ഇറാഖ് ഇനി ചരിത്രം മോഷ്ടിക്കപ്പെട്ട ജനതയല്ല; അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോയ 17000 പുരാരേകൾ തിരികെയെത്തുന്നു; ബൈബിൾ മ്യൂസിയത്തിൽ നിന്നും തിരിച്ചെടുത്തത് 5000

അധിനിവേശത്തെത്തുടർന്ന് അമേരിക്കയിലേക്ക് കടത്തിയ പുരാവസ്‌തുക്കളും ചരിത്ര രേഖകളും തിരികെയെത്തിച്ച് ഇറാഖ്. സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കിയതിന് ശേഷം ഇറാഖിൽ നിന്നും അപഹരിക്കപ്പെട്ട 17000 പുരാവസ്തുക്കളാണ് തിരികെ ബാഗ്‌ദാദിൽ എത്തിച്ചത്. ഗിൽഗമെഷിന്റെ ഇതിഹാസം രേഖപ്പെടുത്തിയിരിക്കുന്ന 3500കൊല്ലം പഴക്കമുള്ള കളിമൺ ഫലകം ഉൾപ്പടെയുള്ള വിലമതിക്കാനാവാത്ത പുരാവസ്തുക്കളാണ് അമേരിക്കയിലെ മ്യൂസിയവും കോർണൽ സർവകലാശാലയും ഇറാഖ് അധികൃതർക്ക് തിരികെ നൽകിയത്.

ഇരു രാജ്യങ്ങളുടെയും സർക്കാർ തലത്തിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു കൈമാറ്റം. ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽഖാദിമി അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ വിമാനത്തിൽ ഈ പുരാവസ്‌തുക്കൾ ബാഗ്‌ദാദിൽ എത്തിച്ചുവെന്ന് ഗവൺമെന്റ് വ്യക്തമാക്കി.

മെസപ്പെട്ടോമിയൻ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ മതഗ്രന്ഥമായി കണക്കാക്കുന്നതാണ് സുമേറിയൻ കൃതിയായ ഗിൽഗമെഷിന്റെ ഇതിഹാസം (Epic of Gilgamesh). ഒരു ക്രിസ്ത്യൻ മതപ്രബോധന കുടുംബത്തിന്റെ കീഴിലുണ്ടായിരുന്ന മ്യൂസിയം ഓഫ് ബൈബിളിലായിരുന്നു ഈ ഫലകമുൾപ്പടെ അയ്യായിരത്തോളം പുരാവസ്‌തുക്കൾ സൂക്ഷിച്ചിരുന്നത്. പഴയ നിയമത്തിന് ചരിത്ര സാധുത നൽകുന്ന രേഖകളും വസ്തുക്കളുമായിരുന്നു പുരാതന മെസപ്പെട്ടോമിയയിൽ നിന്നുമുള്ള ഈ ചരിത്ര രേഖകൾ.

ഇസ്രായേലി, യുഎഇ ഇടപാടുകാരിൽ നിന്നാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും പുരാവസ്തുക്കളിൽ അധികവും കടത്തപ്പെട്ടത്.

ഗിൽഗമെഷിന്റെ ഇതിഹാസം

ചരിത്രംപോലും കൊള്ളയടിക്കപ്പെട്ട് മറുരാജ്യങ്ങളിൽ വില്പനക്കുവെക്കപെട്ട ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ പുരാവസ്‌തുക്കളുടെ തിരികെവരവ് സുപ്രധാനമായ ഒരു അധ്യായമാണെന്ന് ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നു. ആയിരക്കണക്കിന് പുരാവസ്തുക്കൾ തിരികെവന്നു എന്നതല്ല ഇവിടെ പ്രധാനം. ഇറാഖി ജനതയുടെ സംസ്കാരവും വികാരവുമാണ് മുഖ്യം. അവ തിരികെയെത്തിയത് ഈ പ്രയാസകരമായ സമയത്തും ഇറാഖി ജനതയുടെ ആത്മവിശ്വാസവും അഭിമാവും ഉയർത്തുന്നതാണ് എന്നാണ് ഇറാഖ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഹസ്സൻ നദീം അഭിപ്രായപ്പെടുന്നത്.

സുന്നി-ഷിയാ, ക്രിസ്ത്യൻ-മുസ്‌ലിം സംഘർഷങ്ങൾക്ക് മുൻപുള്ള ഇറാഖി ചരിത്രത്തിന്റെ ശേഷിപ്പുകൾ രാജ്യത്തിൻറെ ഭാവിയിലും നിർണായകമാണെന്നാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഹദാനി ഡിറ്റ്മർസ് അഭിപ്രായപ്പെടുന്നത്.

അമേരിക്കൻ അധിനിവേശത്തിൽ നഷ്ടപ്പെട്ടതിന് പുറമെ നിരവധി പുരാവസ്‌തുക്കളും ചരിത്ര സ്‌മാരകങ്ങളും ഐഎസ്‌ഐഎസിന്റെ ആക്രമണത്തിലും ഇറാഖിന് നഷ്ടമായിരുന്നു. ഐക്യരാഷ്ട്രസഭ ഇറാഖിനുമേൽ ഏർപ്പെടുത്തിയിരുന്ന പതിമൂന്ന് വർഷത്തോളം നീണ്ട ഉപരോധ കാലയളവിൽ സാമ്പത്തികമായി പ്രതിസന്ധിയിലായ ഇറാഖി ജനത പണത്തിനുവേണ്ടി കയ്യിൽ കിട്ടിയതൊക്കെ വിറ്റൊഴിവാക്കിയപ്പോഴും നിരവധി പുരാവസ്‌തുക്കൾ നഷ്ടമായിരുന്നു.