‘എന്റെ തോല്‍വി പാലായുടെ നഷ്ടം’; കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചിരുന്നെന്ന് ജോസ് കെ മാണി

പാലായുടെ വികസനം അഞ്ചുവര്‍ഷം പിന്നോക്കം പോകേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് ജോസ് കെ മാണി. എന്റെ തോല്‍വി എന്റെ നഷ്ടമല്ല, പാലായുടേതാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പറഞ്ഞു. പക്ഷെ, പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസില്‍ ധ്യാനിച്ച് ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിയില്ലെന്നും തെളിയിക്കാനായി. പാലായിലെ തോല്‍വിക്ക് പിന്നില്‍ മറ്റ് ചില കാര്യങ്ങളും ചിലര്‍ മെനഞ്ഞെടുത്തു. രാഷ്ട്രീയത്തിലെ അസൂയക്ക് പ്രതികാര ഭാവം കൂടുതലാണ്. അതിന്റെ ഭാഗമായി പലതും ഒത്തു ചേര്‍ന്ന് എനിക്കെതിരെ അപവാദം മെനഞ്ഞെന്നും ജോസ് കെ മാണി ആരോപിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോസിന്റെ പ്രതികരണം.

കടുത്തുരുത്തിയില്‍ മത്സരിക്കാം എന്നാണ് പാര്‍ട്ടിയിലെ നേതാക്കന്മാരെല്ലാം പറഞ്ഞത്. പക്ഷെ, ഞാന്‍ സമ്മതിച്ചില്ല.

ജോസ് കെ മാണി

എനിക്കറിയാം കടുത്തുരുത്തിയില്‍ എനിക്ക് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന്. പക്ഷെ, അങ്ങനെ ചെയ്താല്‍ പാര്‍ട്ടിയുടെ ബാക്കി സീറ്റുകളിലെ സാധ്യതകളെ ബാധിക്കുമായിരുന്നു. ആ രീതിയിലായിരിക്കും പ്രചാരണം. അതിനെ നേരിടാനാണ് താന്‍ പാലായില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. പാലായില്‍ ബിജെപിയുടെ പതിനയ്യായിരം വോട്ട് മറിഞ്ഞു. പിണറായി വിജയന്‍ ഒപ്പം നിന്നതുകൊണ്ടാണ് ബിജെപി തന്നെ തോല്‍പിക്കാന്‍ തീരുമാനമെടുത്തത്. കേരള കോണ്‍ഗ്രസിനെ പുറത്താക്കാന്‍ വെമ്പല്‍ കൊണ്ട കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഗതി ഇപ്പോള്‍ എല്ലാവരും കണ്ടു. ഞാന്‍ കാത്തിരിക്കും. എനിക്ക് തിടുക്കമില്ല. രാഷ്ട്രീയമാണ്. എക്കാലവും അസത്യത്തിനും അപവാദങ്ങള്‍ക്കും ആയുസുണ്ടാകില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.