‘പ്രവര്‍ത്തിക്കുകയല്ലാതെ ഇനി മാര്‍ഗമില്ല’; ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് പൃഥ്വിരാജ്; ‘നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണം’

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളില്‍ പ്രതിഷേധം ശക്തമാകവേ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. കേന്ദ്ര സര്‍ക്കാര്‍ ദ്വീപിലുള്ളവരെ കുടിയൊഴിപ്പിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരവേയാണ് നടന്റെ പ്രതികരണം. കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലുള്ളവര്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവെയ്ക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു.

ജനങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളാല്‍ ഒരു സമൂഹം മുഴുവന്‍ ദുരിതത്തിലാകുമ്പോള്‍ പ്രവര്‍ത്തിക്കുക അല്ലാതെ മാര്‍ഗമില്ല.

പൃഥ്വിരാജ്

പൃഥ്വിരാജ് പറഞ്ഞത്

“കുറച്ചു ദിവസങ്ങളായി ദ്വീപുകളിലെ അറിയുന്നവരും അറിയാത്തവരില്‍ നിന്നുമായി ആശങ്കാജനകമായ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്നത് എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അത്. ഞാന്‍ ദ്വീപ് ഭരണാധികാരികള്‍ നടപ്പിലാക്കുന്ന വിചിത്രമായ പരിഷ്‌കാരങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതെല്ലാം ഇതിനോടകം നിങ്ങളില്‍ എത്തിയിട്ടുണ്ടെന്നറിയാം. പക്ഷെ, എനിക്കറിയാവുന്നു ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അറിയുന്ന ദ്വീപ് നിവാസികള്‍ ആരും അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരില്‍ ആരും അവിടെ ഇപ്പോള്‍ സംഭവിക്കുന്നതില്‍ ഒട്ടും സന്തുഷ്ടരല്ല. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകും? വളരെ മൃദുലമായ ഒരു ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സുസ്ഥിര വികസനമാകുന്നതെങ്ങനെ. എനിക്ക് വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ട്. ജനങ്ങളിലുള്ള വിശ്വാസം അതിലും ഏറെയാണ്. ജനങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളാള്‍ ഒരു സമൂഹം മുഴുവന്‍ ദുരിതത്തിലാകുമ്പോള്‍ പ്രവര്‍ത്തിക്കുക അല്ലാതെ മാര്‍ഗമില്ല. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ നാടിന് എന്താണ് നല്ലതെന്ന കാര്യം അവര്‍ക്കറിയാമെന്ന് തിരിച്ചറിയൂ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണത്. അതിനേക്കാള്‍ നല്ല മനുഷ്യരുള്ള ഇടവും.”

Also Read: ലക്ഷദ്വീപില്‍ നടക്കുന്നതെന്ത്? നൂറ് ശതമാനം മുസ്ലിങ്ങളുള്ള ദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ അജണ്ട അക്കമിട്ട് വിശദീകരിച്ച് വിടി ബല്‍റാം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെ നിയമിച്ചതിലുള്ള പ്രതിഷേധം കനക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ചില അജണ്ടകളുടെ ഭാഗമാണ് ഈ നിയമനമെന്നും ബിജെപി സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പറഞ്ഞു. ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ നിയമനത്തിന് പിന്നാലെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് വിവരിത്താണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്‌ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

 1. ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലായി.
 2. സര്‍ക്കാര്‍ സര്‍വ്വീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.
 3. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ സര്‍ക്കാര്‍ സര്‍വ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികള്‍. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകള്‍ എല്ലാം പൊളിച്ചുമാറ്റി.
 4. ഈയടുത്ത കാലം വരെ ഒരാള്‍ക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ തോന്നിയപോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60% ത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപില്‍ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
 5. മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതികൊടുത്തു. തദ്ദേശവാസികളുടെ സാംസ്‌ക്കാരിക സെന്‍സിറ്റിവിറ്റികളോട് പൂര്‍ണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.
 6. ബീഫ് നിരോധനം നടത്തി തീന്‍മേശയിലും കൈകടത്തി.
 7. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗന്‍വാടികള്‍ അടച്ചുപൂട്ടി
 8. CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് എടുത്തു മാറ്റി.
 9. ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപില്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.
 10. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്.
 11. ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതല്‍ ചരക്കുനീക്കവും മറ്റും മുഴുവന്‍ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിര്‍ബന്ധിയ്ക്കാനും തുടങ്ങി.
 12. ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി!

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപില്‍ അടിച്ചേല്‍പ്പിച്ച നടപടികളില്‍ ചിലത് മാത്രമാണിത്. ദീര്‍ഘമായ ആസൂത്രണത്തോടെ, വംശീയ അപരവല്‍ക്കരണത്തിനായുള്ള ഒരു സംഘപരിവാര്‍ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പന്‍ ടൂറിസം പദ്ധതികള്‍ക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരിലും അങ്ങനെയൊരു ലക്ഷ്യം ഭരണ വര്‍ഗ്ഗത്തിനുണ്ടായിരുന്നുവല്ലോ.