‘കുത്തേറ്റുവീണ അഷ്റഫിനെ ആശുപത്രിയിലെത്തിച്ചത് കെ സുധാകരന്‍’; അപ്പന്റിസൈറ്റിസ് ബാധിച്ച് മരിച്ചയാള്‍ പിന്നീട് രക്തസാക്ഷിയായെന്ന് എന്‍ പി രാജേന്ദ്രന്‍

ബ്രണ്ണന്‍ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പി എന്‍ അഷ്‌റഫിനെ ആക്രമിച്ചത് ഇപ്പോഴത്തെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അല്ലെന്ന് മുന്‍ സഹപാഠിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി രാജേന്ദ്രന്‍. അഷ്‌റഫിനെ കുത്തിവീഴ്ത്തിയത് സുധാകരനാണെന്ന പ്രചരണം കള്ളമാണെന്ന് എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകന്റെ കുത്തുകൊണ്ട് വീണ അഷ്‌റഫിനെ ആശുപത്രിയിലെത്തിച്ചത് കെ സുധാകരനാണ്. ഇത് നേരില്‍ കണ്ടവര്‍ ഒരുപാട് പേരുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ‘ബ്രണ്ണന്‍ പുരാണം: നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര്’ എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് എന്‍ പി രാജേന്ദ്രന്റെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ അശ്റഫ് കുത്തേറ്റു വീഴുകയും പലരും പല വഴിക്ക് ഓടുകയും ചെയ്തപ്പോള്‍ ദൂരെ നോക്കിനിന്നിരുന്ന കെ സുധാകരനാണ് പാഞ്ഞുവന്ന് അശ്റഫിനെ താങ്ങിയെടുത്ത്് ബസ് സ്റ്റാന്‍ഡിലേക്കു ഓടിയതും ബസ്സില്‍ കയറ്റി കൊണ്ടുപോയി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതും.

എന്‍ പി രാജേന്ദ്രന്‍

സംഘട്ടനത്തില്‍ ഗൗരവമുള്ള പരിക്കൊന്നും അശ്റഫിന് പറ്റിയിരുന്നില്ല. അതുകൊണ്ട് കുറച്ചുനാള്‍ക്കകം ആസ്പത്രിവാസം അവസാനിപ്പിച്ച് കോളേജില്‍ തിരിച്ചെത്തി. കളിക്കാരന്‍ കൂടിയായ അദ്ദേഹം കളിയെല്ലാം പുനരാരംഭിച്ചിരുന്നതായും പറയുന്നു. പിന്നെയൊരു നാള്‍ കഠിന വയറുവേദന കാരണം അശ്റഫ് വീണ്ടും ആസ്പത്രിയിലായി. അപ്പെന്റിസൈറ്റിസ് ആണെത് മനസ്സിലാക്കി ശസ്ത്രക്രിയ നടത്തിയെങ്കിലും അപ്രതീക്ഷിതമായി അശ്റഫ് മരണമടഞ്ഞു. 1973 നവംബര്‍ മുപ്പതിനാണ് അശ്റഫിനു കുത്തേറ്റത്. മരിച്ചതാകട്ടെ 1974 മാര്‍ച്ച് അഞ്ചിനും. മരണം കോളേജില്‍ സംഘര്‍ഷമൊന്നുമുണ്ടാക്കിയില്ല. കെ.എസ്.യുക്കാരും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അതങ്ങനെ കഴിഞ്ഞുപോയെങ്കിലും പിന്നീട് ഈ മരണം വലിയ രക്തസാക്ഷിത്വമായി ഉയര്‍ന്നുവന്നു. ചില നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെ.സുധാകരനാണ് അശ്റഫിനെ കുത്തിയതെന്ന പ്രചാരണവും നടന്നു. പലരും അതു വിശ്വസിക്കുന്നുമുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളേജുകളില്‍ അശ്റഫിന്റെ ചരമദിനം രക്തസാക്ഷിദിനമായി ആചരിച്ചു തുടങ്ങിയതെന്നും എന്‍ പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.