‘വേറെ നല്ല ടെക്സ്റ്റുകള്‍ ഒപ്പം കൊടുത്തിട്ടുണ്ട്’; കാവിവല്‍കരണമെന്ന വാദം സിലബസ് പൂര്‍ണമായി വായിക്കാത്തതുകൊണ്ടെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ വി സി

സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ നിലപാട് ആവര്‍ത്തിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ കാവിവല്‍കരണമെന്ന് പറയാനാകില്ലെന്ന് വിസി പറഞ്ഞു. കാവിവത്കരണം ഉണ്ടെന്ന വാദം സിലബസ് പൂര്‍ണമായി വായിക്കാത്തതുകൊണ്ടാണ്. രാഷ്ട്രീയപരമായി മാത്രമല്ല, വിദ്യാഭ്യാസപരമായും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സ് പുതിയ ഒന്നാണ്. സിലബസില്‍ തിരുത്തല്‍ ഉണ്ടാകുമെന്നും വിസി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

പുസ്തകങ്ങള്‍ വിശകലനം ചെയ്യാന്‍ വളരെ നല്ല ടെക്സ്റ്റുകള്‍ ഒപ്പം കൊടുത്തിട്ടുണ്ട്. അത് വായിച്ചാല്‍ കാവിവല്‍കരണമാണെന്ന് ആരും പറയില്ല.

ഗോപിനാഥ് രവീന്ദ്രന്‍

അദ്ധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്ന് വി സി സമ്മതിച്ചിരുന്നു. വിവാദമായതിനേത്തുടര്‍ന്നാണ് സിലബസ് പരിശോധിക്കാന്‍ ജെ പ്രഭാഷ്, ഡോ. കെ എസ് പവിത്രന്‍ എന്നിവരടങ്ങുന്ന രണ്ടംഗസമിതിയെ നിയോഗിച്ചത്. ഇരുവരും പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകരാണ്. ഈ കമ്മിറ്റി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പഠിച്ച ശേഷം സിലബസ് പിന്‍വലിക്കണോയെന്ന് തീരുമാനിക്കും. ഹിന്ദുത്വ ആശയവാദികളുടേതായി രണ്ട് പുസ്തകങ്ങള്‍ മതിയായിരുന്നു. ഇടത് ചിന്തകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഇല്ലാത്തത് വീഴ്ച്ചയാണ്. പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും സമിതിയുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞുനിന്ന നേതാക്കളെ മഹത്വവല്‍കരിക്കുന്ന സമീപനം നമുക്കില്ലെന്നായിരുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് മോശപ്പെട്ട ആശയവും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടി വരും. പക്ഷെ, മഹത്വവല്‍കരിക്കാന്‍ തയ്യാറാകരുത്. യൂണിവേഴ്സിറ്റി ഇപ്പോള്‍ തന്നെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചു. ജെ പ്രഭാഷ്, ഡോ. കെ എസ് പവിത്രന്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് ആശങ്കയോ സംശയമോ വേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read: ‘എല്ലാ കാര്യങ്ങളും പഠിക്കണ്ടെ?’; സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്മാര്‍ക്ക് ഇടം നല്‍കിയ സര്‍വ്വകലാശാല നടപടി അംഗീകരിക്കാനാകില്ല. ബിജെപിയുടെ തീവ്ര വലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സര്‍വ്വകലാശാലകളും സിപിഐഎമ്മും നില്‍ക്കുന്നതെന്ന് വ്യക്തമാക്കണം. മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് സവര്‍ക്കറും ഗോള്‍വള്‍ക്കറും. അവരുടെ തത്വസംഹിതകളാണോ ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു.

ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികള്‍ക്ക് മുഖ്യമന്ത്രി പാദസേവ ചെയ്യുകയാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘപരിവാറിന് അനുകൂലമായി നിന്നു. സവര്‍ക്കറേയും ഗോള്‍വള്‍ക്കറെയും പഠിക്കണമെന്ന് പറഞ്ഞ എസ്എഫ്ഐയുടെ മുഖത്തേറ്റ അടി കൂടിയാണ് കെഎസ് യുവിന്റെ സമര വിജയമെന്നും സുധാകരന്‍ പ്രസ്താവിച്ചു. എന്നാല്‍ ഏതു നിമിഷവും ഈ താല്‍ക്കാലിക മരവിപ്പിക്കല്‍ പിന്‍വലിച്ചേക്കാം. സംഘ്പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

Also Read: ‘ആള്‍ത്താര വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്’; സുവിശേഷം സ്‌നേഹത്തിന്റേതാണെന്ന് യാക്കോബായ ബിഷപ്പ്