രാജ്യങ്ങള്‍ ക്രയോ സാങ്കേതികവിദ്യ ഇത്രയേറെ ആഗ്രഹിച്ചതെന്തുകൊണ്ട്?; മോഡി-നമ്പി കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെന്ത്?; കാരവന്‍-ഐഎസ്ആര്‍ഒ അന്വേഷണറിപ്പോര്‍ട്ട് മൂന്നാം ഭാഗം

ഇന്ത്യയുടെ എല്ലാ ബഹിരാകാശ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ സംവിധാനമാണ് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസികളിലൊന്ന്. ഐഎസ്ആർഒ ഇതിനോടകം മുന്നൂറോളം വിദേശ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ 30 ബഹിരാകാശ പേടകങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും പേരുകേട്ടതാണ് ഇന്ത്യൻ ബഹിരാകാശ പേടകങ്ങൾ. 1960കളിൽ വേണ്ടത്ര ഉപകരണങ്ങൾ പൊലുമില്ലാത്ത ശാസ്ത്രജ്ഞരുടെ ഒരു ചെറുസംഘം പരീക്ഷിച്ച് പിശക് കണ്ടുപിടിക്കുന്ന രീതി തുടർന്ന്, സ്വദേശീയമായ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ചതിനേക്കുറിച്ചുള്ള സംഭവകഥകൾ ഇന്ത്യയുടെ സ്വദേശാഭിമാന ചരിതങ്ങളുടെ ഭാഗമാണ്.

സാമാന്യബോധത്തിന് എതിരായി തോന്നാമെങ്കിലും, ബഹിരാകാശ പര്യവേക്ഷണം ഇന്ത്യയുടെ വികസന സ്വപ്നങ്ങളുടെ കേന്ദ്രമായിരുന്നു. “ഇന്ത്യ ബഹിരാകാശ പര്യവേക്ഷണത്തിന് ചെലവഴിക്കുന്ന തുക, ആഹാരത്തിനും പാർപ്പിടത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വകയില്ലാത്ത ദശലക്ഷക്കണക്കായ ഇന്ത്യക്കാർക്ക് വേണ്ടി ചെലവഴിക്കണമെന്ന് ചിലർ വാദിക്കുന്നു,” 2014ൽ, ഇന്ത്യ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകം (മംഗൾയാൻ) അയക്കുന്ന ആദ്യത്തെ ഏഷ്യൻ രാജ്യമായപ്പോൾ ന്യൂയോർക്ക് ടൈംസ് ഒരു എഡിറ്റോറിയലിൽ എഴുതി. “ഇന്ത്യ തീർച്ചയായും ആ മേഖലകളിലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയും കൂടുതൽ പണം ചെലവഴിക്കണം, പക്ഷെ ബഹിരാകാശ പദ്ധതികൾ രാജ്യത്തിന് പല വിധത്തിൽ മുതൽക്കൂട്ടായിട്ടുണ്ട്”

ദേശീയ പദ്ധതിയോട് ഒത്തുചേർന്ന് തന്നെയാണ് അതിന്റെ തുടക്കമെന്ന കാര്യം അനിഷേധ്യമാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ് തന്റെ പ്രസിദ്ധമായ ഈ വാക്കുകളിൽ ഇന്ത്യൻ ബഹിരാകാശ ലക്ഷ്യങ്ങളേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

“ഒരു വികസ്വര രാജ്യത്തെ ബഹിരാകാശ പ്രവർത്തനങ്ങളുടെ പ്രസക്തിയേക്കുറിച്ച് കുറച്ച് ചോദ്യങ്ങളുയരുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ലക്ഷ്യത്തേക്കുറിച്ച് യാതൊരു അവ്യക്തതയുമില്ല. ചന്ദ്രനിലോ മറ്റ് ഗ്രഹങ്ങളിലോ പര്യവേക്ഷണവും, മനുഷ്യരേയും കൊണ്ട് ബഹിരാകാശയാത്രയും നടത്തുന്നതിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളോട് മത്സരിക്കുക എന്ന ഭ്രമകൽപന ഞങ്ങൾക്കില്ല. പക്ഷെ, ദേശീയതലത്തിലും രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലും നാം അർത്ഥവത്തായി കർത്തവ്യം നിർവ്വഹിച്ചാൽ, മനുഷ്യരുടേയും സമൂഹത്തിന്റേതുമായി നമ്മുടെ രാജ്യത്ത് കാണുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക്, പുതിയ സാങ്കേതിവിദ്യകൾ കൊണ്ടു പ്രയോജനമുണ്ടാകുന്നതിൽ ആരുടേയും പിന്നിലായിരിക്കില്ല നാം. ഈ  ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടേയും നമ്മുടെ പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള മാർഗങ്ങളുടേയും പ്രയോഗത്തെ, കടുപ്പമേറിയ സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളിൽ, പുരോഗതി കണക്കാക്കുന്നതിനേക്കാൾ പ്രകടനപരത മുഖ്യഫലമായി കാണുന്ന ആഡംബര പദ്ധതികൾ തുടങ്ങുന്നതായി കണ്ട് ആശയക്കുഴപ്പത്തിലാകരുത് എന്ന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.”

വിക്രം സാരാഭായ്‌

1960ൽ, ആണവോർജ വകുപ്പിൽ നിന്നും അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലബോറട്ടറിയിൽ നിന്നുമായി വിക്രം സാരാഭായി ബിരുദധാരികളായ ഒരു പറ്റം യുവ വൊളന്റിയർമാരെ തെരഞ്ഞെടുത്തു. അവരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ പരിശീലനത്തിന് അയച്ചു. കേരളത്തിൽ ആരംഭിക്കാനിരുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ അവരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. രണ്ട് വർഷത്തിന് ശേഷം മൂന്ന് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൻ കീഴിൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസേർച്ച് (ഇൻകോസ്പാർ) രൂപീകരിക്കപ്പെട്ടു. പിന്നീട് രാഷ്ട്രപതിയായ ഡോ. എപിജെ അബ്ദുൾ കലാമും ഈ നേതൃസംഘത്തിലുണ്ടായിരുന്നു. ആണവോർജ വകുപ്പ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (ടേൾസ്) സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പ്രദേശത്തെ ജനങ്ങളിൽ നിന്നും ഏറ്റെടുത്ത ഒരു പള്ളിയുടെ അകത്ത് വെച്ചാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചെടുത്തത്.

ആര്‍ അറവാമുദന്‍, എപിജെ അബ്ദുള്‍ കലാം

1963 നവംബറിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തങ്ങളുടെ ആദ്യ സൗണ്ടിങ്ങ് റോക്കറ്റ് (റിസേർച്ച് റോക്കറ്റ്) ലോഞ്ച് ചെയ്തു. ശീതയുദ്ധം അതിന്റെ മൂർധന്യത്തിൽ നിൽക്കുന്ന സമയത്തായിരുന്നു ഇത്. അതുകൊണ്ടുതന്നെ അക്കാലത്ത് ബഹിരാകാശ ദൗത്യങ്ങളുടെ ആധിപത്യം സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും ഏജൻസികൾക്കായിരുന്നു. ചേരി ചേരാ പ്രസ്ഥാനത്തിലെ ഇന്ത്യയുടെ നേതൃസ്ഥാനം ഇരു ശീതയുദ്ധ സഖ്യങ്ങളിൽ നിന്നുമുള്ള ആധിപത്യത്തെ ഒരുപോലെ അകറ്റിനിർത്തി, ബഹിരാകാശ പര്യവേക്ഷണം നടത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കി, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ സഞ്ചാരപഥമുണ്ടായി. അമേരിക്ക, സോവിയറ്റ് യൂണിയൻ, ഫ്രാൻസ്, ബ്രിട്ടൻ, പശ്ചിമ ജർമനി എന്നിവരിൽ നിന്ന് പ്രോത്സാഹനവും പിന്തുണയും ഉപകരണങ്ങളുടെ രൂപത്തിൽ, വായ്പയായും സമ്മാനങ്ങളായും, തുമ്പ വിക്ഷേപണ കേന്ദ്രത്തിന് ലഭിച്ചു. 1968ൽ, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തുമ്പ വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിച്ചു. പരീക്ഷണങ്ങൾ നടത്താനായി ശാസ്ത്രജ്ഞർ പല രാജ്യങ്ങളിൽ നിന്ന് തുമ്പയിലേക്ക് എത്താൻ തുടങ്ങി.

സതീഷ് ധവാന്‍ (ഇടത്ത് നിന്ന് രണ്ടാമത്), എപിജെ അബ്ദുള്‍ കലാം, ഇന്ദിരാഗാന്ധി

ഒരു റോക്കറ്റ് ഫാബ്രിക്കേഷൻ സംവിധാനവും പ്രൊപെല്ലന്റ് പ്ലാന്റും കൂടി ഉൾപ്പെടുത്തി തുമ്പയിലെ വിക്ഷേപണ കേന്ദ്രം വികസിപ്പിച്ചതോടെ, റോക്കറ്റ് വിക്ഷേപണങ്ങളുടെ എണ്ണം വർധിച്ചു, 1960കളുടെ പകുതിയോടെ ടേൾസ് “പരിശീലനം നേടാത്ത, കൂടുതൽ കൂടുതൽ യുവ ബിരുദധാരികളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങി, ” വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അസോസിയേറ്റ് ഡയറക്ടറായും നിയമന നടപടികളുടെ ചുമതലക്കാരനായും സേവനമനുഷ്ഠിച്ച ആർ അറവാമുദൻ പറയുന്നു.

1966ൽ, ഒരു ടെക്നിക്കൽ അസിസ്റ്റന്റ് ആയാണ് നമ്പി നാരായണൻ തുമ്പ വിക്ഷേപണ കേന്ദ്രത്തിൽ ജോലിക്ക് പ്രവേശിക്കുന്നത്. “ഐഎസ്ആർഒ രൂപീകരണഘട്ടത്തിലായിരിക്കുമ്പോഴാണ് ഞങ്ങൾ അവിടെ ജോലിയിൽ ചേരുന്നത്,” ശശികുമാരൻ എന്നോട് പറഞ്ഞു. “ഐഎസ്ആർഒയെ ഒരു ശാസ്ത്ര സ്ഥാപനമായി വിശേഷിപ്പിക്കുന്നത് തെറ്റാണ്. ചെറിയൊരു ശതമാനം ശാസ്ത്ര പരീക്ഷണങ്ങൾ ഒഴിച്ചാൽ, ഞങ്ങൾ 90 ശതമാനവും ചെയ്യുന്നത് പുതുതായി സൃ‍ഷ്ടിക്കലാണ്.” ഐഎസ്ആർഒയിൽ പ്രോഗ്രാം റോളുകൾക്കും മാനേജ്മെന്റ് സ്ട്രക്ച്ചറുകൾക്കും രൂപം നൽകുന്നതിന് താൻ സഹായിച്ചിരുന്നെന്ന് ശശികുമാരൻ പ്രതികരിച്ചു.

നമ്പി നാരായണന്‍

1970കളിൽ സാരാഭായിയുടെ ബഹിരാകാശ പദ്ധതിയേക്കുറിച്ചുള്ള ദർശനം കൂടുതൽ ദൃഢമാകുന്ന ഘട്ടം ആരംഭിച്ചു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ആര്യഭടന്റെ പേരിൽ നാമകരണം ചെയ്ത ആര്യഭട്ടയാണ് ഐസ്ആർഒ ആദ്യമായി തദ്ദേശീയമായി വികസിപ്പെടുത്ത ഉപഗ്രഹം. യുആർ റാവുവിന്റെ കീഴിൽ, 200 ശാസ്ത്രജ്ഞർ ചേർന്ന് നിർമ്മിച്ചെടുത്ത ആര്യഭട്ട 1975ൽ സോവിയറ്റ് യൂണിയനിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയുടെ സൗര-ഭൗതിക വ്യവസ്ഥയേക്കുറിച്ചും (Solar Physics) ഭൂമിയുടെ അയണ മണ്ഡലത്തിലെ (Ionosphere) പ്രസരണത്തേക്കുറിച്ചും (Radiation) പഠനം നടത്തലായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. പക്ഷെ, 41 ഭ്രമണങ്ങൾക്കൊടുവിൽ ആര്യഭട്ട പരാജയപ്പെട്ടു. ഇതാണ് ഭാസ്കരയിലേക്ക് വഴി തുറന്നത്. കാർഷികാവശ്യങ്ങൾക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമായി വിവരം ശേഖരിക്കലായിരുന്നു ഭാസ്കരയുടെ ഉപയോഗം. ഏതാണ്ട് ഇതേ സമയത്ത് തന്നെ, സ്വന്തം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി ഇന്ത്യ  ആർജ്ജിച്ചെടുത്തു.

1974ൽ, ഐഎസ്ആർഒ ഫ്രാൻസിന്റെ എസ്ഇപിയുമായി (Société Européenne de Propulsion) ഒരു കരാറിലേർപ്പെട്ടു. ലിക്വിഡ് പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പിന്നിലുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്. പിന്നീട്, ഇന്ത്യയുടെ റോക്കറ്റ് രൂപകൽപനകളിൽ നിർണായകമായ വൈക്കിങ്ങ് എഞ്ചിന്റെ അടിസ്ഥാനം ഇതായിരുന്നു. (ഈ കരാറിനേക്കുറിച്ചുള്ള കൂടിയാലോചനകളിൽ താൻ നിർണായക പങ്കുവഹിച്ചു എന്നാണ് നമ്പി നാരായണന്റെ അവകാശവാദം. ഏറ്റെടുക്കൽ നടപടിക്രമത്തിന്റെ ഭാഗമായി സാങ്കേതിക വിവരങ്ങൾ സംയോജിപ്പിക്കുന്നതിൽ കേന്ദ്രചുമതലയാണ് താൻ വഹിച്ചതെന്നും നമ്പി അവകാശപ്പെടുന്നുണ്ട്.) സാങ്കേതിക വിദ്യക്ക് പകരം ഐഎസ്ആർഒ, തങ്ങളുടെ എഞ്ചിനീയർമാരുടേയും ശാസ്ത്രജ്ഞരുടേതുമായി 100 മനുഷ്യ വർഷങ്ങളുടെ അധ്വാനം, ഫ്രാൻസിന്റെ അരിയാൻ റോക്കറ്റ് പദ്ധതി വികസിപ്പിക്കാൻ സഹായമായി നൽകാമെന്നേറ്റു. പകർന്നുകിട്ടിയ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐഎസ്ആർഒ വികാസ് വികസിപ്പിച്ചെടുത്തത്. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ദ്രവ ഇന്ധനമുള്ള (Liquid-Fuelled)  റോക്കറ്റ് എഞ്ചിനുകളുടെ കുടുംബത്തിന് വികാസ് എന്ന് പേരിടുകയായിരുന്നു.

വികാസ് എഞ്ചിന്‍ മാതൃക

ദ്രവീകൃത ഇന്ധനം കൊണ്ട് പ്രവർത്തനസജ്ജമാക്കിയ ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) നിർമ്മാണത്തിന് ചാലക ശക്തിയായത് വികാസ് ആണ്. ഭാരം കൂടിയ റോക്കറ്റുകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ലിക്വിഡ് പ്രൊപ്പൽഷനിലൂടെ സാധിക്കും. അങ്ങിനെ സൗര-സ്ഥിര ഭ്രമണപഥത്തിലേക്ക് (Sun-Synchronous Orbit) ഉപഗ്രഹങ്ങളെ അയക്കാൻ പിഎസ്എൽവി ഇന്ത്യയെ പ്രാപ്തയാക്കുമെന്നായി.

ഐസ്ആർഒ തങ്ങളുടെ വെബ്സൈറ്റിൽ വിവരിക്കുന്നതനുസരിച്ച് “പരീക്ഷണ ഘട്ടം” 1980കളുടെ മധ്യത്തിലേക്ക് നീണ്ടു. 1987ൽ, ഇന്ത്യയുടെ ആശയവിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഭൗമോപരിതലത്തിൽ നിന്ന് 36 കിലോമീറ്റർ ഉയരെയുള്ള- ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (Geostationary Orbit) ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾക്കായി സർക്കാർ അനുമതി നൽകി. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹിനികൾ (ജിഎസ്എൽവി) വികസിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവെയ്പായിരുന്നു ഇത്. വികാസ് എഞ്ചിൻ തന്നെ ഉപയോഗിക്കുന്ന, കൂടുതൽ കരുത്തേറിയ റോക്കറ്റാണ് ജിഎസ്എൽവി. കൂടുതൽ ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാൻ ജിഎസ്എൽവിക്ക് ശേഷിയുണ്ട്.

പാർലമെന്റിലെ ശാസ്ത്ര-സാങ്കേതിക സ്റ്റാൻഡിങ്ങ് കമ്മിറ്റി 1994ൽ രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ജിഎസ്എൽവിക്ക് വേണ്ടി ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് ആരംഭിക്കാൻ കേന്ദ്ര സർക്കാർ 1986ൽ 16 കോടി രൂപ അനുവദിച്ചു.  

(ഭൗതികശാസ്ത്രത്തിൽ, പദാർഥങ്ങൾ താഴ്ന്ന താപനില (−150°C, −238°F അല്ലെങ്കിൽ 123K താഴെ) കൈവരിക്കുന്നതിനേക്കുറിച്ചും പദാർഥങ്ങൾക്ക് ആ ഊഷ്മാവിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്രയോജനിക് ഇന്ധനങ്ങൾ നിർമ്മിക്കുന്നത്.)

ജ്വലനം സാധ്യമാക്കുന്ന രാസവസ്തുക്കളായ ഓക്സിഡൈസറുകളായി ദ്രവീകൃത വാതകങ്ങളാണ് ക്രയോജനിക് എഞ്ചിനുകളിൽ ഉപയോഗിക്കുന്നത്. റോക്കറ്റിന്റെ മുന്നോട്ടുള്ള തള്ളിച്ച (Thrust) സൃഷ്ടിച്ച് ഇന്ധനമാകുന്നതും ഇവയാണ്. ഓക്സിഡൈസർ ആയിട്ട് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് ദ്രവീകൃത ഓക്സിജനാണ്, ദ്രവീകൃത ഹൈഡ്രജൻ മിക്കപ്പോഴും ഇന്ധനമായും. അങ്ങേയറ്റം താഴ്ന്ന താപനിലയിലാണ് ഈ ദ്രവീകൃത വാതകങ്ങൾ സൂക്ഷിക്കേണ്ടത് എന്നതിനാൽ കൈകാര്യം ചെയ്യൽ വളരെ വെല്ലുവിളി നിറഞ്ഞതായി. പാർലമെന്ററി സമിതി പറയുന്നതനുസരിച്ച്, “ദ്രവ ഓക്സിജനും ഹൈഡ്രജൻ വാതകവും ഉപയോഗിക്കുന്ന ഒരു വൺ ടൺ ക്ലാസ് സബ് – സ്കെയിൽ എഞ്ചിൻ” വിജയകരമായി വിക്ഷേപിക്കപ്പെട്ടു.

നാസയുടെ കോമണ്‍ എക്‌സ്റ്റന്‍സിബിള്‍ ക്രയോജനിക് എഞ്ചിന്‍

അപ്പോഴേക്കും ബഹിരാകാശ പദ്ധതി അതിന്റെ “പ്രാവർത്തിക ഘട്ടത്തിലേക്ക്”പ്രവേശിക്കുകയായിരുന്നു. രണ്ട് വിഭാഗങ്ങൾക്ക് കീഴിലായാണ് ബഹിരാകാശ-അടിസ്ഥാനസൗകര്യങ്ങൾ (Space Infrastructure) നിർമ്മിക്കപ്പെട്ടിരുന്നത്. ഒന്നാമത്തേത് ആശയവിനിമയം, പ്രക്ഷേപണം, കാലാവസ്ഥാപഠനം തുടങ്ങിയ വിവിധോദ്ദേശ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം. ഭൂമിയുടെ സ്ഥലം, അന്തരീക്ഷം, കടലുകൾ എന്നിവയേക്കുറിച്ച് വിവരം നൽകുന്ന ഇന്ത്യൻ റിമോട്ട് സെൻസിങ്ങ് സാറ്റലൈറ്റ് സിസ്റ്റം ആണ് രണ്ടാമത്തേത്.

ഈ കാലയളവിൽ, ആരംഭഘട്ടത്തിലുള്ള തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യാ പദ്ധതി കൂടാതെ, ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഗ്ലാവ്കോസ്മോസുമായി ചേർന്ന് ഒരു  ക്രയോജനിക്സ് സാങ്കേതികവിദ്യാ കൈമാറ്റ കരാറിന് ഐഎസ്ആർഒ ശ്രമിച്ചിരുന്നു. 1990ലാണ് ഇന്ത്യ ഗ്ലാവ്കോസ്മോസുമായി ഈ കരാറിലൊപ്പിട്ടത്. ഇതേ വർഷം തന്നെ, ജിഎസ്എൽവി പ്രോഗ്രാമിന്റെ ഭാഗമായി, ക്രയോജനിക് എഞ്ചിനുകളും അനുബന്ധ സാങ്കേതികവിദ്യയും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ബഹിരാകാശ കമ്മീഷൻ അനുമതി നൽകി.

ക്രയോജനിക് സാങ്കേതികവിദ്യക്ക് 235 കോടി രൂപയാണ് ഗ്ലാവ്കോസ്മോസ് വിലയിട്ടത്. “മൗലികമായി വികസിപ്പിക്കാൻ ആലോചിക്കുന്ന ജിഎസ്എൽവി പദ്ധതിച്ചെലവിന്റെ പരിധിക്കുള്ളിലായതിനാൽ,” ഈ ഓഫർ  അംഗീകരിക്കപ്പെട്ടെന്ന് കമ്മിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നിരിക്കിലും, അമേരിക്കയുടെ ഇടപെടൽ കൊണ്ട് ഈ ഇന്തോ – റഷ്യൻ ബഹിരാകാശ സഹകരണ ശ്രമം മുടങ്ങി. 1992 മെയ് മാസത്തിൽ, യുഎസ് സർക്കാർ ഐഎസ്ആർഒയുടേയും ഗ്ലാവ്കോസ്മോസിന്റേയും മേൽ ഉപരോധമേർപ്പെടുത്തി. മിസൈൽ സാങ്കേതികവിദ്യയുടെ വികാസം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 35 രാജ്യങ്ങൾ തങ്ങൾക്കിടയിൽ ഒരു അനൗദ്യോഗിക രാഷ്ട്രീയ ധാരണയുണ്ടാണ്ടാക്കിയിരുന്നു. ഇന്ത്യൻ-റഷ്യൻ ബഹിരാകാശ ഏജൻസികളുടെ കരാർ ‘മിസൈൽ ടെക്നോളജി കൺട്രോൾ റെജിം’ (എംടിസിആർ) എന്ന ഈ ധാരണയുടെ ലംഘനമാണെന്ന് അമേരിക്ക വാദിച്ചു. 1987ലാണ് എംടിസിആർ രൂപപ്പെട്ടത്. ആദ്യ ശ്രദ്ധ ആണവായുധങ്ങളിലായിരുന്നത് 1992 ആയപ്പോഴേക്കും വിപുലപ്പെടുത്തി. രാസ-ജൈവായുധങ്ങൾ ഉൾപ്പെടെ, എല്ലാവിധ വ്യാപക നശീകരണശേഷിയാർന്ന ആയുധങ്ങളും (WMD) വിക്ഷേപിക്കാൻ ഉപയോഗിക്കാമെന്നതിനാൽ മിസൈലിനേക്കൂടി ധാരണയിൽ ഉൾപ്പെടുത്തി. 1995ൽ റഷ്യ ഈ ധാരണയുടെ ഭാഗമായി. 2016ൽ മാത്രമാണ് ഇന്ത്യ എംടിസിആറിൽ ചേർന്നത്.

ഗഗന്‍യാന്‍ പദ്ധതിക്ക് വേണ്ടി ഗ്ലാവ്‌കോസ്‌മോസുമായി ഐഎസ്ആര്‍ഒ കരാറൊപ്പിടുന്നു

“കരാർ എംടിസിആർ നിബന്ധനകൾക്ക് കീഴിൽ വരില്ലെന്നും,  ജിഎസ്എൽവിയുടെ ഭാഗമായുള്ള ക്രയോജനിക് മേൽ ഘട്ടത്തിന്റെ (Upper Stage) ഉപയോഗം, സമാധാന ലക്ഷ്യത്തോടെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കൽ മാത്രമാണെന്നും ഐഎസ്ആർഒയും ഗ്ലാവ്കോസ്മോസും ചൂണ്ടിക്കാട്ടി,” സ്റ്റാൻഡിങ്ങ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. കരാർ 1993 ഒക്ടോബർ വരെ മുന്നോട്ടുപോയി. പക്ഷെ, അമേരിക്കയുടെ സമ്മർദ്ദത്തേത്തുടർന്ന് ഗ്ലാവ്കോസ്മോസ് ഫോസ് മാഷ (force-majeure) ഉപാധി ഉയർത്തി. മുൻകൂട്ടി കാണാതിരുന്ന സാഹചര്യങ്ങൾ കാരണം ഉടമ്പടി ചെയ്യപ്പെട്ട ചുമതലകളിൽ നിന്ന് പിൻവാങ്ങാൻ അനുമതി നൽകുന്ന ഒരു കരാർ വ്യവസ്ഥയാണ് ഫോസ് മാഷ. സാങ്കേതിക വിദ്യാ കൈമാറ്റവും പരിശീലനവും നിർത്തിവെയ്ക്കപ്പെട്ടു.

ഐഎസ്ആർഒ പദ്ധതികൾ കലർപ്പില്ലാത്ത ബഹിരാകാശ – ശാസ്ത്ര പര്യവേക്ഷണമാണ് ലക്ഷ്യമിട്ടതെങ്കിലും, “അടിസ്ഥാന റോക്കറ്റ് സാങ്കേതികവിദ്യ സൈനിക ആവശ്യത്തിനും തുല്യ ഉപയോഗയുള്ളതായിരുന്നു,” ധർ തന്റെ പുസ്തകത്തിലെഴുതി. “വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യ വാതിൽപ്പടിവരെ എത്തിയ ക്രയോജനിക് എഞ്ചിനേക്കുറിച്ചുള്ള അറിവ് സമ്പാദിക്കാൻ പാകിസ്താൻ താൽപര്യപ്പെട്ടിരുന്നു. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഐഎസ്ആർഒയെ ചുറ്റിപ്പറ്റി മണത്ത് നടക്കുന്നതും, ഇന്ത്യൻ രൂപരേഖകളും റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയും മാന്തി പുറത്തെടുക്കുന്നതും സ്വാഭാവിക പ്രവൃത്തിയായിരുന്നു,” ധർ കൂട്ടിച്ചേർക്കുന്നു.

ഐഎസ്ആർഒയും ഗ്ലാവ്കോസ്മോസും മുൻ കരാറിന്റെ ഒരു പരിഷ്കൃത ധാരണയിലെത്തി. ഇന്ത്യൻ, റഷ്യൻ ഭരണകൂടങ്ങൾ അത് അംഗീകരിച്ചു. പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു, “മുൻപ് ആലോചിച്ചിരുന്ന രണ്ട് ക്രയോ സ്റ്റേജുകൾ കൂടാതെ രണ്ട് ഫ്ലൈറ്റ് സ്റ്റേജുകളും രണ്ട് ഗ്രൗണ്ട് മോഡലുകളും, സാങ്കേതിക വിദ്യാ കൈമാറ്റത്തിന് പകരമായി 235 കോടിയുടെ മുൻ കരാറിനുള്ളിൽ തന്നെ ലഭ്യമാക്കപ്പെടും. പ്രഥമകരാറിലെ ധാരണ പ്രകാരം, മൂന്ന് ദശലക്ഷം യുഎസ് ഡോളർ ഓരോന്നിനും വിലയുള്ള മൂന്ന് ക്രയോ സ്റ്റേജസ് അധികമായി വാങ്ങാനുള്ള അവസരം കൂടി ഐഎസ്ആർഒ വിനിയോഗിച്ചു. തദ്ദേശ നിർമ്മിതമായ ആദ്യ ക്രയോ സ്റ്റേജ് 1998-99 വർഷത്തിലാണ് പ്രതീക്ഷിക്കുന്നത്.” ബഹിരാകാശ വകുപ്പിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞർ, ക്രയോജനിക് സാങ്കേതികവിദ്യയിൽ വർഷങ്ങൾ കൊണ്ട് ആർജിച്ചെടുത്ത അനുഭവസമ്പത്തും അറിവും, റഷ്യക്കാരുമായി സ്ഥാപിച്ച സമ്പർക്കത്തിലൂടെ നേടിയ അവബോധവും, ഒപ്പം ദ്രവ-ഹൈഡ്രജൻ നിർമ്മാണവും ലോഞ്ച് കോംപ്ലക്സ് സംവിധാനങ്ങളും കമ്മീഷൻ ചെയ്തുള്ള പശ്ചാത്തലവും കൊണ്ട്, ഐഎസ്ആർഒ ക്രയോജനിക് സ്റ്റേജ് തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ പ്രാപ്തമാണെന്ന് പാർലമെന്ററി സമിതി വാദിച്ചു.

അക്കാലത്ത് ക്രയോ ടെക്നോളജിക്ക് അന്താരാഷ്ട്ര മാർക്കറ്റിലുള്ള പ്രധാന്യം വ്യക്തമാക്കിക്കൊണ്ട് പാർലമെന്ററി സമിതി പറഞ്ഞു, നിശ്ചിത സമയത്ത് ജിഎസ്എൽവി പ്രാവർത്തികമാകുകയാണെങ്കിൽ, “കുറഞ്ഞ ചെലവിൽ മൂല്യമേറിയ വിക്ഷേപണ സർവ്വീസുകൾ അത് പ്രദാനം ചെയ്യും. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ നിലവിലുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവായിരിക്കാം അത്. അന്താരാഷ്ട്ര വിപണിയിലെ വിക്ഷേപണ സേവനമേഖലയിലേക്ക് പ്രവേശിക്കാൻ ഇന്ത്യ പ്രാപ്തമാകുകയും ചെയ്യും.” ഇന്ത്യ കൂടാതെയുള്ള വികസ്വര ലോകത്തെ ഏറ്റവും ഉത്കർഷേച്ഛയുള്ള രാജ്യങ്ങൾ, പാകിസ്താൻ, ഇറാൻ, ഉത്തര കൊറിയ, ഇന്തൊനേഷ്യ എന്നിവർ ഈ സാങ്കേതികവിദ്യ സ്വന്തമാക്കാൻ മാർഗങ്ങൾ തേടുന്ന കാലമായിരുന്നു അത്.

ആറ് മാസങ്ങൾക്ക് ശേഷം, 1994 ഒക്ടോബറിൽ, ഐഎസ്ആർഒ ചാരക്കേസ് ആരോപണം പൊട്ടിപ്പുറപ്പെട്ടു.

“സെപ്റ്റംബർ 26ന് രാവിലെ, മോഡിയുടെ സെക്രട്ടറിയാണെന്ന് പറഞ്ഞ ഒരാളിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു,” 2013 നവംബറിൽ ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ നമ്പി നാരായണൻ പറഞ്ഞു. തൊട്ടടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചത് ഏതാണ്ട് ഇതേ സമയത്താണ്. “രാത്രി ഒമ്പത് മണിക്ക് മോഡി താമസിക്കുന്ന മാസ്കോട്ട് ഹോട്ടലിലെത്തി അദ്ദേഹത്തെ കാണാൻ കഴിയുമോ എന്ന് സെക്രട്ടറി എന്നോട് ചോദിച്ചു. ഞാൻ ചെല്ലാമെന്ന് പറയുകയും ഹോട്ടലിലേക്ക് പോകുകയും ചെയ്തു. മോഡിയുടെ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. മോഡി ഐഎസ്ആർഒ കേസിനേക്കുറിച്ചും സിഐഎയുമായുള്ള അതിന്റെ ബന്ധത്തേക്കുറിച്ചും എന്നോട് സൗമ്യമായി ചോദിച്ചു. ഞങ്ങളുടെ കൂടിക്കാഴ്ച്ച കഷ്ടി പത്ത് മിനുറ്റേ നീണ്ടുനിന്നുള്ളൂ.”

ഏതാനും ആഴ്ച്ചകൾക്ക് ശേഷം, ബിജെപി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഗുജറാത്ത് പൊലീസിൽ ഡയറക്ടർ ജനറലായിരുന്ന ആർബി ശ്രീകുമാറിനെതിരെ രോഷ പ്രകടനവുമായി പാർട്ടി വക്താവ് മീനാക്ഷി ലേഖി രംഗത്തെത്തി. 2002 ഗുജറാത്ത് വംശഹത്യയിലെ മോഡിയുടെ പങ്കിനേക്കുറിച്ച് സാരമായ തെളിവ് സമർപ്പിച്ചയാളാണ് ആർബി ശ്രീകുമാർ. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായിരുന്ന മോഡി തന്റെ രാഷ്ട്രീയ ശത്രുക്കളെ നിരീക്ഷിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്ന് ശ്രീകുമാർ മൊഴി നൽകിയിരുന്നു. 1994ൽ ഐബിയിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ ഐഎസ്ആർഒ അന്വേഷണങ്ങളുടെ ഭാഗവുമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ നിർദ്ദേശപ്രകാരം ശ്രീകുമാർ മോഡിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ലേഖി പറഞ്ഞു. ഐഎസ്ആർഒ കേസ്, കെട്ടിച്ചമച്ചെന്ന കേസിൽ കുറ്റാരോപിതനായ ശ്രീകുമാറിന് ക്ലീൻ ചിറ്റ് പകരമായി നൽകുമെന്നും ബിജെപി ആരോപിച്ചു. മോഡിയുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം, 2014 ജനുവരിയിൽ, പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ അവശേഷിക്കെ, നമ്പി നാരായണൻ ആർബി ശ്രീകുമാറിനെതിരെ അപകീർത്തി ഹർജി ഫയൽ ചെയ്തു. സമൂഹമധ്യത്തിൽ “തെറ്റായ പ്രസ്താവനകൾ” നടത്തുകയാണെന്നായിരുന്നു പരാതി. ആ വർഷം മെയ് മാസത്തിൽ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിൽ‌ വൻ വിജയം നേടി കേന്ദ്രത്തിൽ അധികാരത്തിലെത്തി.

നാല് വർഷങ്ങൾക്ക് ശേഷം, 2018ൽ, സുപ്രീം കോടതി നമ്പി നാരായണന് ഉദാരമായ നഷ്ടപരിഹാരം നൽകി. ഐഎസ്ആർഒ കേസ് അന്വേഷണങ്ങൾക്കിടെ നമ്പി നാരായണനോട് അന്യായങ്ങൾ ചെയ്തെന്ന ആരോപണത്തിന്റെ പേരിലായിരുന്നു ഇത്. ഒരു മാസത്തിന് ശേഷം, സെപ്റ്റംബറിൽ, ബെംഗളുരുവിൽ നിന്നുള്ള ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തിന്റെ മൂന്നാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ – പദ്മ ഭൂഷൺ നൽകി നമ്പി നാരായണനെ ആദരിക്കണമെന്ന് ശുപാർശ ചെയ്ത് കേന്ദ്ര സർക്കാരിന് കത്തയച്ചു. 2019 ജനുവരി 25ന് നമ്പി നാരായണന് പദ്മ ഭൂഷൺ ലഭിച്ചു. “ഇന്ന് എന്റെ സംഭാവന അംഗീകരിക്കപ്പെട്ടു എന്ന തോന്നൽ ഈ പുരസ്കാരം എനിക്ക് നൽകുന്നു, ” നമ്പി ഒരു അഭിമുഖത്തിൽ പറഞ്ഞു.

നമ്പി നാരായണന്‍ രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങുന്നു

2019ലെ പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നമ്പി നാരായണന്റെ അഭിമാനം വീണ്ടെടുത്തതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ബിജെപി പാഞ്ഞെത്തി. “കുറച്ച് വർഷങ്ങൾക്ക് മുൻപ്, കഠിനാധ്വാനിയും രാജ്യസ്നേഹിയുമായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഒരു കേസിൽ തെറ്റായി അകപ്പെടുത്തി, കുറച്ച് യുഡിഎഫ് നേതാക്കൾ രാഷ്ട്രീയപ്പക വീട്ടാൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണത്,” തൃശൂരിൽ വെച്ച് ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോഡി പ്രസംഗിച്ചു. “ആലോചിച്ചുനോക്കൂ, അവരുടെ സ്വന്തം രാഷ്ട്രീയത്തിനായി അവർ രാജ്യ താൽപര്യത്തിന് കോട്ടം വരുത്തി. നമ്പി നാരായണന് പദ്മ പുരസ്കാരം നൽ‌കാൻ നമ്മുടെ സർക്കാരിന് അവസരം ലഭിച്ചത് ഒരു അംഗീകാരമാണ്.”

സുപ്രീം കോടതിയിൽ നമ്പി നാരായണൻ നേടിയ വിജയവും പദ്മഭൂഷൺ ലഭിച്ചതും, അദ്ദേഹം വിദ്വേഷത്തിന് ഇരയായി സൽപേര് കളങ്കപ്പെട്ട അതിസമർത്ഥനായ ശാസ്ത്രജ്ഞനാണെന്ന ഭാഷ്യത്തെ ശക്തിപ്പെടുത്തി. പക്ഷെ, എല്ലാവർക്കും അത് വിശ്വാസയോഗ്യമായിരുന്നില്ല.

മുൻ ഡിജിപിയും ഇപ്പോൾ ബിജെപി നേതാവുമായ ടിപി സെൻകുമാർ ഐഎസ്ആർഒ കേസ് അന്വേഷിച്ചിരുന്നു. മറ്റ് ഐഎസ്ആർഒ ശാസ്ത്രജ്ഞരിൽ നിന്നും വ്യത്യസ്തമായി എന്ത് യോഗ്യതകളാണ് നമ്പി നാരായണനുള്ളതെന്ന് സെൻകുമാർ ചോദിച്ചു. “ഈ പുരസ്കാരത്തിന് ശുപാർശ ചെയ്തവരും പുരസ്കാരം നൽകിയവരും ഈ മഹാനായ മനുഷ്യൻ‌, ഐഎസ്ആർഒയ്ക്ക് അല്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി എന്ത് ശാസ്ത്രനേട്ടമാണ് കൈവരിച്ചത് എന്ന് പറയാൻ ബാധ്യസ്ഥരാണ്,” പദ്മഭൂഷൺ പുരസ്കാരച്ചടങ്ങ് കഴിഞ്ഞയുടൻ വിളിച്ചു ചേർത്ത വാർ‌ത്താ സമ്മേളനത്തിൽ സെൻകുമാർ പ്രസ്താവിച്ചു.

“അതൊരു വലിയ ദ്രോഹമാണ്,” ശശികുമാരൻ എന്നോട് പറഞ്ഞു. വിഷയത്തിൽ വെറുമൊരു “പീഡിത കക്ഷി” ആയി സ്വയം തള്ളിക്കളയുന്നതിൽ ജാഗ്രത പുലർത്തിക്കൊണ്ടുതന്നെ ശശികുമാരൻ, നമ്പി നാരായണൻ പദ്മഭൂഷൺ പുരസ്കാരത്തിന് “അശേഷം അർഹനല്ല” എന്ന് ഊന്നിപ്പറഞ്ഞു.

ബിസിനസുകാരനും വ്യാപാരിയുമായിരുന്നു നമ്പി നാരായണന്റെ പിതാവ്. മധുരയിലാണ് നമ്പി മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പഠനം പൂർത്തിയാക്കിയത്. 1966ൽ ഐഎസ്ആർഒയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് നമ്പി ഒരു പഞ്ചസാര ഫാക്ടറിയിൽ കുറച്ചുകാലം പണിയെടുത്തിരുന്നു. ഐഎസ്ആർഒയിലായിരിക്കെ ലിക്വിഡ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയേക്കുറിച്ച് പഠിക്കാനുള്ള ഒരു നാസ സ്കോളർഷിപ്പിൽ നമ്പിയെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. വികാസ് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതിൽ താൻ “നിർണായക” പങ്ക് വഹിച്ചിരുന്നു എന്നാണ് നമ്പി നാരായണന്റെ അവകാശവാദം. ബഹിരാകാശ പദ്ധതി ഖര പ്രൊപ്പല്ലന്റുകളിൽ കേന്ദ്രീകരിച്ച് നിൽക്കുന്ന സമയത്ത്, 1967 മുതൽക്കേ തന്നെ ലിക്വിഡ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയ്ക്ക് വേണ്ടി ശക്തമായ വാദിച്ച, “ഏക അനുകൂലി”ആയും അദ്ദേഹം സ്വയം ചിത്രീകരിക്കുന്നുണ്ട്. “വിനയരഹിതമായി തോന്നിയേക്കാമെന്ന റിസ്ക് എടുത്തുകൊണ്ട് തന്നെ ഞാൻ പറയും, ഇതിൽ സാരാഭായിയെ ഞാൻ പഠിപ്പിക്കേണ്ടതായി വന്നു,” നമ്പി നാരായണൻ ആത്മകഥയിലെഴുതി.

മുതിർന്നവരുടെ ആദരവ് ആർജിച്ചെടുത്ത ഒരു ഒറ്റയാനായാണ് നമ്പി നാരായണൻ പുസ്തകത്തിൽ സ്വയം അവതരിപ്പിക്കുന്നത്. “എന്റെ ഭാഗ്യമെന്ന് വിശേഷിപ്പിച്ചോളൂ, സൂപ്പർ ബോസുമാർക്ക് എന്നോട് പ്രത്യേക ഇഷ്ടം തോന്നുന്നത് ഞാൻ ഐഎസ്ആർഒയിലായിരുന്നപ്പോഴും തുടർന്നു. ഐഎസ്ആർഒയുടെ ഏറ്റവും മഹാന്മാരായ മൂന്ന് ചെയർമാൻമാർ; വിക്രം സാരാഭായി, സതീഷ് ധവാൻ, യുആർ റാവു എന്നിവർ എപ്പോഴും എനിക്ക് പറയാനുള്ളത് കേട്ടു.”

എന്നിരിക്കിലും, 1973 മുതൽ 1993 വരെയുള്ള നമ്പി നാരായണന്റെ പ്രകടനത്തേക്കുറിച്ച് കാരവന് ലഭ്യമായ ഐഎസ്ആർഒ രഹസ്യ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് നമ്പിയെ ഒരു മുൻ നിര ശാസ്ത്രജ്ഞനായി കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ മേലധികാരികൾ നമ്പിയിൽ ഏപ്പോഴും സന്തുഷ്ടനായിരുന്നില്ല എന്നുമാണ്. നമ്പി നാരായണൻ വികാസ് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതിൽ ഉടനീളം, ഭാഗമായി ചേർന്ന് നിന്ന് തന്നെ ജോലി ചെയ്തു എന്നത് വാസ്തവമാണ്. എങ്കിലും അദ്ദേഹം പല ഘട്ടങ്ങളിലും തന്റെ സംഭാവനകളെ അതിശയോക്തി കലർത്തി വർണിച്ചതായി സൂചനകളുണ്ട്. 1970കളിലേയും 1980കളിലേയും മിക്ക കാലയളവിലും നമ്പി നാരായണന്റെ തൊട്ട് മുകളിലുള്ള ബോസ് ആയിരുന്നു എഇ മുത്തുനായഗം. നമ്പി നാരായണന്റെ പ്രകടനം അത്ര മികച്ചതല്ലെന്നും നമ്പി മിക്കപ്പോഴും തന്റെ ടീം പൂർത്തിയാക്കുന്ന ജോലിയുടെ ക്രെഡിറ്റ് വ്യക്തിഗതനേട്ടമായി എടുക്കാറുണ്ടായിരുന്നെന്നും മുത്തുനായഗത്തിന്റെ രഹസ്യ കൈയ്യെഴുത്ത് വിലയിരുത്തലുകളിൽ ഇടയ്ക്കിടെയായുണ്ട്.

നമ്പി നാരായണന്‍

റിപ്പോർട്ടുകളിൽ ഒന്ന് നമ്പി നാരായണൻ താൻ 1978ൽ ചെയ്ത സംഭാവനകളേക്കുറിച്ച് 11 പോയിന്റുകൾ അടങ്ങിയ ഒരു പട്ടിക തയ്യാറാക്കിയതിനേക്കുറിച്ചാണ്. വികാസ് എഞ്ചിന്റെ ആദ്യമാതൃക നിർമ്മിച്ചെടുക്കലിനേക്കുറിച്ചും യന്ത്രത്തിന്റെ പല ഭാഗങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പകരം സ്വദേശീയമായി  വികസിപ്പിച്ചെടുത്ത”തദ്ദേശീയവൽകരണ പദ്ധതിയിലേക്ക് സംഭാവന” സജീവമായി നടത്തിയതിനേക്കുറിച്ചും ഉൾപ്പെടെയാണിത്. ജീവനക്കാരൻ തന്റെ പങ്ക് സ്വയം അവതരിപ്പിച്ചതിനോട് റിപ്പോർട്ടിങ്ങ് ഓഫീസർ യോജിക്കുന്നോ എന്ന് പരിശോധിക്കാനുള്ള വിലയിരുത്തലിൽ മുത്തുനായഗം എഴുതി, “നിർവ്വഹിച്ചതായി ഒന്ന് മുതൽ 11 വരെ പ്രസ്താവിച്ചിരിക്കുന്ന കൃത്യങ്ങൾ ഒരു വിഭാഗത്തിന്റെയാകെ പ്രയത്നഫലമാണ്. ഈ വ്യക്തി നല്ലൊരു മാനേജരാണ്. തന്റെ വ്യക്തിപരമായ പ്രാപ്തികൊണ്ട്,  അയാൾക്ക് ഇതിന്റെ വികാസത്തിൽ കുറേക്കൂടി സംഭാവന ചെയ്യാൻ കഴിയുമായിരുന്നു. അയാൾക്ക് നല്ല എഞ്ചിനീയർമാരുടെ വലിയൊരു ടീമുണ്ട്.”

നമ്പി നാരായണന്റെ 1981ലെ റിപ്പോർട്ടിനേക്കുറിച്ച് സമാനമായ ഒരു കുറിപ്പ് എഴുതപ്പെടുകയുണ്ടായി. വ്യക്തിഗത സംഭാവനകളായി നമ്പി പറഞ്ഞിരിക്കുന്നത് യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നത് “ടീം വർക്കിന്റെ ഫലമാണ്” എന്ന് ഈ സംക്ഷിപ്ത നിരൂപണത്തിലുണ്ട്. അതേ വർഷം, പിഎസ്എൽ‌വിയുടെ രണ്ടാം ഘട്ടത്തിന് വേണ്ടി ഒരു ലിക്വിഡ് എഞ്ചിനും സ്റ്റേജ് സിസ്റ്റങ്ങളും വികസിപ്പിച്ചെടുക്കാനുള്ള കർത്തവ്യം നമ്പി നാരായണനെ ഏൽപിച്ചു. ഇതേ രേഖയിൽ, മുത്തുനായഗം നമ്പി നാരായണനേക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിക്കുന്നു, “ഹാർഡ് വെയർ ആസ്പദമായ (Hardware oriented development) വികാസങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ്. പക്ഷെ, അദ്ദേഹം പ്രയോഗത്തിൽ ഏറെ പിന്നിലാണ്. വികാസ് എഞ്ചിൻ യാഥാർത്ഥ്യമാക്കാനുള്ള അസംസ്കൃത സാമഗ്രികളുടെ (ഇറക്കുമതി ചെയ്തവ) വിതരണം തൃപ്തികരമല്ല. നിർദ്ദിഷ്ട സാമഗ്രികളുടെ കുറവുകൊണ്ട് നിർമ്മിച്ചെടുക്കൽ (Fabrication) വൈകാനും അത് കാരണമായി. അയാൾക്ക് നമ്മുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ പ്രയത്നവും കൂടുതൽ സംഭാവനകളും നൽകാമായിരുന്നു.”

വികാസ് എഞ്ചിനിലേക്ക് നമ്പി നാരായണൻ നൽകിയ സംഭാവനയേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിൽ തറപ്പിച്ചുള്ള പ്രതികരണമാണ് ശശികുമാരൻ നടത്തിയത്. 1970കളുടെ മധ്യത്തിൽ നമ്പി നാരായണൻ ഫ്രാൻസിലേക്ക് പോയി, ശശികുമാരൻ പറഞ്ഞു, “എന്തെങ്കിലും ഡിസൈൻ ചെയ്യാനല്ല, ഒന്നും ചെയ്യാനല്ല,” പക്ഷെ, “അവിടെ നിന്ന് രേഖാചിത്രങ്ങൾ കൊണ്ടുവന്ന് ഇന്ത്യൻ ഇൻഡസ്ട്രി വഴി അത് യാഥാർ‌ത്ഥ്യമാക്കാൻ.” ഈ പ്രക്രിയ 19 വർഷം നീണ്ടെന്ന് ശശികുമാരൻ കൂട്ടിച്ചേർത്തു. “വളരെ മോശം പ്രകടനമായാണ് അത് കണക്കാക്കപ്പെട്ടത്.”

നമ്പി നാരായണന്‍, ഡി ശശികുമാരന്‍

സംഘാടന-മാനേജീരിയൽ നൈപുണ്യമാണ് നമ്പി നാരായണന് ഏറ്റവും പതിവായി പ്രശംസ നേടിക്കൊടുത്ത ഗുണങ്ങൾ. ഐഎസ്ആർഒ മൂല്യനിർണ്ണയ വ്യവസ്ഥയിൽ, “അസാധാരണ സാമർത്ഥ്യം” ഉള്ള ഒരു ശാസ്ത്രജ്ഞന് എല്ലാം കണക്കിലെടുത്ത് നൽകുന്ന ഉന്നത ഗ്രേഡായ എ പ്ലസ് ഒരിക്കൽ പോലും നമ്പി നാരായണന് ലഭിച്ചിട്ടില്ല. എയ്ക്കും എ മൈനസിനുമിടയിൽ, “വിശേഷപ്പെട്ടതിനും” “ശരാശരി നിലവാരത്തിനും മുകളിൽ” അദ്ദേഹം ചുറ്റിത്തിരിഞ്ഞു. ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും, രണ്ട് ഐഎസ്ആർഒ ഡയറക്ടർമാർ, ബ്രം പ്രകാശും യുആർ റാവുവും റിപ്പോർട്ടിങ്ങ് ഓഫീസറുടെ ആകമാന മൂല്യനിർണയത്തോട് (overall assessment) വിയോജിച്ച് നമ്പി നാരായണന് കുറഞ്ഞ മാർക്കിട്ടു. “ഉന്നതമായ ലക്ഷ്യബോധവും സമഭാവനയും” ഉള്ളയാളാണെങ്കിലും അല്ലെങ്കിലും നമ്പി നാരായണന് പലപ്പോഴും ലഭിച്ചത് ശരാശരി സ്കോറുകളാണ്.

ശാസ്ത്രസംബന്ധമായ ജോലിക്ക് പുറമേയും ഐഎസ്ആർഒ ചാരക്കേസിന് മുൻപേയുമായി നമ്പി നാരായണനുള്ള പേരും കളങ്കമറ്റതല്ല. നമ്പി നാരായണനും ഡി ശശികുമാരനുമെതിരെ മുൻപ് അഴിമതിയാരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഐഎസ്ആർഒ – ബഹിരാകാശ വകുപ്പ് രേഖകൾ സിബിഐ കൈവശപ്പെടുത്തിയിരുന്നു. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നതിൽ സിബിഐ പരാജയപ്പെട്ടു. 1969 ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയം “സത്യസന്ധതയിൽ സംശയം” ജനിപ്പിക്കുന്നവരും “അസാന്മാർഗിക രീതികൾ” പ്രകടിപ്പിക്കുന്നവരും “ഗുരുതരമായ കൃത്യവിലോപത്തിൽ” ഏർപ്പെടുന്നവരുമായ ഉദ്യോഗസ്ഥരുടെ ഒരു പട്ടിക തയ്യാറാക്കാൻ വേണ്ടി മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകി. ഒരു കോടതിയാലോ വകുപ്പ് നടപടിക്രമങ്ങളാലോ ശിക്ഷിപ്പെട്ടവർ അല്ലെങ്കിൽ എതിരായ വകുപ്പ് തല നടപടികൾ കാത്തിരിക്കുന്നവരേയും ഉൾപ്പെടുത്തുന്നതായിരുന്നു പട്ടിക. ഈ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നമ്പി നാരായണന്റേയും ഡി ശശികുമാരന്റേയും പേരുകൾ പട്ടികയിൽ‌ വന്നെന്ന് അക്കാലത്ത് ബഹിരാകാശ വകുപ്പ് ഡയറക്ടറായിരുന്ന യു ശങ്കർ പറയുന്നു. 1983 ഫെബ്രുവരിയിൽ, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിന്റെ ഭരണത്തലവനും കൺട്രോളറുമായിരുന്ന പി മാധവൻ നായർ, നമ്പി നാരായണനും ശശികുമാരനും എതിരായ വിലയിരുത്തലുകളുമായി ഒരു കത്തെഴുതിയെന്ന് അവർ പറഞ്ഞു. ബഹിരാകാശ വകുപ്പിന് അയച്ച ഈ റിപ്പോർട്ട് കാരവന്റെ കൈവശമുണ്ട്.

നമ്പി നാരായണന്‍ ഐഎസ്ആര്‍ഒയിലെ ഒരു ചടങ്ങിനിടെ

“അയാൾ ഒരു സ്വകാര്യ ബിസിനസ് നടത്തുന്നതിനേക്കുറിച്ച് ഞങ്ങൾക്ക് ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്,” പി മാധവൻ നായർ എഴുതി. “നമ്പി നാരായണന്റെ കണക്കിൽ പെടാത്ത സമ്പത്തിനേക്കുറിച്ചും ഞങ്ങൾക്ക് സംശയമുണ്ട്. വിഷയം ഇപ്പോഴും ഞങ്ങളുടെ വിജിലൻസ് സെല്ലിന്റെ അന്വേഷണത്തിലാണ്.” 1982ൽ ഒരു ആന്തരിക അന്വേഷണം രജിസ്റ്റർ ചെയ്യപ്പെട്ടു, അതിന്റെ ഫലം അടുത്ത പാദവാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.

വകുപ്പ്തല നടപടിക്രമങ്ങൾ പ്രകാരം ഈ പേരുകൾ സിബിഐക്ക് അയച്ചുകൊടുക്കുന്ന ഒരു പട്ടികയിലാണ് അടുത്തതായി ചേർക്കപ്പെടേണ്ടിയിരുന്നത്. പക്ഷെ, 1983 ഏപ്രിൽ 30ന് ബ്യൂറോയ്ക്ക് അയച്ച ലിസ്റ്റിൽ നമ്പി നാരായണന്റേയും ശശികുമാരന്റേയും പേരുകൾ ഉണ്ടായിരുന്നില്ല. “അവർ മാർഗനിർദ്ദേശങ്ങൾക്ക് കീഴിൽ അനുയോജ്യരായി വരുന്നവരല്ല എന്ന കാരണത്താൽ” ബഹിരാകാശ വകുപ്പ് ജോയിന്റ് സെക്രട്ടറി ഇരുവരുടേയും പേര് മായ്ച്ചുകളയാൻ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. പിറ്റേ വർഷം, കൺട്രോളർ സ്ഥാനത്തേക്ക് പി മാധവൻ നായർക്ക് പകരമായി വന്ന രാംനാഥ്, മറ്റൊരു റിപ്പോർട്ടിൽ രണ്ട് ഐഎസ്ആർഒ ഉദ്യോഗസ്ഥരുടേയും “സത്യസന്ധതയിൽ സംശയം” ഉള്ളതായി പ്രസ്താവിക്കുന്നുണ്ട്. എന്നിരിക്കിലും, “കേസുകളൊന്നും സ്ഥിരീകരിക്കപ്പെടാത്തതിനാൽ” 1984 സെപ്റ്റംബർ 21-ാം തീയതിയിലെ പട്ടികയിലും ബഹിരാകാശ വകുപ്പ് അവരുടെ പേര് ഉൾപ്പെടുത്തിയില്ല.

ഗുജറാത്ത് മുൻ ഡിജിപിയായിരുന്ന ആർ ബി ശ്രീകുമാർ, ആ സമയത്ത്, ബഹിരാകാശ കേന്ദ്രത്തിൽ വിന്യസിക്കപ്പെട്ട സിഐഎസ്എഫ് യൂണിറ്റിന്റെ കമാൻഡന്റ് ആന്റ് ഇൻ-ചാർജ് ആയിരുന്നു. സുരക്ഷ നൽകലിന് പുറമേ, കൺട്രോളറോ ഡയറക്ടറോ ജീവനക്കാർക്കെതിരെ എന്തെങ്കിലും പരാതി റിപ്പോർട്ട് ചെയ്താൽ അത് പിന്തുടർന്ന് നടപടിയെടുക്കേണ്ട ചുമതലയും ശ്രീകുമാറിനായിരുന്നു. ഫാബ്രിക്കേഷൻ ജോലിക്ക് പുറംപണികരാർ നൽകാനുള്ള ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നും ചില ജീവനക്കാർ ഒരു സ്വകാര്യ ബിസിനസ് നടത്തുന്നു എന്നുമുള്ള ആരോപണങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ പി മാധവൻ നായർ തന്നോട് ആവശ്യപ്പെട്ടെന്ന് ശ്രീകുമാർ എന്നോട് പറഞ്ഞു.

ആർ ബി ശ്രീകുമാർ

സിഐഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗം മുഖേന താൻ ഒരു അന്വേഷണം നടത്തിയെന്ന് ശ്രീകുമാർ പറയുന്നു. “ലെറ്റർപാഡിൽ മാത്രമുള്ള – നിലവിലില്ലാത്ത സ്ഥാപനങ്ങൾക്ക് കരാറുകൾ നൽകുന്നത് അയാൾ പതിവാക്കിയിരുന്നു. അയാളുടെ ഇഷ്ടക്കാരായ ആളുകൾക്കാണ് ഓർഡർ അനുവദിച്ച് കിട്ടിയിരുന്നത്,” നമ്പി നാരായണനെ പരാമർശിച്ചുകൊണ്ട് ശ്രീകുമാർ പറഞ്ഞു. “ഞങ്ങളിത് കണ്ടുപിടിച്ചു, എന്നിട്ട് ശേഖരിച്ച വിവരങ്ങൾ കൺട്രോളർക്കും അന്ന് ഡയറക്ടറായിരുന്ന വസന്ത് ഗവാരികർക്കും കൈമാറി.” ഈ വിവരങ്ങളെ അടിസ്ഥാനമാക്കി നമ്പി നാരായണനെതിരെ ഒരു വിജിലൻസ് അന്വേഷണം നടന്നതായി ശ്രീകുമാർ കൂട്ടിച്ചേർത്തു, പക്ഷെ അന്വേഷണം തുടർന്ന് മുന്നോട്ട് പോയില്ല.

കുറച്ചു വർഷങ്ങൾക്ക് ശേഷം, 1989ൽ, നമ്പി നാരായണന്റെ പേര് വീണ്ടും വിജിലൻസിന്റെ ലിസ്റ്റിൽ ഇടംപിടിച്ചു.  നമ്പി നാരായണൻ “നിയമനങ്ങൾക്ക് പണം വാങ്ങുകയും ബിനാമി ഇടപാടുകൾ നടത്തുകയും ചെയ്യുന്നു” എന്നാരോപിച്ച് തിരുനെൽവേലി സ്വദേശിയായ ഒരാൾ ഐഎസ്ആർഒയിൽ നൽകിയ പരാതിയേത്തുടർന്നായിരുന്നു ഇത്. എന്നിരിക്കിലും, പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് നമ്പി നാരായണന്റെ പേര് വിജിലൻസ് പട്ടികയിൽ നിന്ന് എടുത്തുകളഞ്ഞെന്ന് ശങ്കർ എഴുതി. പിന്നീടുള്ള വർഷങ്ങളിൽ, ശശികുമാരന്റേയും നമ്പി നാരായണന്റേയും പേരുകൾ വിജിലൻസ് പട്ടികയിൽ വന്നില്ല, പക്ഷെ, വിക്രം സാരാഭായ് സ്പേസ് സെന്റർ “നടന്ന അന്വേഷണങ്ങളേക്കുറിച്ചും എത്തിച്ചേർന്ന ഫലങ്ങളേക്കുറിച്ചും തിരിച്ച് റിപ്പോർട്ട് ചെയ്തില്ല” എന്ന് ശങ്കർ ചൂണ്ടിക്കാട്ടുന്നു.

1995 മെയ് 23ലെ ഒരു കത്തിൽ, ബഹിരാകാശ വകുപ്പിനോട് സിബിഐ ജോയിന്റ് ഡയറക്ടർ, 1980കളിൽ നമ്പി നാരായണനെതിരെ നടന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അന്നത്തെ ബഹിരാകാശ വകുപ്പ് ജോയിന്റ് സെക്രട്ടറി എ സെൻഗുപ്ത ഇപ്രകാരം മറുപടിയെഴുതി, “വിരമിച്ച ഒരു ജഡ്ജി ശ്രീ നമ്പി നാരായണനെതിരെ അന്വേഷണം നടത്തിയതായി ഞങ്ങളുടെ പക്കൽ രേഖകളില്ല.” നമ്പി നാരായണനെതിരായ ആരോപണങ്ങളെ സംബന്ധിച്ച് സെൻഗുപ്ത ഇങ്ങനെകൂടി പറയുന്നു, “ഇവയൊന്നും തന്നെ ഔദ്യോഗികമായ വകുപ്പുതല അന്വേഷണങ്ങളിലേക്ക് എത്തിയില്ലെന്നും കാണാവുന്നതാണ്.” “എന്നിരിക്കിലും, സിബിഐയുടെ തുടരന്വേഷണത്തിന് വേണ്ടി ഒരു വിശാല ചിത്രം നൽകേണ്ടത് അത്യാവശ്യമാണ്,” സെൻഗുപ്ത കൂട്ടിച്ചേർത്തു.

ചാരക്കേസ്, ഐഎസ്ആർഒയെ ബഹിരാകാശ മത്സരത്തിൽ 15 വർഷം പുറകോട്ട് കൊണ്ടുപോയെന്ന് നമ്പി നാരായണൻ തന്റെ അഭിമുഖങ്ങളിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഐഎസ്ആർഒയിൽ പദവിയിൽ നിന്നും പദവിയിലേക്ക് തുടർച്ചയായി ഉയർന്നുവരികയായിരുന്ന മനുഷ്യൻ, രാജ്യത്തിന് വേണ്ടി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായുള്ള സഹായത്തിന്റെ വക്കിൽ നിൽക്കവെ വലിയ കുഴപ്പത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ശാസ്ത്രജ്ഞൻ എന്നിങ്ങനെയാണ് നമ്പി നാരായണൻ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഒരു ഗൂഢാലോചനയുടെ നിർഭാഗ്യവാനായ ഇരയായാണ് ഭൂരിഭാഗം മാധ്യമ റിപ്പോർട്ടുകളും നമ്പി നാരായണനെ നിരന്തരം വിശേഷിപ്പിച്ചത്. 2020 ജനുവരിയിൽ ബിബിസി വെബ്സൈറ്റ് “നമ്പി നാരായണൻ: ഒരു റോക്കറ്റ് സയന്റിസ്റ്റിന്റെ കരിയർ ഇല്ലാതാക്കിയ വ്യാജ ചാര ആരോപണം” എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

Also Read: ‘ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജിക്കും രമൺ ശ്രീവാസ്തവയുടെ ഭാര്യക്കും നമ്പി നാരായണൻ ഭൂമി കൈമാറി’; ഹൈക്കോടതിയിൽ രേഖകളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ

ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് അത്രയും ഭീമമായൊരു നഷ്ടം വരുത്തിവെയ്ക്കുകയും അത് വഴി രാജ്യ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തവരെ ശിക്ഷിക്കാൻ വേണ്ടിയാണ് താൻ നിയമപോരാട്ടം നടത്തുന്നതെന്ന് നമ്പി നാരായണൻ വാദിച്ചു. തന്റെ അറസ്റ്റിന് മുൻപ് നമ്പി നാരായണൻ സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചെന്ന വിവരം ചർച്ചയാകാതെ ഉപേക്ഷിക്കപ്പെട്ടു പോയി.

മാത്രമല്ല, ചാരക്കേസ് ആരോപണം ഐഎസ്ആർഒയുടെ പ്രവർത്തനത്തിൽ വലിയ ആഘാതമൊന്നുമുണ്ടാക്കിയില്ലെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ അസോസിയേറ്റ് ഡയറക്ടർ ആർ അറവാമുദൻ പറയുന്നു. 2017ൽ പുറത്തിറങ്ങിയ ‘ഐഎസ്ആർഒ: എ പേഴ്സണൽ ഹിസ്റ്ററി’ എന്ന തന്റെ പുസ്തകത്തിൽ ഐഎസ്ആർഒയുടെ ജിഎസ്എൽവി പ്രൊജക്ടിലും ക്രയോജനിക് പദ്ധതിയിലും ചാരവൃത്തി ആരോപണമുണ്ടാക്കിയ പ്രഭാവത്തേക്കുറിച്ച് ചർച്ചചെയ്തുകൊണ്ട് അറവാമുദൻ  ഇങ്ങനെ എഴുതി, “പ്രതികൂലമായ ഒരുപാട് മാധ്യമ വാർത്തകൾ മുഖേന തീവ്രമായൊരു ഞെട്ടലിലൂടെ ഐഎസ്ആർഒയും അങ്ങേയറ്റം ദുരിതത്തിലൂടെ നമ്പിയും കടന്നുപോയെങ്കിലും, വിഷയം ഗൗരവമായി ഞങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചില്ല എന്നതാണ് ഈ കുഴപ്പങ്ങളിൽ നിന്നെല്ലാം വീണ്ടെടുക്കാവുന്ന ഒരു കഥാചിത്രം. ഈ ആരോപണത്തേക്കാൾ കൂടുതലായി നമ്മുടെ ക്രയോജനിക് എഞ്ചിൻ പദ്ധതിയെ ബാധിച്ചത് സോവിയറ്റ് യൂണിയന്റെ തകർച്ച മൂലമുണ്ടായ കുഴപ്പങ്ങളാണ്.”

ആര്‍ അറവാമുദന്‍

നമ്പി നാരായണനെ വിളിക്കാനും കാണാനും ഞാൻ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം ലഭ്യമാകാതെ തുടർന്നു. വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കി അദ്ദേഹത്തിന് ഇ മെയിൽ അയച്ചെങ്കിലും നമ്പി നാരായണനിൽ നിന്ന് ഒരു മറുപടി കിട്ടിയില്ല.

തുടരും…

(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്‌)

Also Read: ബഹിരാകാശ രഹസ്യങ്ങള്‍: ഇന്ത്യയിലെ ഏറ്റവും വലിയ ചാരക്കേസ് സിബിഐ ഇല്ലാതാക്കിയത് എങ്ങനെ?

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരള രാഷ്ട്രീയത്തേയും മലയാള മാധ്യമരംഗത്തേയും ഐഎസ്ആര്‍ഒ ചാരക്കേസിനോളം ഇളക്കിമറിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ പൊലീസ്-ഐബി ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയതോടെ ചാരക്കേസ് ചര്‍ച്ചകളുടെ പുതിയൊരു ഘട്ടം ആരംഭിച്ചുകഴിഞ്ഞു. നിഗൂഢതകള്‍ അവശേഷിക്കുന്നതിനിടെ കാരവന്‍ ലേഖിക നിലീന എംഎസ് തയ്യാറാക്കിയ വാര്‍ത്താ റിപ്പോര്‍ട്ട് സിബിഐ എങ്ങനെയാണ് കേസ് അട്ടിമറിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. ചാരക്കേസിനേക്കുറിച്ച് ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും സമഗ്രമായ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് ന്യൂസ്‌റപ്റ്റ് മലയാളത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. ആദ്യ ചാപ്റ്റർ വായിക്കാം.

Also Read: ‘നമ്പി നാരായണന്‍ ഒരു കള്ളനാണ്’; കൂട്ടുപ്രതിയായിരുന്ന ഡി ശശികുമാരന്‍ പറയുന്നു; ചാരക്കേസ് അന്വേഷണ റിപ്പോര്‍ട്ട് രണ്ടാം ഭാഗം

Also Read: സിബിഐ അന്വേഷിക്കാതിരുന്ന ‘രഹസ്യ കൈമാറ്റങ്ങൾ’, സംശയിക്കാതെ വിട്ട നമ്പി നാരായണന്റെ 45,498 രൂപയുടെ ടെലിഫോൺ ബിൽ; കാരവൻ – ചാരക്കേസ് അന്വേഷണ റിപ്പോർട്ട് നാലാം ഭാ​ഗം