‘നടക്കുന്നത് മൂന്നാം മുന്നണി യോഗമല്ല, നേതാക്കളും നിരീക്ഷകരും സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യും’; വ്യക്തമാക്കി ശരദ് പവാര്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടക്കുന്നത് മൂന്നാം മുന്നണി യോഗമല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന രാഷ്ട്രീയ നേതാവും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍. സമകാലിക സംഭവവികാസങ്ങളെ കുറിച്ച് രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും ബുദ്ധിജീവികളും ചര്‍ച്ച ചെയ്യുന്ന ഒരു യോഗമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ മൂന്നാം മുന്നണി യോഗമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പ്രതികരണം.

ശരദ് പവാറും മുന്‍ ബിജെപി നേതാവും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹയും ചേര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. സിന്‍ഹ 2018ല്‍ രൂപീകരിച്ച രാഷ്ട്രീയ മഞ്ച് എന്ന സംഘടനയുടെ പേരിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരാജയപ്പെടുത്തുന്നതിനായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്തതല്ല ഈ യോഗമെന്ന് രണ്ട് നേതാക്കളും വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ക്ക പുറമേ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരും യോഗത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണെന്ന് താന്‍ കരുതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു കാരണം ശിവസേന, എസ്പി, ബിഎസ്പി, ചന്ദ്രബാബു നായിഡു എന്നിവരെയൊന്നും ക്ഷണിച്ചിട്ടില്ല. ഒരു പക്ഷെ പ്രതിപക്ഷ സഖ്യത്തിന് വേണ്ടിയുള്ള ആദ്യ പടിയാവാമെന്നും അദ്ദേഹം പറഞ്ഞു.