മലയാള മനോരമ ദിനപത്രത്തിലെ ‘ഇന്ത്യന്‍ അടുക്കള സര്‍വ്വീസ്’ പരമ്പരയെ വിമര്‍ശിച്ച സംവിധായകന് ജിയോ ബേബിയ്ക്ക് മറുപടിയുമായി ലേഖിക. സാധാരണക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തന്നെയാണ് പരമ്പരയില്‍ ചര്‍ച്ചചെയ്തതെന്ന് ഫീച്ചര്‍ തയ്യാറാക്കിയ സന്ധ്യാ ഗ്രേസ് പറഞ്ഞു. ധാരാളം സ്ത്രീകളുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണിത് തയ്യാറാക്കിയത്. അടുക്കള ജോലിയില്‍ സ്ത്രീകള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ മുഴുവന്‍ പങ്കാളികളാകണമെന്ന ആശയമാണ് പരമ്പര അവതരിപ്പിച്ചത്. വിഷയത്തില്‍ താങ്കളുടെ പ്രതികരണവും ചേര്‍ത്തിരുന്നെന്നും മനോരമ ലേഖിക പ്രതികരിച്ചു.
കാര്യങ്ങള്‍ ഒന്നും കാണാതെ കൊതിക്കെറുവ് തീര്‍ക്കുന്നത് പോലെയുള്ള ഈ കമന്റ് തീരെ വിലകുറഞ്ഞതായിപ്പോയി. താങ്കള്‍ സംവിധാനം ചെയ്ത സിനിമയുടെ മഹത്വം പോലും നശിപ്പിക്കും ഇത്തരം പരാമര്‍ശങ്ങള്‍.
മനോരമ ലേഖിക
പരമ്പരയോട് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളുടെ ചുരുക്കമാണ് അവസാനഭാഗത്ത് കൊടുത്തിരുന്നത്. അതില്‍ തന്നെ അനാവശ്യ നടപ്പ് ഒഴിവാക്കാനായി അടുക്കളയില്‍ നടത്താവുന്ന ഒരു റീ അറേഞ്ച്മെന്റ് ആയിട്ടാണ് കിച്ചന് ട്രയാങ്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൗ, ഫ്രിഡ്ജ്, സിങ്ക് എന്നിവ ട്രയാങ്കിള്‍ രൂപത്തില്‍ അറേഞ്ച് ചെയ്താല്‍ അടുക്കളയിലെജോലി എളുപ്പമാക്കാം എന്നാണ് ആര്‍ക്കിടെക്ട് പറയുന്നത്. അത്തരം കാര്യങ്ങള്‍ ഒന്നും കാണാതെയാണ് സംവിധായകന്റെ പരാമര്‍ശമെന്നും ലേഖിക വിമര്‍ശിച്ചു.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമ നിരസിച്ച മലയാള മനോരമ ആ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ജിയോ ബേബിയുടെ പ്രതികരണം. ലേഖനത്തിലെ സ്മാര്‍ട് കിച്ചന് ട്രയാങ്കിള്‍ നിര്‍ദ്ദേശം സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും സംവിധായകന് ചൂണ്ടിക്കാട്ടി. ‘അടുക്കളയുടെ മാപ്പ് വരച്ച് കളിക്കുമ്പോള്‍ ഇത്തരം സ്മാര്‍ട്ട് അടുക്കള താങ്ങാന്‍ പറ്റാത്ത ഒരു സമൂഹം കൂടെ ഇവിടെ ജീവിക്കുന്നുണ്ട് എന്നത് പരിഗണിക്കണേ’ എന്ന് ജിയോ ബേബി ഫേസ്ബുക്കിലെഴുതി. പത്രഭാഗത്തിന്റെ ഫോട്ടോയും സംവിധായകന് ഒപ്പം ചേര്‍ത്തിരുന്നു.

മനോരമ ലേഖികയുടെ മറുപടി
“കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിച്ചതാണ് ഇന്ത്യന്‍ അടുക്കള സര്‍വീസ് (ഫ്രീ) എന്ന പരമ്പര. സാധാരണക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തന്നെയാണ് അതില്‍ ചര്‍ച്ചചെയ്തത്. ധാരാളം സ്ത്രീകളുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണിത് തയ്യാറാക്കിയത്. ദിവസം 15 മണിക്കൂര്‍ തുടര്‍ച്ചയായി ജോലിയെടുക്കുന്ന മോളി എന്ന് പാല്‍ക്കാരി, അടുക്കള ജോലിക്കും കൃഷിയിടത്തിലെ പണിക്കുമൊപ്പം സ്വന്തം വീടിന്റെ നിര്‍മാണജോലി കൂടി ചെയ്ത ജൈനമ്മ തുടങ്ങി സ്ത്രീകളുടെ എത്രയെത്ര അധ്വാനങ്ങള്‍ ഈ പരമ്പരയില്‍ വിഷയമായി. അടുക്കള ജോലിയില്‍ സ്ത്രീകള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ മുഴുവന്‍ പങ്കാളികളാകണമെന്ന ആശയമാണ് ഈ പരമ്പര അവതരിപ്പിച്ചത്. വിഷയത്തില്‍ താങ്കളുടെ പ്രതികരണവും ചേര്‍ത്തിരുന്നു.

പരമ്പരയോട് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളുടെ ചുരുക്കമാണ് ഇന്ന് കൊടുത്തിരുന്നത്. അതില്‍തന്നെ അനാവശ്യ നടപ്പ് ഒഴിവാക്കാനായി അടുക്കളയില്‍ നടത്താവുന്ന ഒരു റീ അറേഞ്ച്മെന്റ് ആയിട്ടാണ് കിച്ചന് ട്രയാങ്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൗ, ഫ്രിഡ്ജ്, സിങ്ക് എന്നിവ ട്രയാങ്കിള്‍ രൂപത്തില്‍ അറേഞ്ച് ചെയ്താല്‍ അടുക്കളയിലെജോലി എളുപ്പമാക്കാം എന്നാണ് ആര്‍ക്കിടെക്ട് പറയുന്നത്. ഈയൊരു പോയിന്റ് കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പോലും ജോലിഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്. അത്തരം കാര്യങ്ങള്‍ ഒന്നും കാണാതെ കൊതിക്കെറുവ് തീര്‍ക്കുന്നത് പോലെയുള്ള ഈ കമന്റ് തീരെ വിലകുറഞ്ഞതായിപ്പോയി. താങ്കള്‍ സംവിധാനം ചെയ്ത സിനിമയുടെ മഹത്വം പോലും നശിപ്പിക്കും ഇത്തരം പരാമര്‍ശങ്ങള്‍.”

മനോരമ ലേഖികയുടെ വിമര്‍ശനത്തിന് ജിയോ ബേബിയുടെ മറുപടി
“നമുക്ക് എപ്പോളും ചില അളവുകോളുകള് ഉണ്ട് ചില ഇമേജുകള്‍ ഉണ്ട്. അമ്മ എന്ന ഇമേജ് നമ്മള് എങ്ങനെയാണ് കണ്ടിട്ടുള്ളത്? പത്രത്തിലും പാഠപുസ്തകങ്ങളിലും അടക്കം ചിത്രങ്ങില്‍ അമ്മയുടെ കയ്യില്‍ ഒരു തവി കാണും ആ അമ്മ അടുക്കളയില്‍ ആയിരിക്കും, കാലങ്ങള്‍ മാറിയപ്പോള്‍ സംഭവിച്ചത് ആ അമ്മ സാരിയില്‍ നിന്നും സല്‍വാറിലേക്ക് എത്തിയിട്ടുണ്ടാവും എന്നത് മാത്രം ആണ്. പക്ഷേ ആ ഇമേജ് അതിന് മാറ്റം വരുന്നില്ല. സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് കിച്ചന് പദ്ധതി എന്താണ് നല്‍കുന്നത്? ഉപകരണങ്ങള്‍ നല്കി അവരെ വീണ്ടും അടുക്കളയില്‍ തളക്കുക മാത്രം ആണ്. അവിടെ നിന്നും ഒരു മോചനം ഇല്ല. ആ രീതിയില്‍ മനോരമക്ക് ചര്‍ച്ച ആവാമായിരുന്നു. കുടുംബശ്രീ തൊഴിലുറപ്പ് പോലുള്ളവ സ്ത്രീകളെ വീടിനു പുറത്ത് എത്തിച്ചു. സ്മാര്‍ട്ട് കിച്ചന് പെണ്ണുങ്ങളെ വീണ്ടും അടുക്കളയില്‍ നിര്‍ത്തുകയാണ്. മനോരമയില്‍ നിന്ന് വിളിച്ചു സ്മാര്‍ട്ട് കിച്ചനെ പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ മേല്പറഞ്ഞ അഭിപ്രായം ആണ് പറഞ്ഞത്.(അച്ചടിച്ചു വന്നതും ഞാന്‍ പറഞ്ഞതാണ്) ഇനി ഇന്നത്തെ പത്രത്തിലെ ചിത്രത്തിലെ അടുക്കള നോക്കുമ്പോള്‍ ആ ഇമേജുകള്‍ എന്താണ് പകര്‍ന്നു നല്‍കുന്നത്? അത്തരം അടുക്കളകള്‍ ഇല്ലാത്തവരോട് നിങ്ങള്‍ എന്താണ് സംവേദിക്കുന്നത്? ആ ഇമേജുകള്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒരു സമൂഹം കൂടെ ഇവിടെ ജീവിക്കുന്നുണ്ട്, അവരെ കൂടെ മനോരമ ഉള്‍ക്കൊള്ളണം. ഇമേജുകള്‍ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ഞാന്‍ പോസ്റ്റില്‍ സര്‍ക്കാസം ഉദ്ദേശിച്ചിരുന്നു… പക്ഷേ ഞാന്‍ പ്രസക്തമായ വിഷയം പറഞ്ഞു എന്നാണ് എന്റെ ധാരണ. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. സ്നേഹം.”
