ഇറാനില്‍ ഇന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്; മുന്‍ തൂക്കം തീവ്രപക്ഷക്കാരനായ ഇബ്രാഹിം റയ്‌സിക്ക്, എതിരിടാന്‍ അബ്ദുള്‍ നസീര്‍ ഹിമ്മത്തി

ടെഹ്‌റാന്‍: ഇറാനില്‍ ഇന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം തീവ്രപക്ഷക്കാരനായ ജുഡീഷ്യല്‍ മേധാവി ഇബ്രാഹിരം റയ്‌സിയും മിതവാദിയായ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുള്‍ നസീര്‍ ഹിമ്മത്തിയും തമ്മിലാണ്. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച മത്സര രംഗത്ത് നിന്നും പിന്മാറിയിരുന്നു.

രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്ഥനാണ് ഇബ്രാഹിം റയ്‌സി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.

നിലവിലെ പ്രസിഡണ്ടായ ഹസന്‍ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. അതിനാല്‍ തന്നെ ഇക്കുറി മത്സരം പേരിന് മാത്രമാണെന്ന വിമര്‍ശനം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

2015ല്‍ വന്‍ശക്തികളുമായി ഇറാന്‍ ആരണവക്കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയിരുന്നു. ഈ കരാര്‍ പുനരുജ്ജീവിപ്പിക്കണോ വേണ്ടയോ എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചവിഷയം.

കരാറില്‍ നിന്ന് പിന്മാറണമെന്നാണ് തീവ്രപക്ഷത്തിന്റെ നിലപാട്. അതേ സമയം അമേരിക്കയുമായി വീണ്ടും ധാരണയിലെത്താം എന്ന നിലപാടാണ് മിതവാദികള്‍ക്കുള്ളത്.