‘രാഷ്ട്രീയം തോല്‍ക്കാന്‍ കൂടിയുള്ളതാണ്’; തിരുത്തലുകള്‍ക്ക് ഗുണം ചെയ്യുമെന്ന് കെ എം ഷാജി

അഴീക്കോട് മണ്ഡലത്തിലെ തോല്‍വി ഗുണകരമാക്കി മാറ്റുമെന്ന് ലീഗ് നേതാവ് കെ എം ഷാജി. ആഴീക്കോട്ടെ വോട്ടര്‍മാര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഷാജിയുടെ പ്രതികരണം. ഇത്തവണ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാന്‍ മാത്രമുള്ളതല്ല തോല്‍ക്കാന്‍ കൂടി ഉള്ളതാണെന്നും ഷാജി പറഞ്ഞു.

ജനാധിപത്യത്തില്‍ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം, സ്വയം വിമര്‍ശനങ്ങള്‍ക്ക്, തിരുത്തലുകള്‍ക്ക്, കൂടുതല്‍ കരുത്തോടെയുള്ള തിരിച്ച് വരവിന്. അങ്ങനെ ഒരു പാട് കാര്യങ്ങള്‍ക്ക്.

കെ എം ഷാജി

ഭാഷയിലും ശബ്ദത്തിലും മൂര്‍ച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളില്‍ കയറിക്കൂടിയതിനാലാണ്. ഒന്നും വ്യക്തിപരമായിട്ടായിരുന്നില്ല. ആരെങ്കിലും അതേ ശൈലിയില്‍ തിരിച്ചടിച്ചാല്‍ അതും വ്യക്തിപരമായി എടുക്കാറില്ല. നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഭരണാധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ പ്രഥമ കര്‍ത്തവ്യമാണല്ലോ. അത് ഇനിയും തുടരും. ഒരു ജനാധിപത്യ ഗവണ്‍മന്റ് എന്ന നിലക്ക് പുതിയ സര്‍ക്കാര്‍ അവ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാജി പ്രതികരിച്ചു.

കെ എം ഷാജിയുടെ കുറിപ്പ്

“അഴീക്കോടിലെ ജനങ്ങള്‍ക്ക് നന്ദി

കൂടെ നിന്ന് രാപകലില്ലാതെ അദ്ധ്വാനിച്ച യു ഡി എഫിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. എന്റെ തെരഞ്ഞെടുപ്പ് ജയത്തിനായി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്ത സഹോദരീ സഹോദരങ്ങള്‍ക്കും നന്ദി. 2011 ല്‍ ആയിരുന്നു നിങ്ങള്‍ എന്നെ ആദ്യമായി തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചത്. നീണ്ട 10 വര്‍ഷം നിങ്ങളുടെ പ്രതിനിധിയായി സഭയിലിരിക്കാന്‍ അവസരം ലഭിച്ചു. ഈ കാലയളവില്‍ അഴീക്കോട് മണ്ഢലത്തില്‍ നടത്തിയ വികസന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ എന്റെ കടമ നിര്‍വ്വഹിക്കനായിട്ടുണ്ടോ എന്ന് വ്യക്തമാവും.

ഇത്തവണ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാന്‍ മാത്രമുള്ളതല്ല തോല്‍ക്കാന്‍ കൂടി ഉള്ളതാണ്. ജനാധിപത്യത്തില്‍ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമര്‍ശനങ്ങള്‍ക്ക്, തിരുത്തലുകള്‍ക്ക്, കൂടുതല്‍ കരുത്തോടെയുള്ള തിരിച്ച് വരവിനു. അങ്ങനെ ഒരു പാട് കാര്യങ്ങള്‍ക്ക്.

ഇനിയെന്ത് എന്ന ചോദ്യവുമായി സ്‌നേഹ ജനങ്ങള്‍ വിളിച്ചു കൊണ്ടിരിക്കുന്നു. അവരുടെ സങ്കടങ്ങളും ആശങ്കകളും പങ്കു വെക്കുന്നു. അതിനേക്കാള്‍ ഏറെ വലിയ നേട്ടം ഈ പൊതുപ്രവര്‍ത്തന കാലത്ത് മറ്റൊന്നുണ്ടോ? നിങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാധിത്തം പരമാവധി നേരാം വണ്ണം നിര്‍വ്വഹിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്ന ഇടങ്ങളെ സക്രിയമാക്കലാണു ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ ബാധ്യത. ആ കടമ നിര്‍വ്വഹിക്കുമ്പോള്‍ ഒരു നല്ല പ്രതിപക്ഷമാവാന്‍ ശ്രമിച്ചിട്ടുണ്ട്. അത് നമ്മുടെ നാടിനു വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയുമായിരുന്നു. ഭാഷയിലും ശബ്ദത്തിലും മൂര്‍ച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളില്‍ കയറിക്കൂടിയതിനാലാണ്. ഒന്നും വ്യക്തിപരമായിട്ടായിരുന്നില്ല. ആരെങ്കിലും അതേ ശൈലിയില്‍ തിരിച്ചടിച്ചാല്‍ അതും വ്യക്തിപരമായി എടുക്കാറില്ല. നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഭരണാധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ പ്രഥമ കര്‍ത്തവ്യമാണല്ലോ; അത് ഇനിയും തുടരും. ഒരു ജനാധിപത്യ ഗവണ്‍മന്റ് എന്ന നിലക്ക് പുതിയ സര്‍ക്കാര്‍ അവ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനു തുടര്‍ഭരണം നല്‍കിയിരിക്കുന്നു. അതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത് നല്ലതാവും. പുതിയ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണയുണ്ടാവും. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് സംഘടനാ പരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും.

പൊതു ജീവിതത്തില്‍ ജനപ്രതിനിധി ആയതിനേക്കാള്‍ ഏറെ കാലം പാര്‍ട്ടി പ്രവര്‍ത്തകനായിട്ടാണു നിലനിന്നിട്ടുള്ളത്. ഇനിയും അങ്ങനെ മുന്നോട്ട് പോകുന്നത് സന്തോഷമുള്ള കാര്യമാണ്. എപ്പോഴും പറയാറുള്ളത് പോലെ ജയം കൊണ്ട് എല്ലാം നേടുകയോ തോല്‍വി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ലല്ലോ. എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നമ്മളൊരുമിച്ച് തന്നെ ഉണ്ടാകും ഇനിയും. നന്ദി! പത്തുവര്‍ഷം ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തി സ്‌നേഹിച്ച, ഇപ്പോള്‍ ആശ്വാസ വാക്കുകള്‍ കൊണ്ട് കൂടെ നില്‍ക്കുന്ന, എല്ലാ അഴീക്കോട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി”