തുഷാര നന്ദുവിനും അജിത്തിനും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്; ‘നോണ്‍ ഹലാല്‍ ബോര്‍ഡിനെ ചൊല്ലിയുള്ള സംഘര്‍ഷമെന്നത് വാസ്തവവിരുദ്ധം’

കൊച്ചി: കാക്കനാട് പാനിപ്പൂരി സ്റ്റാള്‍ പൊളിച്ചത് ചോദ്യം ചെയ്ത റസ്‌റ്റോറന്റ് ഉടമയായ നകൊച്ചി: കാക്കനാട് പാനിപ്പൂരി സ്റ്റാള്‍ പൊളിച്ചത് ചോദ്യം ചെയ്ത റസ്‌റ്റോറന്റ് ഉടമയായ നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ തുഷാര നന്ദു, ഭര്‍ത്താവ് അജിത്ത് എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ്. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇംതിയാസ് കൊലപാതക കേസിലുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.

കൂട്ടുപ്രതിയായ അപ്പുവും ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. തുഷാര നന്ദു നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു.

നിലംപതിഞ്ഞിമുകളിലെ ചില്‍സേ ഫുഡ്‌കോര്‍ട്ടിലാണ് പ്രശ്‌നമുണ്ടായത്. ഈ ഫുഡ് കോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിവില്‍ കേസുകള്‍ നിലവിലുണ്ട്.

ചില്‍സേ ഫുഡ്‌കോര്‍ട്ടില്‍ നകുല്‍ നടത്തുന്ന ഡൈന്‍ എന്ന റസ്‌റ്റോറന്റിന് മുന്നിലുള്ള പാനിപൂരി സ്റ്റാളാണ് പ്രതികള്‍ പൊളിച്ചത്. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് അവകാശപ്പെട്ടാണ് തുഷാര നന്ദു അക്രമ സംഭവങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

തുഷാരക്ക് അവകാശമുണ്ടെന്ന് പറയപ്പെടുന്ന കടയില്‍ ഇത് വരെ കച്ചവടം ആരംഭിച്ചിട്ടില്ല. മാധ്യമശ്രദ്ധ ലഭിക്കുന്നതിനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുന്നതിനും വേണ്ടിയാണ് നോണ്‍ ഹലാല്‍ വിവാദമുണ്ടാക്കിയത്. ഇത് നുണക്കഥയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിലാണ്. ഇവര്‍ക്ക് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനോജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.