ഗോള്‍ഡ് ഷൂട്ട് പൂര്‍ത്തിയാക്കി; ഇനി അല്‍ഫോന്‍സ് പുത്രന്റെ എഡിറ്റിങ്ങ് ടേബിളിലേക്ക്

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. പൃഥ്വിരാജ്, നയന്‍ താര, അജ്മല്‍ അമീര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ആക്ഷന്‍-കോമിക് ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, മല്ലികാ സുകുമാരന്‍, ബാബു രാജ്, അബു സലീം, ജഗദീഷ്, സുരേഷ് കൃഷ്ണ, തെസ്‌നി ഖാന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. പൃഥ്വിരാജ് കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് മല്ലികയെത്തുന്നത്. 48 അഭിനേതാക്കള്‍ ഗോള്‍ഡില്‍ ഉണ്ടെന്നും ‘നേര’ത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചോ കഥാപാത്രങ്ങളേക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുതലാളി വേഷത്തിലിരിക്കുന്ന അബു സലീമിനൊപ്പം ബാബുരാജ്, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവര്‍ പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ സ്റ്റില്‍ ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജിന്റെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി ലൊക്കേഷനില്‍ നിന്ന് പുറത്തുവന്നത്.

അല്‍ഫോണ്‍സ് പുത്രന്‍, അജ്മല്‍ അമീര്‍

സെപ്റ്റംബര്‍ എട്ടിനാണ് ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമത്തിന്റെ വന്‍ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ടുള്ള ‘പാട്ട്’ ആണ് അല്‍ഫോണ്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചില കാരണങ്ങളാല്‍ പാട്ട് നീട്ടിവെച്ച് ഗോള്‍ഡിന്റെ ചിത്രീകരണത്തിലേക്ക് കടക്കുകയായിരുന്നു. പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ എത്തുന്നു എന്നതിനൊപ്പം ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.