‘ഞാന്‍ ഒറ്റയ്ക്കല്ല നയിച്ചത്, ഇങ്ങനെയൊരു അഭിപ്രായ പ്രകടനത്തിന്റെ കാര്യമില്ല’; കെ കെ ശൈലജ

പുതിയ മന്ത്രിസഭയില്‍ ഇടം നല്‍കാത്തതിനേച്ചൊല്ലി സിപിഐഎമ്മിനെതിരെ വിമര്‍ശനം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ കെ ശൈലജ. ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമുണ്ടെന്ന കാര്യം സന്തോഷമുണ്ടാക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്‌നേഹമുണ്ട്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ശൈലജ പ്രതികരിച്ചു.

ഏത് പ്രശ്നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും.

കെ കെ ശൈലജ

കെ കെ ശൈലജ പറഞ്ഞത്

“ഞാന്‍ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്‍മാര്‍, നാട്ടുകാര്‍, എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. പാര്‍ട്ടി എന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേര്‍ന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്.

ഏത് പ്രശ്നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്നേഹത്തിന്റെ എന്റെ നന്ദി.”

Also Read: എന്താ പെണ്ണിന് കുഴപ്പമെന്ന് സിതാര; ഗൗരിയമ്മയ്‌ക്കൊപ്പം ശൈലജ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗീതു മോഹന്‍ദാസും റിമയും; തരംതാഴ്ത്തുന്നോയെന്ന് പാര്‍വ്വതി