കുതിച്ചുയരുന്ന കൊവിഡും ഒമിക്രോണും; അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണം നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിയന്ത്രണം നീട്ടി. ഫെബ്രുവരി 28 വരെ വിലക്ക് നീട്ടുകയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഡിജിസിഎ അനുമതിയുള്ള അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. ജനുവരി 31 വരെയായിരുന്നു നേരത്തെ യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,82,970 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 441 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ടിപിആര്‍ നിരക്ക് 15.13 ശതമാനമായി ഉയര്‍ന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയരുകയാണ്. 24 മണിക്കൂറിനിടെ 8,961 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്.

കേരളത്തിലും കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് രൂക്ഷമാണ് നിലവിലത്തെ രോഗവ്യാപനമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കേണ്ടി വരുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നിലവിലത്തെ സാഹചര്യം നേരിടാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.