24 ന്യൂസിന്റെ അഞ്ച് ലക്ഷം യുട്യൂബ് ലൈവ് വ്യൂ ഭയപ്പെടുത്തുന്നുണ്ടോ? ; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്റെ മറുപടി

ട്വന്റി ഫോര്‍ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകളുടെ പുതിയ പരീക്ഷണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനെ പരിഭ്രമിപ്പിക്കുന്നില്ലെന്ന് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍. ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ബാര്‍ക്ക് റേറ്റിന്റെ അവസാനഫലം വരുന്നതുവരെ മുന്നില്‍ ഏഷ്യാനെറ്റായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ക്ക് റേറ്റിങ്ങിന് ബദലായി പരിശോധിക്കാവുന്ന സംവിധാനങ്ങളിലും മുന്നിലാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ താല്‍പര്യങ്ങളില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് ശരിയാണെന്നും എംജിആര്‍ വ്യക്തമാക്കി. ന്യൂസ്‌റപ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് എംപി ബഷീര്‍ നടത്തിയ അഭിമുഖത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ പ്രതികരണം.

യൂട്യൂബ് വ്യൂവേഴ്സ് എന്നത് മറ്റൊരു പ്രേക്ഷക സമൂഹമാണ്. കൊവിഡ് വന്നതോടുകൂടി ടെലിവിഷന്‍ ഓഡിയന്‍സിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വിനോദ ചാനലുകളില്‍ മാത്രം താല്‍പര്യമുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ കടന്നുവരവും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ശാസ്ത്രീയമായും സമഗ്രമായും പഠിക്കേണ്ടതുണ്ട്.

എം ജി രാധാകൃഷ്ണന്‍

ദ ന്യൂസ്‌റപ്റ്റ് ഇന്റര്‍വ്യൂവിലെ പ്രസക്ത ഭാഗം

ചോദ്യം: കഴിഞ്ഞ വോട്ടെണ്ണല്‍ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് വ്യൂവേഴ്സിന്റെ എണ്ണം 1.3 ലക്ഷത്തിലെത്തി നിക്കുമ്പോള്‍ 24 ന്യൂസിന്റേത് മൂന്ന് ലക്ഷം പിന്നിട്ടിരുന്നു. ഒരുഘട്ടത്തിലത് അഞ്ച് ലക്ഷത്തിലധികമായി ഉയര്‍ന്നു. കേരളത്തിലെ ടെലിവിഷന്‍ മാധ്യമരംഗത്ത് 24 ഉള്‍പ്പെടെയുള്ള ചാനലുകള്‍ കൊണ്ടുവരുന്ന പുതിയ രീതികളും പരീക്ഷണങ്ങളും ഏതെങ്കിലും രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പൊസിഷനെ ബാധിക്കുന്നുണ്ടോ?

“ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കിന്റെ ആധികാരിക രേഖയായ ബാര്‍ക്ക് റേറ്റിങ് സമീപകാലത്തായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവസാനം ആ രേഖ വരുന്നതുവരെ അതില്‍ ഞങ്ങള്‍ മുന്നില്‍ത്തന്നെയായിരുന്നു. ബാര്‍ക്ക് റേറ്റിങിന് ബദലായി പരിശോധിക്കാവുന്ന സംവിധാനങ്ങളിലും ഞങ്ങള്‍ മുന്നിലാണ്. ടെലിവിഷനോട് ആളുകള്‍ പുലര്‍ത്തുന്ന താല്‍പര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് ശരിയാണ്.

യൂട്യൂബ് വ്യൂവേഴ്സ് എന്നത് മറ്റൊരു പ്രേക്ഷക സമൂഹമാണ്. ആ പ്രേക്ഷകസമൂഹത്തിന് ഒരുപക്ഷേ, കൂടുതല്‍ തൃപ്തികരമായിട്ടുള്ളത് മറ്റ് പല ചാനലുകളുടെയും പ്രവര്‍ത്തനമായിരിക്കാം. ആ മാറ്റം എന്തുകൊണ്ടാണ് എന്നൊക്കെ പഠിക്കേണ്ടതാണ്. ടെലിവിഷനും പ്രേക്ഷകനും തമ്മിലുള്ള വ്യവഹാരത്തിന്റെ രീതികളില്‍ മാറ്റം വരുന്നുണ്ട്. കൊവിഡ് അതിന്റെ പ്രധാനപ്പെട്ട കാരണം കൂടിയാണ്. കൊവിഡ് വന്നതോടുകൂടി ടെലിവിഷന്‍ ഓഡിയന്‍സിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വിനോദ ചാനലുകളില്‍ മാത്രം താല്‍പര്യമുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ കടന്നുവരവും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ശാസ്ത്രീയമായും സമഗ്രമായും പഠിക്കേണ്ടതുണ്ട്.”

Also Read: ‘ഞാന്‍ കൂറ് മാറാത്തവനാണ്’; എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Also Read: ‘പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നത്, സ്ത്രീകളെ അംഗീകരിക്കുന്നതാണ് ആണത്തം’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം