‘അതൊരു താരത്തിന്റെ വ്യക്തിപരമായ കാര്യമാണ്’; പൃഥ്വിരാജ് വിനയന്‍ ചിത്രത്തില്‍ അഭിനയിക്കാത്തതിന് പിന്നില്‍ ‘അമ്മ’യ്ക്ക് നല്‍കിയ വാക്കെന്ന കമന്റിന് സംവിധായകന്റെ മറുപടി

പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘സത്യം’ റിലീസായി 17 വര്‍ഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. പൃഥ്വിരാജ് ആക്ഷന്‍ ഹീറോയായി അവതരിപ്പിക്കപ്പെട്ട ആദ്യചിത്രം കൂടിയായിരുന്നു സത്യം. സിനിമ നിര്‍മ്മിച്ച കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. താരസംഘടനയായ അമ്മയുമായുണ്ടായ അഭിപ്രായ ഭിന്നതകളും കരിയറിന്റെ തുടക്കത്തില്‍ തന്റെ സിനിമകളിലൂടെ പൃഥ്വിക്ക് കിട്ടിയ നേട്ടങ്ങളും വിനയന്‍ പരാമര്‍ശിച്ചു.

സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വീപും ഒക്കെ ഒട്ടേറെ പ്രതിസന്ധികളിലൂടെ എടുത്ത ചിത്രങ്ങളാണ്. വെറും പ്രതിസന്ധികളല്ല സംഘടനാപരമായ ചില പ്രശ്‌നങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉയര്‍ത്തി പിടിച്ചതിന്റേതായ ചില പ്രശ്‌നങ്ങള്‍.

വിനയന്‍

പക്ഷേ ആ രണ്ടു സിനിമകളും മോശമല്ലായിരുന്നു എന്നു പറയുന്നു. പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയ ‘മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും’ പോലെയും, എന്റെ മറ്റൊരു ഹൊറര്‍ ഫിലിം ആയിരുന്ന ‘വെള്ളിനക്ഷത്രം’ പോലെയും സത്യവും അത്ഭുതദ്വീപും രാജുവിന്റെ ആദ്യകാല വളര്‍ച്ചയില്‍ ഗുണമേ ചെയ്തുള്ളു. ദോഷമൊന്നും ചെയ്തില്ല. ഇപ്പോള്‍ രാജു മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുന്നു. ഇനിയും ആ വളര്‍ച്ച തുടരട്ടെ എന്ന് ആശംസിക്കുകയാണെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകന്റെ തുടര്‍ന്നുള്ള വാചകങ്ങള്‍ പൃഥ്വിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണെന്ന് ആരോപണങ്ങളുണ്ട്.

പൃഥ്വിരാജ്, സത്യം

സിനിമ ഒരു മായിക പ്രപഞ്ചമാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. അവിടെ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ചിന്തിക്കാന്‍ പോലും നമുക്കാകില്ല. എത്ര തന്റേടിയുടേയും മുഖം ചിലപ്പോള്‍ മഞ്ഞലോഹത്തിന്റെ മുന്നില്‍ മഞ്ഞളിച്ചു പോകും. മുന്നോട്ടു നോക്കി മാത്രം ഓടുന്നവനേ വിജയിക്കൂ എന്നൊരു തത്വശാസ്ത്രമാണ് സിനിമയില്‍ പഠിപ്പിച്ചു വച്ചിരിക്കുന്നത്. പക്ഷേ അങ്ങനല്ല കേട്ടോ. പിന്നോട്ടൊന്നു നോക്കി തന്റെ മനസ്സാക്ഷിയേ ഒന്നു സ്മരിച്ചതു കൊണ്ടോ ഇത്രയും നിറമൊന്നുമില്ലാത്ത പഴയ ഓര്‍മ്മകളിലൂടെ ഒന്നു പോയതു കൊണ്ടോ വിജയമൊന്നും അന്യമാകില്ല. മാത്രമല്ല ആ വിജയത്തിന് പ്രത്യേക സുഖവും ഉണ്ടാകും. സത്യസന്ധതയുടേയും വ്യക്തിത്വത്തിന്റേതുമായ സുഖം. അതു സിനിമയിലെന്നല്ല മനുഷ്യ ജീവിതത്തിലെ ഏതു രംഗത്തും പ്രസക്തിയുള്ളതാണ്. അങ്ങനെയുള്ളവരെയാണ് കാലം രേഖപ്പെടുത്തുകയെന്നും വിനയന്‍ എഴുതി.

2005ല്‍ പുറത്തിറങ്ങിയ അത്ഭുതദ്വീപിന് ശേഷം 16 വര്‍ഷമായി പൃഥ്വിരാജ് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ സംവിധായകന്റെ കുറിപ്പിന് കീഴില്‍ കമന്റ് ചെയ്തു. വിനയനോട് സഹകരിച്ചതിന്റെ പേരില്‍ സത്യം സിനിമയില്‍ അഭിനയിച്ചവര്‍ക്കെതിരെ അമ്മ നടപടിയെടുത്തെന്നും തിലകന്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും കമന്റിട്ടയാള്‍ ഓര്‍മ്മിപ്പിച്ചു. ഇനി മേലില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കു കൊടുത്തിട്ടാണ് പൃഥ്വിരാജ് ആ പ്രശ്‌നം അന്ന് തീര്‍ത്തതെന്നും കമന്റിലുണ്ട്. ഈ പ്രതികരണത്തിന് പിന്തുണയേറിയതോടെ വിനയന്‍ തന്നെ മറുപടിയുമായെത്തി.

പൃഥ്വിരാജുമൊത്ത് പിന്നീടൊരു ചിത്രം സംഭവിക്കാത്തതിനെ അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സംവിധായകന്റെ പ്രതികരണം. ഒരാളുടെ ചിത്രത്തില്‍ അഭിനയിക്കുന്നതോ ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്നതോ തികച്ചും ഒരു താരത്തിന്റെ വ്യക്തിപരമായ കാര്യമാണ്. പൊതുവായ കാര്യങ്ങള്‍ പറയുമ്പോള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്. ഇന്ന് ‘കുഞ്ഞാലിമരക്കാര്‍’ കഴിഞ്ഞാല്‍ പിന്നെ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ സംവിധാനം ചെയ്യാന്‍ കഴിയുന്നത് തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടേയും വ്യക്തിത്വത്തിന്റെയും പ്രതിഫലനമാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.