മികച്ച പ്രതികരണങ്ങളുമായി ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ് റോജിന്‍ തോമസ് ചിത്രം ഹോം. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ രാഷ്ട്രീയവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഫീല്‍ ഗുഡ് മൂവിയെന്ന പേരില്‍ ലിംഗനീതിക്ക് വിരുദ്ധമായ പലതും ചിത്രത്തിലൂടെ ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്ന വിമര്‍ശനമുയര്‍ന്നു. കാലുവയ്യാത്ത അമ്മയെ (മഞ്ജു പിള്ള) രണ്ടാം നില വരെ നടത്തിച്ച് റൂം വൃത്തിയാക്കിക്കുന്നതുള്പ്പെടെ, തീരെ ചെറിയ കാര്യങ്ങള്‍ക്കുപോലും ആശ്രയിക്കുന്ന ആണ്മക്കളും ഭാര്യ നേഴ്സായതുകൊണ്ട് മറവിരോഗം ബാധിച്ച പിതാവിന് ഹോംനേഴ്സിനെ വെക്കേണ്ടി വന്നില്ലെന്ന് പറയുന്ന ഗൃഹനാഥനും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി’ലെ സുരാജ് കഥാപാത്രത്തിന്റെ വ്യത്യസ്ത പതിപ്പുകളാണെന്നുവരെ വായനകളുണ്ടായി. ‘വീട്ടിലെപ്പോഴും ഇംപെര്‍ഫെക്ട്’ ആകുന്നത് സ്ത്രീകളുടെ അധ്വാനത്തിലാണെന്നും വിലയിരുത്തലുകള്‍ വന്നു.
ചിത്രത്തിന്റെ രാഷ്ട്രീയത്തേക്കുറിച്ച് ചര്‍ച്ചകളും വിമര്‍ശനങ്ങളും തുടരവെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ‘കക്ഷി അമ്മിണിപ്പിള്ള’ ഫെയിം നടി ഫറാ ഷിബില. കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഫെമിനിസ്റ്റ് തീവ്രവാദികളാണെന്ന് ഷിബില പറയുന്നു. സിനിമയാണ് ഫെമിനിസ്റ്റ് തീവ്രവാദികളുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ പൊളിറ്റിക്കലി കറക്ട് ആവുന്നതിനും മുമ്പ് ആ സിനിമ എന്‍ഗേജിങ്ങും എന്റര്ടെയ്നിങ്ങും ആകണം. സിനിമ പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും പൊളിറ്റിക്കലി റോങ്ങ് ആവരുതെന്നാണ് എന്റെ പക്ഷം. ഇപ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നസ് പേടിച്ച് ക്രിയേറ്റര്‍മാര്‍ മാളത്തില്‍ ഒളിക്കേണ്ട അവസ്ഥയാണ്. ഒരു സിനിമ പറയാന്‍ ഉദേശിക്കുന്നത് എന്താണെന്ന് പോലും ഇക്കൂട്ടര്‍ക്ക് നോട്ടമില്ലെന്നും നടി വിമര്‍ശിച്ചു.
അപ്പന്റെ മൂത്രം തുടക്കുന്ന മകനും ഫ്രിഡ്ജ് ഒതുക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവും വരെ നമ്മള് എത്തി. കുറച്ച് സമയം കൊടുക്കെന്നെ.
ഷിബില

നാലാം ക്ലാസ്സുവരെ പഠിച്ച അമ്മൂമ്മയും പത്താം ക്ലാസുകാരി അമ്മയുമാണ് താന്‍ ഇന്നു വരെ കണ്ടതില്‍ വച്ച് ഏറ്റവും ശാക്തീകരിക്കപ്പെട്ടവരായ സ്ത്രീ രത്നങ്ങള്‍. ശാക്തീകരണം ഉച്ചത്തിലാകണമെന്നില്ല. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നതും ഭര്‍ത്താവിനെ ബോസ് ചെയ്യുന്നതും ശാക്തീകരണത്തിന്റെ അളവുകോലല്ല. ഒരുതരം റോള്‍ കൈമാറ്റമാണ് ഫെമിനിസം എന്നാണ് മിക്കവാറും ധരിച്ചു വെച്ചിരിക്കുന്നത്. ഇതുവരെ സ്ത്രീകള്‍ അനുഭവിച്ചത് ഇനി പുരുഷന്മാര് അനുഭവിക്കട്ടെ എന്നൊരു ഭാവം. കുട്ടിയമ്മ ഒരു ശാക്തീകരിക്കപ്പെട്ട സ്ത്രീ ആണ്. ആവശ്യത്തിന് ശബ്ദമുയര്‍ത്തുകയും ആവശ്യത്തിന് സഹാനുഭാവവും ഉള്ള സ്ത്രീ. പൊളിറ്റിക്കല്‍ കറക്ട്നസിനു വേണ്ടി മാത്രം സിനിമയെടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ തള്ളിവിടരുത്. വളരെ ഫോഴ്സ്ഡ് ആയ ഒട്ടും ജൈവികമല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക. പ്രിയദര്ശന് സിനിമകള്‍ നോക്കുക. എന്‍ഗേജിങ്ങും എന്റര്ടെയ്നിങ്ങും ആയ സിനിമകള്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള് ആഘോഷിക്കുന്നു. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്. ഭര്‍ത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും ബോഡി ഷെയ്മിങ്ങ് നടത്തിയിട്ടും ഭര്‍ത്താവിന്റെ പുറകെ പോയി എന്ന ചീത്തപ്പേര് ഞാന്‍ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ളയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. കാന്തിക്ക് പകരം ഞാന്‍ ആയിരുന്നെങ്കില്‍ ‘പോടാ പുല്ലേ’ എന്ന് തന്നെ പറയുമായിരുന്നു. താന്‍ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താല്‍ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേയെന്നും ഷിബില ചോദിക്കുന്നു.