ഹോളിവുഡില്‍ നിന്നുള്ള വിളിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് സ്ക്വിഡ് ഗെയിമിലൂടെ ശ്രദ്ധേയനായ ലീ ജങ് ജേ. ഇതുവരെ അവസരങ്ങളുമായി ആരും സമീപിച്ചിട്ടില്ലെന്ന് ലീ പറഞ്ഞു. നല്ലൊരു അവസരം വന്നാല്‍ പുറത്തുപോയി അത് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. രസകരമായിരിക്കുമത്. തുടക്കത്തില്‍ സ്ക്വിഡ് ഗെയിമിന്റെ ഭാഗമായ സമയത്ത് സീരീസ് ഇത്ര വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടന് പ്രതികരിച്ചു.
പക്ഷെ, സ്ക്രിപ്റ്റ് വായിച്ച സമയത്ത് എല്ലാവരേയും കണക്ട് ചെയ്യിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ടെന്നും കൊറിയക്ക് പുറത്ത് സ്വീകരിക്കപ്പെടുമെന്നും എനിക്ക് മനസ്സിലായി.
ലീ ജങ് ജേ
തിരക്കഥാകൃത്തും സംവിധായകനുമായ ഹ്വാങ് ഡോങ് ഹ്യൂക്കിന്റെ ട്രാക്ക് റെക്കോര്‍ഡും തന്നെ ആകര്‍ഷിച്ചെന്ന് ലീ പറഞ്ഞു. കഥാപാത്രങ്ങളുടെ അഭിനയ ഭാഗങ്ങളേക്കുറിച്ചും മാനസികാവസ്ഥയേക്കുറിച്ചും വിശദമാക്കിത്തരുന്നതിലാണ് ഹ്വാങ്ങിന്റെ വിജയം. ദു:ഖം വ്യത്യസ്ത തരത്തിലുള്ള മുഖമണിയാറുണ്ട്. സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങളുടെ പലവിധ ദു:ഖാവസ്ഥകള് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ അനുഭവപ്പെടുന്നു. കഥാപാത്രങ്ങളെ നിര്മ്മിച്ചുകൊണ്ടുവരുന്നതിലെ സംവിധായകന്റെ സാമര്‍ത്ഥ്യമാണ് കഥാപാത്രങ്ങളുടെ തീരുമാനങ്ങളെ വിശ്വസനീയമാക്കുന്നത്. അതുകൊണ്ടാണ് പ്രേക്ഷകര്‍ ഷോയുടെ ക്ലൈമാക്സ് ഏറ്റെടുക്കുന്നതെന്നും ലീ പറയുന്നു.

നടനെന്ന രീതിയില്‍ തന്നില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. പക്ഷെ, ജി ഹന്നിന്റെ കഥാപാത്രത്തിന് ഷോയില്‍ കാലക്രമേണ മാറ്റങ്ങള്‍ വരുന്നുണ്ട്. അത് ഒരു വര്‍ണരാജിയാണ്. ഏത് നടനും കരിയറില്‍ ഒരിക്കലെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന തരം റോളാണിത്. ഇത്രയും റെയ്ഞ്ചുള്ള കഥാപാത്രത്തെ ആദ്യമായാണ് അവതരിപ്പിക്കുന്നത്. സിനിമയായാലും സീരീസ് ആയാലും തിരക്കഥ ചേരുന്നുണ്ടോ, അത് ആസ്വാദ്യകരവും പിടിച്ചിരുത്തുന്നതുമാണോയെന്നതിലാണ് കാര്യം. സീരീസുകള്‍ ദൈര്ഘ്യമേറിയവയായതുകൊണ്ട് ഒരു കഥാപാത്രത്തെ വികസിപ്പിച്ചെടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. നടനെന്ന രീതിയില്‍ ഞാന്‍ കൂടുതല്‍ സീരീസുകള്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യണമെന്ന് തോന്നുന്നു. റെസ്റ്റോറന്റുകള്‍, റിയല്‍ എസ്റ്റേറ്റ്, ഇന്റീരിയര്‍ ഡിസൈന്‍ എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ നടത്തി വിജയിച്ച ലീ താന്‍ ഇനി മുതല്‍ അഭിനയ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വ്യക്തമാക്കി.
നാല്പത് വയസായതിന് ശേഷം എന്റെ കായിക ശേഷി കുറയുന്നതായി എനിക്ക് തോന്നി. അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിവുണ്ടായി.
ലീ ജങ് ജേ
ഇപ്പോള്‍ പ്രായം 50നോടടുക്കുന്നു. എനിക്ക് ഇപ്പോഴത് കൂടുതല്‍ അനുഭവപ്പെടുന്നു. ഒരു സമയത്ത് ഒരു ജോലിയെ ചെയ്യൂ എന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നിലവില്‍ രാജ്യത്തിന് പുറത്തുപോയി ഒരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ താല്പര്യമില്ല. പക്ഷെ, നല്ലൊരവസരം വന്നാല്‍ സ്വീകരിക്കുമെന്നും ലീ കൂട്ടിച്ചേര്‍ത്തു.

20 വര്‍ഷമായി കൊറിയന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്ന ലീയുടെ ആദ്യ ഇന്റര്‍നാഷണല്‍ ബ്രേക്ക് ആണ് സ്ക്വിഡ് ഗെയിം. പ്രത്യേക ഷേഡുള്ള കഥാപാത്രങ്ങളില്‍ ടൈപ് ചെയ്യപ്പെടാതിരിക്കാന്‍ ഇഷ്ടപ്പെടുന്ന നടന് കാമുകനായും കൊലപാതകിയായും ഒറ്റുകാരനായും സ്ക്രീനിലെത്തിയിട്ടുണ്ട്. ‘ഇല് മെയര്‍’, ‘ദ ഹൗസ് മെയ്ഡ്’, ‘ന്യൂ വേള്‍ഡ്’, ‘ഡെലിവര്‍ അസ് ഫ്രം എവിള്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദക്ഷിണ കൊറിയന്‍ സര്‍വൈവല്‍ ത്രില്ലറായ സ്ക്വിഡ്ഗെയിം പുറത്തിറങ്ങി ആദ്യ ആഴ്ച്ചകളില്‍ തന്നെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 94 രാജ്യങ്ങളില്‍ നെറ്റ്ഫ്ളിക്സിലെ ഏറ്റവും കാഴ്ച്ചക്കാരെ നേടിയ ഷോയായി സ്ക്വിഡ് ഗെയിം മാറി. സാമ്പത്തിക വെല്ലുവിളികള്‍ കൊണ്ട് ജീവിതം വഴിമുട്ടിയവര്‍ ജീവന് പണയം വെച്ച് പണത്തിന് വേണ്ടി അപകടകരമായ ഗെയിമുകള്‍ കളിക്കാന്‍ നിര്ബന്ധിതരാകുന്നതാണ് ഷോയുടെ പ്രമേയം. സ്ക്വിഡ് ഗെയിം രണ്ടാം സീസണ് ഉണ്ടാകുമോയെന്ന് നെറ്റ്ഫ്ളിക്സ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.