ആന്റണി വർ​ഗീസ് വിവാഹിതനാകുന്നു; വധു സ്കൂൾകാലസുഹൃത്ത്

നടൻ ആന്റണി വർ​ഗീസ് വിവാഹിതനാകുന്നു. സ്കൂൾകാല സുഹൃത്ത് അനീഷ പൗലോസ് ആണ് വധു. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. അങ്കമാലി സ്വദേശിനിയായ അനീഷ വിദേശത്ത് നഴ്സാണ്. വധുവിന്റെ വീട്ടിൽ നടന്ന എൻ​ഗേജ്മെന്റ് ചടങ്ങുകളുടെ ചിത്രങ്ങൾ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഓ​ഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വെച്ചാണ് ആന്റണി വർ​ഗീസിന്റേയും അനീഷയുടേയും വിവാഹം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ആന്റണി വർ​ഗീസ് ചെറിയ തോതിൽ റിസപ്ഷൻ ഒരുക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ലൂടെയാണ് ‘ആന്റണി വർ​ഗീസ് പെപ്പെ’ മലയാള സിനിമയിൽ ഇടം നേടിയത്. ജല്ലിക്കെട്ടിലും പ്രധാനവേഷത്തിലെത്തി. ‘സ്വാതന്ത്ര്യം അർദ്ധരാത്രി’യിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചനുമായി ഒന്നിക്കുന്ന ‘അജ​ഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്. ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’, ‘ജാൻ മേരി’, ‘ആരവം’ തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള മറ്റ് പ്രൊജക്ടുകൾ.