പ്രഫുല്‍ ഖോഡാ പട്ടേലെന്ന് സംവിധായകന്‍, ‘പോടാ’ന്ന് വിളിക്കരുതെന്ന് അവതാരകന്‍; ലക്ഷദ്വീപ് വിഷയത്തിലെ ജനംടിവി ചര്‍ച്ച വൈറല്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി അനുകൂല ന്യൂസ് ചാനലായ ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ പേര് പറഞ്ഞതും അതില്‍ അവതാരകന്‍ ശ്യാംബാബു കോറോത്ത് തെറ്റായി ഇടപെട്ടതിന്റെയും ചെറിയ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പേര് സിനിമാ സംവിധായകന്‍ അഖില്‍ മാരാര്‍ പറഞ്ഞതോടെ പോടാ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് അവതാരകന്‍ ഇടപെടുകയായിരുന്നു.

അഖില്‍ നടത്തിയത് വ്യക്തി അധിക്ഷേപമാണെന്നും പിന്‍വലിക്കണമെന്നുമായി അവതാരകന്‍. ‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് രമണന്‍ എന്നോ ഗോപാലന്‍ എന്നോ ആയിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞേനെ. ദൗര്‍ഭാഗ്യവശാല്‍ പേര് ഇങ്ങനെയായതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഉച്ചരിച്ചത്’, എന്ന്് അഖില്‍ മറുപടി നല്‍കുന്നുമുണ്ട്.

സംഭവം ഇങ്ങനെ;

അഖില്‍ മാരാര്‍: അവിടെ ചെന്ന് ഗുണ്ടാ ആക്ട് നടപ്പിലക്കുന്ന പ്രഫുല്‍ ഖോഡാ പട്ടേലിന്റെ…..(അവതാരകന്‍ ഇടപെടുന്നു)

അവതാരകന്‍: ദയവായി ആ പരാമര്‍ശം പിന്‍വലിക്കണം അഖില്‍. വ്യക്തിപരമായ ആക്രമണം ദയവായി വേണ്ട.

അഖില്‍: ആരെയാണ്?

അവതാരകന്‍: പ്രഫുല്‍ പോടാ പട്ടേല്‍ എന്ന പരാമര്‍ശം നിങ്ങള്‍ പിന്‍വലിക്കണം. അല്ലല്ല. വ്യക്തിപരമായി നമുക്ക് പലകാര്യങ്ങളുമുണ്ടാവും. പലരീതിയിലും പലരെയും ഇഷ്ടമില്ലാതിരിക്കാം. ഈ ചര്‍ച്ചയില്‍ അത്തരം ആരോപണങ്ങള്‍ വേണ്ട. ഞാന്‍ ആരുടെയും വക്കാലത്ത് എടുക്കുകയല്ല. അഖിലിനുള്ള വ്യക്തിസ്വാതന്ത്ര്യം തന്നെ അദ്ദേഹത്തിനുമുണ്ട്.

അഖില്‍: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് രമണന്‍ എന്നായിരുന്നെങ്കില്‍ ഞാന്‍ രമണന്‍ എന്നോ ഗോപാലന്‍ എന്നോ ആയിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞേനെ. ദൗര്‍ഭാഗ്യവശാല്‍ പേര് ഇങ്ങനെയായതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഉച്ചരിച്ചത്.

അവതാരകന്‍: ശരി ശരി. പറഞ്ഞോളൂ.

‘കേരളത്തിലും ടൂള്‍കിറ്റ് സജീവമോ എന്നതായിരുന്നു’ ജനം ടിവിയുടെ ചര്‍ച്ചാ വിഷയം. ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍, ഫോര്‍വേഡ് ബ്ലോക്ക് പ്രതിനിധി ജി ദേവരാജന്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍.

Also Read: ‘ഞാന്‍ ഇങ്ങനെയൊക്കെയാണ്, ഇനിയും അങ്ങോട്ടും’; ‘സന്മാര്‍ഗ വിമര്‍ശനങ്ങള്‍’ക്ക് മറുപടിയുമായി ബിഷപ്പ് കൂറിലോസ്; ‘ഒരു ബദല്‍ മാതൃകയാകണ്ടേ?’

‘നോട്ട് നിരോധനം, പൗരത്വവിഷയം, കര്‍ഷക സമരം തുടങ്ങി ലക്ഷദ്വീപ് വിഷയത്തിലടക്കം വെടക്കാക്കി തനിക്കാക്കുന്ന പ്രവണത കാണിക്കുന്നത് ബിജെപിയാണ്. രാജ്യത്തെ 82 ശതമാനം ഹിന്ദുക്കളില്‍ നല്ലൊരു ശതമാനത്തെയും തങ്ങളുടെ കൂടെ നിര്‍ത്തിക്കഴിഞ്ഞാല്‍ അധികാരം എല്ലാക്കാലവും നിലനിര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ബിജെപി വെടക്കാക്കി തനിക്കാക്കാന്‍ വേണ്ടി സൃഷ്ടിച്ചുവിടുന്ന ടൂള്‍കിറ്റുകളാണ് ഇതെല്ലാം’, അഖില്‍ ചര്‍ച്ചയില്‍ പറഞ്ഞു.