‘തടിയുള്ളതും പ്രായമാകുന്നതും പെര്‍ഫെക്ട്‌ലി ഓക്കെ’; താരങ്ങളുടെ ചിത്രം കാണിച്ച് ചുറ്റുമുള്ളവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന് നടി ടെസ്സ

ബോഡി ഷെയിമിങ്ങിനും ഏജ് ഷെയിമിങ്ങിനുമെതിരെ നടി ടെസ്സ. ശരീരപ്രകൃതിയുടെ പേരിലും പ്രായത്തിന്റെ പേരിലുമുള്ള അഭിപ്രായ പ്രകടനങ്ങളും പരിഹാസങ്ങളും നിര്‍ത്തേണ്ട സമയം അതിക്രമിച്ചെന്ന് ടെസ്സ ചൂണ്ടിക്കാട്ടി. കുട്ടിക്കാലത്ത് തടിയുണ്ടായിരുന്നതിനെ ചൊല്ലി ഏറ്റുവാങ്ങിയിരുന്ന കുത്തുവാക്കുകള്‍ ഓര്‍ത്തെടുത്താണ് നടിയുടെ അഭിപ്രായ പ്രകടനം. ശരീരപ്രകൃതിയില്‍ മാറ്റമുണ്ടാകുന്നതും പ്രായമാകുന്നതും സ്വാഭാവികവും അനിവാര്യവുമാണ്. പ്രായമാകുന്നത് അഭികാമ്യമല്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെടുന്നത് ശരിയല്ല. താരങ്ങളുടെ ചിത്രങ്ങള്‍ കാണിച്ച് എല്ലായപ്പോഴും ചെറുപ്പമായിരിക്കാനുള്ള സാമൂഹിക നിര്‍ബന്ധങ്ങള്‍ ഇനിയെങ്കിലും ഒഴിവാക്കണമെന്നും ടെസ്സ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സാമൂഹികമായ ഇത്തരം പരുവപ്പെടുത്തലുകള്‍ എപ്പോഴും ചെറുപ്പമായി കാണിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. പ്രായമാകലിനെ വെല്ലുവിളിക്കുന്നവരെന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന നടീനടന്മാരുടേയും മോഡലുകളുടേയും ചിത്രങ്ങള്‍ വെച്ചാണ് ഇതിനെ ബലപ്പെടുത്തുന്നത്. യുവത്വം നിലനിര്‍ത്താന്‍ അവര്‍ ആര്‍ഭാടമായി ചെലവഴിക്കുന്ന വലിയ തുകകള്‍ ആരും കാണില്ല.

ടെസ്സ

ടെസ്സയുടെ കുറിപ്പ്

“കുട്ടിയായിരുന്നപ്പോഴോ സ്ത്രീയായി വളര്‍ന്നപ്പോഴോ എന്നോടാരും ‘നിന്നെ കാണാന്‍ പെര്‍ഫെക്ട്’ ആണ് എന്ന് പറഞ്ഞിട്ടില്ല. തീര്‍പ്പുകല്‍പിച്ചുകൊണ്ടിരുന്ന അവരുടെ കണ്ണുകളില്‍ ഞാന്‍ എപ്പോഴും ഒരു തടിച്ചിയായിരുന്നു. അതെന്നോട് പറയാന്‍ അവര്‍ ഒരു മടിയും കാട്ടിയില്ല.

നിങ്ങളുടെ ശരീരം കണ്ടാല്‍ എങ്ങനെയിരിക്കണമെന്നതിനേക്കുറിച്ച് സമൂഹം ചില നിബന്ധനങ്ങള്‍ വെച്ചിട്ടുണ്ട്; മെലിഞ്ഞ്, വെളുത്ത്, ഉയരമുള്ള, ആഴകളവുള്ള..

ഈ സോഷ്യല്‍ കണ്ടീഷനിങ്ങും തുടര്‍ച്ചയായ ബോഡിഷെയിമിങ്ങും കാരണം ഞാനറിയുന്ന മിക്ക പെണ്‍കുട്ടികളും തങ്ങള്‍ തടിച്ചവരാണെന്ന് കരുതുന്നു.

മറ്റൊരു വശം പ്രായമാകലാണ്. അത് ഒഴിച്ചുകൂടാനാവാത്തതും സ്വാഭാവികവുമാണ്. ഈ കാര്യത്തിലാണെങ്കിലും സമൂഹത്തിന്റെ കണ്ടീഷനിങ്ങ് പ്രായം കൂടുന്നതിനെ അനഭിലഷണീയമായ ഒന്നാക്കുന്നുന്നു. എപ്പോഴും ചെറുപ്പമായി കാണിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. പ്രായമാകലിനെ വെല്ലുവിളിക്കുന്നവരെന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന നടീനടന്മാരുടേയും മോഡലുകളുടേയും ചിത്രങ്ങള്‍ വെച്ചാണ് ഇതിനെ ബലപ്പെടുത്തുന്നത്. യുവത്വം നിലനിര്‍ത്താന്‍ അവര്‍ ആര്‍ഭാടമായി ചെലവഴിക്കുന്ന വലിയ തുകകള്‍ ആരും കാണില്ല. പ്രായമാകുന്നത് പെര്‍ഫെക്ട്‌ലി ഓക്കെയാണെന്ന് പറയേണ്ട സമയം അതിക്രമിച്ചെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ ശരീരവലുപ്പത്തില്‍ സ്വാഭാവികമായ മാറ്റങ്ങള്‍ വരികയാണെങ്കില്‍ അതില്‍ ഒരു കുഴപ്പവുമില്ല.

നിങ്ങളുടെ ശരീരത്തേക്കുറിച്ച് നിങ്ങള്‍ സന്തോഷത്തോടെയിരിക്കുന്ന കാലത്തോളം ആര്‍ക്കും ആ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. ഒരു സമൂഹമെന്ന നിലയില്‍, നമ്മള്‍ ഇത്തരം ബോധിപ്പിക്കലുകള് നിര്‍ത്തണം. മറ്റാളുകളുടെ ആത്മവിശ്വാസം ബോഡി ഷെയിമിങ്ങിലൂടെയും ഏജ് ഷെയിമിങ്ങിലൂടെയും തകര്‍ക്കുന്നത് നിര്‍ത്തണം. അതിന് പകരം ഉള്‍ക്കൊള്ളാനുള്ള മനസാണ് കാണിക്കേണ്ടത്. എല്ലാറ്റിലുമുപരി നമ്മളെല്ലാവരും വികാരങ്ങളുള്ള മനുഷ്യരാണ്.”