ഇതര മതസ്ഥയെ വിവാഹം ചെയ്തതിന് മര്‍ദ്ദനം; യുവാവിനെ തല്ലിച്ചതച്ച ഭാര്യാസഹോദരന്‍ ഡോക്ടര്‍

തിരുവനന്തപുരം: മതംമാറി വിവാഹം ചെയ്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ഭാര്യയുടെ സഹോദരനും സംഘവും. ചിറയിന്‍കീഴ് ബീച്ച് റോഡില്‍വെച്ച് ഒക്ടോബര്‍ 31നായിരുന്നു സംഭവം. ബോണക്കാട് സ്വദേശിയായ മിഥുന്‍ കൃഷ്ണക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ചികിത്സയിലാണ്.

മിഥുന്റെ ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷും സുഹൃത്തുക്കളും ചേര്‍ന്നാണ് അക്രമം നടത്തിയത്. ഡാനിഷ് ഡോക്ടറാണ്. മിഥുന്റെ നട്ടെല്ലിനും കഴുത്തിനും പരുക്കേറ്റു. ഡാനിഷും സംഘവും മിഥുനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബര്‍ 29നായിരുന്നു ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനായ മിഥുനും ലത്തീന്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ദീപ്തിയും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ദീപ്തി വീടുവിട്ടിറങ്ങുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും മിഥുനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് ദീപ്തി അറിയിച്ചു.

തുടര്‍ന്ന് പള്ളിയില്‍വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് ഡാനിഷ് മിഥുനെയും ദീപ്തിയെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരുമായി സംസാരിച്ച് വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നുമായിരുന്നു ഡാനിഷിന്റെ വാഗ്ദാനം. എന്നാല്‍, ചിറയിന്‍കീഴെത്തിയതോടെ പണം തരാമെന്നും ബന്ധത്തില്‍നിന്നും ഒഴിഞ്ഞുപോകണമെന്നും മിഥുനോട് ആവശ്യപ്പെട്ടു. ഇതിന് മിഥുന്‍ വഴങ്ങാതിരുന്നതോടെ വണ്ടിയില്‍നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

അക്രമം തടയാന്‍ ശ്രമിച്ച തനിക്കും അടിയേറ്റന്ന് ദീപ്തി പറയുന്നു. ഡാനിഷിനെതിരെ ദീപ്തി ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മതം മാറി വിവാഹിതരായതിന്റെ ദുരഭിമാനമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നും ജാതി വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡാനിഷ് ഒളിവില്‍ പോയിരിക്കുകയാണ്. ഡാനിഷിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.