ബീമാപ്പള്ളിയില്‍ നടന്നത്‌ മാലിക്കില്‍ പറയുന്ന കഥയോ? അന്ന് സംഭവിച്ചതെന്ത്?

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചെത്തിയ ‘മാലിക്’ ആമസോണ്‍ പ്രൈമില്‍ റിലീസായതുമുതല്‍ 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്. യഥാര്‍ത്ഥത്തില്‍ സിനിമയില്‍ പറയുന്ന കഥയാണോ തിരുവനന്തപുരത്തെ ഈ തീരദേശ-മത്സ്യബന്ധന മേഖലയില്‍ നടന്നതെന്നും സിനിമ ചില കാര്യങ്ങളെ സൗകര്യപൂര്‍വം മറച്ചുവെക്കുന്നുണ്ടോ എന്നതടക്കമുള്ള ചര്‍ച്ചകളാണ് സജീവമാകുന്നത്. ഈ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ 2009 മെയ് 17ന് ഉച്ചകഴിഞ്ഞ് ബീമാപ്പള്ളിയില്‍ എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിക്കാം.

ബീമാപ്പള്ളി വെടിവെപ്പ് നടന്നതിങ്ങനെ

‘കൊമ്പ് ഷിബുവെന്ന ഗുണ്ടാനേതാവിനെതിരെ പ്രദേശ വാസികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെടിവെപ്പുണ്ടായതിന്റെ തലേന്ന്, 2009 മെയ് 16ന് ചെറിയതുറയ്ക്ക് സമീപത്തുവെച്ച് ബാമാപ്പള്ളി സ്വദേശിയായ ഒരാളുടെ സ്വകാര്യ ബസ് കൊമ്പ് ഷിബുവും സംഘവും ചേര്‍ന്ന് തടഞ്ഞു. ഇത് പ്രദേശവാസികളും ഷിബുവിനൊപ്പമുണ്ടായിരുന്ന ഫിഷര്‍മെന്‍ കോളനിയിലെ സംഘവും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് എത്തിച്ചു. തുടര്‍ന്ന് പൊലീസും എംഎല്‍എയും ഇടപെട്ട് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം നിര്‍ദ്ദേശിച്ച് പിരിഞ്ഞു. ഷിബുവിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു പൊലീസ് നല്‍കിയ ഉറപ്പ്. എന്നാല്‍, അന്നോ പിറ്റേന്നോ ഷിബുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇതില്‍ പ്രതിഷേധമറിയിക്കാനെത്തിയ നാട്ടുകാര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു’, ബീമാപ്പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന അബ്ദുള്‍ അസീസ് പറയുന്നതിങ്ങനെ.

എന്നാല്‍, കൊമ്പ് ഷിബുവിനെ ശല്യം സഹിക്കാനാവാതെ ബീമാപ്പള്ളിക്കാര്‍ ശാരരീകമായി നേരിട്ടെന്നും തുടര്‍ന്ന് പ്രകോപിതനായ ഷിബു രാത്രിയോടെ ബീമാപ്പള്ളിയിലെ മത്സ്യ ബന്ധന ബോട്ടുകളും വലയും തീവെച്ച് നശിപ്പിച്ചെന്നും, തുടര്‍ന്ന് ചെറിയതുറക്കാരും ബീമാപ്പള്ളിക്കാരും തമ്മില്‍ കല്ലേറുണ്ടായെന്നും, ഇതറിഞ്ഞെത്തിയ പൊലീസ് സംഘം വെടിവെപ്പ് നടത്തുകയായിരുന്നെന്നുമാണ് പരിക്കേറ്റവരില്‍ മറ്റ് ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തില്‍ 16 വയസുകാരനടക്കം ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന വിഎസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം എന്നതാണ് പ്രധാനപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നുണ്ടായ വെടിവെപ്പ്, പൊലീസിന്റെ ഏകപക്ഷീയ അക്രമമായിരുന്നെന്ന വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും ലത്തീന്‍ കത്തോലിക്കരും മുസ്ലിങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ കലാപം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന ഭാഷ്യമാണ് പൊലീസ് മുന്നോട്ടുവെച്ചത്. ബീമാപ്പള്ളി ഭാഗം മുസ്ലിം ഭൂരിപക്ഷ പ്രദേശവും തൊട്ടടുത്തുള്ള ചെറിയ തുറ ലത്തീന്‍ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവുമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വാദമുന്നയിച്ചതെങ്കിലും, നാട്ടുകാരും വെടിവെപ്പില്‍ പരിക്കേറ്റവരും ഇതിനെ പാടെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍

കൊമ്പ് ഷിബുവുമായി ബന്ധപ്പെട്ട് പ്രാദേശികമായുണ്ടായ പ്രശ്‌നം പൊലീസ് ഇടപെട്ട് വഷളാക്കുകയും പൊലീസ് മുന്നറിയിപ്പികളില്ലാതെ ബീമാപ്പള്ളിയിലേക്ക് ഇരച്ചെത്തി വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് നാട്ടുകാരില്‍ പലരും പിന്നീട് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരനായ ഫിറോസ് വെടിയേറ്റ് വീണതിന് ശേഷം പൊലീസ് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെടിവെപ്പില്‍ കാല് നഷ്ടപ്പെട്ട നസീനുദ്ദീനും ഷംസുദ്ദീനും അഞ്ചും മൂന്നും ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ബീമാപ്പള്ളി

വെടിയുണ്ടകള്‍ തീരുന്നതുവരെ പൊലീസ് വെടിയുതിര്‍ത്തു എന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. രണ്ടുമണിക്കാണ് പൊലീസ് വെടിവെപ്പ് ആരംഭിച്ചത്. നാലുമണിയോടെ സബ്കളക്ടറായിരുന്ന കെ ബിജു സ്ഥലത്തെത്തി. പൊലീസ് പിന്നീട് റിപ്പോര്‍ട്ടില്‍ പറഞ്ഞത് സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് വെടിവെപ്പിലേക്ക് കടന്നതെന്നാണ്. എപി ജോര്‍ജ്ജായിരുന്നു അന്ന് പൊലസ് കമ്മീഷണര്‍. എന്നാല്‍, അനുമതിയില്ലാതെയാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് കളക്ടര്‍ ജില്ലാ ജഡ്ജി കെ രാമകൃഷ്ണന് മുന്നില്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ത്തന്നെ കെ രാമകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷനെ വെച്ചിരുന്നു. കമ്മീഷന്‍ സാക്ഷികളെ വിസ്തരിച്ചും തെളിവുകള്‍ ശേഖരിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍, ജസ്റ്റിസ് രാമകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചില്ല. ക്രൈംബ്രാഞ്ചും അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്നീട് വിശദീകരിച്ചത് സംഭവത്തിന് വിദേശ ബന്ധമുള്ളതായി സംശയിക്കുന്നെന്നാണ്. തുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട് ബീമാപ്പള്ളിയിലേക്ക് സിബിഐ എത്തി. അന്വേഷണം ത്വരിത ഗതിയില്‍ നടന്നെങ്കിലും സര്‍ക്കാര്‍ ആരോപിച്ച വിദേശബന്ധം കണ്ടെത്താനാവാതെ കേന്ദ്രസംഘം മടങ്ങി.

വെടിവെപ്പിന് ശേഷം പ്രതിഷേധങ്ങള്‍ ശുഷ്‌കമായിരുന്നു. കേസിന്റെ ജ്യുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് ഇല്ലാതാക്കിയതാണെന്ന വിമര്‍ശനം അന്നുമുതലേ ശക്തമാണ്.

മാലിക്കിലേക്ക് വരുമ്പോള്‍

ഏതാണ്ട് സമാന സംഭവം തന്നെയാണ് സിനിമയിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, ബീമാപ്പള്ളി വെടിവെപ്പിന് പിന്നില്‍ രാഷ്ട്രീയ-പൊലീസ്-കോര്‍പറേറ്റ് ഗൂഢാലോചനകള്‍ നടന്നെന്ന സൂചനയാണ് മാലിക്കിലുള്ളത്.

മാലിക്കില്‍നിന്ന്‌

യഥാര്‍ത്ഥ സംഭവത്തിലേക്ക് സിനിമാറ്റിക് എലമെന്റുകള്‍ കടന്നുവരുന്നതും വിമര്‍ശകരെ ചൊടിപ്പിക്കുന്നുണ്ട്. ചിത്രം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.