‘എനിക്കമ്മയെ കാണണം’; ‘ഹോം’ അനുഭവം പങ്കുവെച്ച് രഘുനാഥ് പലേരി; ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ തിരക്കഥയെഴുതാന്‍ കാരണം അമ്മ’

സാങ്കേതികത്തികവുകൊണ്ടും ആവിഷ്‌കാര ഭംഗി കൊണ്ടും ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി തുടരുന്ന ചിത്രമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. 1984ല്‍ പുറത്തിറങ്ങിയ ആദ്യ ഇന്ത്യന്‍ ത്രിമാനചിത്രം മലയാള ഫിലിം ഇന്‍ഡസ്ട്രിക്ക് നല്‍കിയ ഖ്യാതി ചെറുതല്ല. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത കുട്ടിച്ചാത്തന്‍ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും കരസ്ഥമാക്കി. രഘുനാഥ് പലേരിയാണ് കുട്ടിച്ചാത്തന്റെ മായിക ലോകവും മാന്ത്രികതയും നിറഞ്ഞ ഒരു കഥ സിനിമക്ക് വേണ്ടി എഴുതിയത്. ചിത്രം പുറത്തിറങ്ങി 37 വര്‍ഷം പിന്നിടുമ്പോള്‍ കുട്ടിച്ചാത്തന്റെ കഥ എഴുതിയതിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ രഘുനാഥ് പലേരി പങ്കുവെച്ചു. തന്റെ അമ്മയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തിരക്കഥ യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് മുതിര്‍ന്ന തിരക്കഥാകൃത്ത് പറയുന്നു.

ത്രിമാന ചിത്രത്തിന് തിരക്കഥ എഴുതാന്‍ എന്നോടാവശ്യപ്പെട്ടത് അമ്മയാണ്. അതുവരെ എഴുതുന്ന കഥകളെല്ലാം വായിക്കുന്നതല്ലാതെ ഒന്നും എഴുതാന്‍ പറയാത്ത അമ്മ, വാത്സല്യത്തോടെ ദേഹം തടവി, ചേര്‍ത്തു പിടിച്ച് എന്തിനെന്നോട് അങ്ങിനെ പറഞ്ഞുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

രഘുനാഥ് പലേരി

നടക്കാതെ പോയ സിബിയുടെ (സിബി മലയില്‍) സിനിമ ഓര്‍ത്തിട്ടാണോ, പലരും ശ്രമിച്ചിട്ടും ത്രിമാന ചിത്രം കിട്ടാതെ നില്‍ക്കുന്ന ജിജോയുടെ ഉള്‍വേദന അറിഞ്ഞിട്ടാണോ എന്തോ, അമ്മയാണ് എന്നോട് ജിജോയുടെ ആഗ്രഹം നിവര്‍ത്തിച്ചുകൊടുത്തൂടെ എന്നു ചോദിച്ചത്. അങ്ങിനെയാണ് മദിരാശിയിലെ ഹോട്ടല്‍ മുറിയില്‍ അടുത്ത ദിവസം ജിജോക്ക് മുന്നില്‍ ഞാനെത്തുന്നതും വൈകുന്നേരത്തിനുള്ളില്‍ കഥയുടെ പൂര്‍ണ്ണരൂപം പൂര്‍ത്തിയാകുന്നതും പപ്പയെ വിളിച്ച് ജിജോ ചിത്രീകരണ മാസം നിശ്ചയിക്കുന്നതും. പിന്നീടൊരു വെടിക്കെട്ടായിരുന്നു. ത്രില്ലായിരുന്നു. ജിജോയും ശേഖറുമൊത്തുള്ള (എഡിറ്റര്‍ ടി ആര്‍ ശേഖര്‍) ഉത്സവ ദിവസങ്ങളായിരുന്നു.

തിരക്കഥ പൂര്‍ത്തിയാക്കി വായിച്ചു നല്‍കി ഓടി രക്ഷപ്പെടാന്‍ ജിജോ എന്നെ സമ്മതിച്ചില്ല. ചിത്രീകരണത്തിന് ഒപ്പം നില്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ചിത്രീകരണം നടക്കവേ ഒരിക്കല്‍ കഠിനമായൊരു ഒറ്റപ്പെടല്‍ എന്നിലുണ്ടായി. എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നൊരു ചിന്ത എന്നെ പൊതിഞ്ഞു നിന്നു. ജിജോയോട് ഞാന്‍ തുറന്നു പറഞ്ഞു. ”എനിക്കമ്മയെ കാണണം.” മൂന്ന് ദിവസം അവധിയെടുത്ത് വീട്ടില്‍ ചെന്ന എനിക്ക് ആദ്യം കയ്യില്‍ കിട്ടിയത് നവോദയിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റാണ്. ടിക്കറ്റിനൊപ്പം അമ്മ തന്നത്, ആ വര്‍ഷത്തെ മനോരമ വാര്‍ഷിക പതിപ്പിലേക്ക് ഒരു ചെറുനോവല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ശ്രീ മണര്‍കാട് മാത്യു സാറിന്റെ ഒരെഴുത്തും. മനസ് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ ചിത്രീകരണത്തിലായിരുന്നതിനാല്‍ നോവലെഴുതാന്‍ താല്‍പര്യമില്ലായിരുന്നെന്നും ജിജോയുടെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധം മൂലമാണ് ‘ആകാശത്തേക്കൊരു ജാലകം’ എഴുതിയതെന്നും പലേരി പറയുന്നു. ജിജോയ്ക്ക് വേണ്ടി മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എഴുതാന്‍ നിര്‍ബന്ധിച്ചത് അമ്മയാണെങ്കില്‍ ജിജോ കാരണമാണ് താന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായ ‘ഒന്നു മുതല്‍ പൂജ്യം വരെ’ സാധ്യമായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ആകാശത്തേക്കൊരു ജാലകം’ എന്ന കഥയെ ആസ്പദമാക്കിയാണ് ‘ഒന്നു മുതല്‍ പൂജ്യം വരെ’ തിരക്കഥ എഴുതിയതെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ക്കുന്നു.