൊപ്പം തന്നെ പ്രാധാന്യത്തോടെ മരുന്നുകളും ഉപയോഗിക്കേണ്ടിവരും. തലച്ചോറിലെ നാഡീ രസങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള മാറ്റങ്ങളെ ശരിയാക്കി എടുക്കുകയാണ് മരുന്നുകളുടെ ധര്‍മ്മം. കൃത്യമായ മരുന്ന് ചികിത്സ വിഷാദ ലക്ഷണങ്ങള്‍ പെട്ടെന്ന് കുറയുന്നതിനും അതോടൊപ്പം തന്നെ ആത്മഹത്യകള്‍ അടക്കം തടയുന്നതിനും സഹായിക്കും. വിഷാദത്തിന്റെ ലക്ഷണങ്ങളായ ഉറക്കക്കുറവ്, വിശപ്പ്കുറവ്, ഉന്മേഷമില്ലായ്മ ഇവയൊക്കെ മാറാന്‍ മരുന്നുകള്‍ സഹായിക്കും. ഇതോടൊപ്പംതന്നെ കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഇന്റര്‍ പേഴ്‌സണല്‍ തെറാപ്പി തുടങ്ങി വിവിധ തരത്തിലുള്ള മനഃശാസ്ത്ര ചികില്‍സകള്‍ എടുക്കുന്നത് വിഷാദരോഗികളില്‍ കാണുന്ന ചില തെറ്റായ ചിന്താരീതികള്‍ തിരുത്തുന്നതിനും, വികാര നിയന്ത്രണത്തിനും ഭാവിയില്‍ വിഷാദം വീണ്ടും ഉണ്ടാവാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കടുത്ത വിഷാദമുള്ളവര്‍ മനശാസ്ത്ര ചികിത്സയോടു സഹകരിക്കാന്‍ തന്നെ ചിലപ്പോള്‍ മാസങ്ങള്‍ നീണ്ട മരുന്നു ചികിത്സ ആവശ്യമായി വരാം. വിദഗ്ധരുടെ കൃത്യമായ പരിശോധനയും നിര്‍ദ്ദേശവും വഴിയായി ഏതുതരത്തിലുള്ള ചികിത്സ വേണം എന്നുള്ളത് ഒരു വ്യക്തിക്ക് തീരുമാനിക്കാവുന്നതാണ്.

5 ‘അപ്പോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ക്കായി ഒന്നും ചെയ്യാന്‍ പറ്റില്ലേ?’

ഉറപ്പായും പറ്റും. പലപ്പോഴും വ്യക്തികളുടെ പെരുമാറ്റത്തിലുള്ള മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത് സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കും. അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ കൊടുക്കാനും, കൃത്യമായ ചികിത്സ തേടാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിക്കും. തനിക്കൊപ്പം പിന്തുണയുമായി ആളുകള്‍ ഉണ്ടെന്നുള്ള അറിവ് അവര്‍ക്ക് വളരെ ആശ്വാസം നല്‍കും. ചികിത്സ എടുക്കുന്ന കാലയളവില്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണ വളരെ പ്രാധാന്യമുള്ളതാണ്. ഈ പോരാട്ടത്തില്‍ താന്‍ തനിച്ചല്ല എന്ന അറിവ് കൂടുതല്‍ കരുത്തോടെ വിഷാദത്തിന്‍ എതിരെ പോരാടാന്‍ വ്യക്തികളെ സഹായിക്കും. അതുകൊണ്ട് തന്നെ അവര്‍ക്ക് പിന്തുണയുമായി നമ്മള്‍ എപ്പോഴും ഉണ്ടാവണം.

ഏതൊരു വ്യക്തിക്കും ചുറ്റും നടക്കുന്ന വിഷയങ്ങളെ കുറിച്ച് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. രോഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ക്കോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ മാത്രമേ സംസാരിക്കാന്‍ പറ്റൂ എന്നൊന്നും കരുതുന്നില്ല. വിവിധ തലങ്ങളില്‍ ഉള്ളവര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വഴി അതിന്റെ വിവിധ മാനങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. പക്ഷേ പറയുന്ന വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിക്കണം എന്ന് മാത്രം. പ്രത്യേകിച്ച് സമൂഹത്തില്‍ നിരവധി ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന വ്യക്തികള്‍. അല്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.

നിരവധി ആളുകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും, പലരുടേയും ജീവിതം നേരത്തെ അവസാനിക്കാന്‍ കാരണമാവുകയും ചെയ്തിട്ടുള്ള ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. എന്നാല്‍ കൃത്യമായ ചികിത്സയും പരിചരണവും വഴി അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ആ ഒരു സന്ദേശമാണ് നമ്മള്‍ മുന്നോട്ടു വെക്കാന്‍ ശ്രമിക്കേണ്ടത്. വിഷാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ നമുക്കും ഒപ്പം ചേരാം.