ഗാസ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍ജസീറ മീഡിയ നെറ്റ് വര്‍ക്കിന്റേയും അസോസിയേറ്റഡ് പ്രസിന്റേയും ഓഫീസുകളാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ നിലംപൊത്തിയത്. മാധ്യമ സ്ഥാപനങ്ങളും മറ്റ് ഓഫീസുകളും അപ്പാട്മെന്റുകളുമുണ്ടായിരുന്ന കെട്ടിട സമുച്ചയമാണ് തകര്‍ന്നത്. ആക്രമണത്തില്‍ ആളപായമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
11 വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. ഈ കെട്ടിടത്തില്‍ നിന്നുകൊണ്ടാണ് നിരവധി സംഭവങ്ങള്‍ വാര്‍ത്തയാക്കിയത്. എല്ലാം രണ്ട് സെക്കന്‍ഡുകൊണ്ട് ഇല്ലാതായി.
സഫ്വത് അല്‍ കഹ്ലോ, അല്‍ ജസീറ
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ആറാം ദിവസവും തുടരുകയാണ്. ഗാസയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ബോംബിട്ടതിനേത്തുടര്ന്ന് എട്ട് കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച മുതലാരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 140 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 39 പേര് കുട്ടികളാണ്. 950 പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. മധ്യ ഇസ്രയേലിലെ റമത് ഗാനില്‍ ഗാസയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചെന്ന് ഇസ്രയേലി പൊലീസ് അറിയിച്ചു. കിഴക്കന്‍ ജെറുസലേമില്‍ പലസ്തീന് പ്രക്ഷോഭകാരികളും ഇസ്രയേലി പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.