‘രാഷ്ട്രീയം കാരണം മനോരമ സിനിമ നിരസിച്ചു, ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യുന്നു’; അടുക്കളയുടെ മാപ്പ് വരക്കുമ്പോള്‍ പാവങ്ങളെ പരിഗണിക്കണമെന്ന് ജിയോ ബേബി

മലയാള മനോര ദിനപത്രത്തിലെ ‘ഇന്ത്യന്‍ അടുക്കള സര്‍വ്വീസ്’ പരമ്പരയെ വിയോജിപ്പുകളോടെ പിന്തുണച്ച് സംവിധായകന്‍ ജിയോ ബേബി. വീട്ടമ്മമാരുടെ അടുക്കള ഭാരം ലഘൂകരിക്കുന്നതിനേക്കുറിച്ചുള്ള മനോരമ ഫീച്ചര്‍ ചൂണ്ടിക്കാട്ടിയാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്റെ വിമര്‍ശനം. തന്റെ സിനിമയുടെ രാഷ്ട്രീയം കാരണം ആ സിനിമ നിരസിച്ച മനോരമ അതേ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ജിയോ ബേബി പറഞ്ഞു.

മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ രാഷ്ട്രീയം കാരണം ആ സിനിമ നിരസിച്ച മനോരമയില്‍ നിന്നും ഇങ്ങനെ ഉള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ സന്തോഷം ഉണ്ട് കേട്ടോ.

ജിയോ ബേബി

അടുക്കളജോലിയുടെ ഭാരം കുറയ്ക്കാന്‍ കൈയെത്തും ദൂരത്ത് എല്ലാം സജ്ജീകരിക്കുന്ന വിധത്തില്‍ അടുക്കള ഡിസൈന്‍ മാറ്റി സ്മാര്‍ട്ട് ആക്കണമെന്നും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങണമെന്നും കുടുംബത്തിലെ എല്ലാവരും അടുക്കള ജോലി ചെയ്യണമെന്നും മനോരമ പരമ്പരയുടെ അവസാനഭാഗത്തിലുണ്ട്. ഇതിലെ ചില നിര്‍ദ്ദേശങ്ങള്‍ക്കെതിരേയും സംവിധായകന്‍ വിമര്‍ശനമുന്നയിച്ചു. ജിയോ ബേബിയെ അനുകൂലിച്ച് പോസ്റ്റിന് കീഴില്‍ നടന്‍ ഇര്‍ഷാദ് അലി ‘അതാണ്’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

ഇനി ചര്‍ച്ചിക്കുമ്പോള്‍, അടുക്കളയുടെ മാപ്പ് വരച്ച് കളിക്കുമ്പോള്‍ ഇത്തരം സ്മാര്‍ട്ട് അടുക്കള താങ്ങാന്‍ പറ്റാത്ത ഒരു സമൂഹം കൂടെ ഇവിടെ ജീവിക്കുന്നുണ്ട് എന്നത് പരിഗണിക്കണേ.

ജിയോ ബേബി

സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി സ്ത്രീകള്‍ക്ക് പുതുതായി ഒന്നും നല്‍കുന്നില്ല. ഉപകരണങ്ങള്‍ നല്‍കി അവരെ വീണ്ടും അടുക്കളയില്‍ തളക്കുക മാത്രം ആണ്. അവിടെ നിന്നും ഒരു മോചനം ഇല്ല. ആ രീതിയില്‍ മനോരമക്ക് ചര്‍ച്ച ആവാമായിരുന്നു. കുടുംബശ്രീ തൊഴിലുറപ്പ് പോലുള്ളവ സ്ത്രീകളെ വീടിനു പുറത്ത് എത്തിച്ചു. സ്മാര്‍ട്ട് കിച്ചന്‍ പെണ്ണുങ്ങളെ വീണ്ടും അടുക്കളയില്‍ നിര്‍ത്തുകയാണെന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.

ജിയോ ബേബിയുടെ പ്രതികരണം

“സിനിമയുടെ രാഷ്ട്രീയം കാരണം സിനിമ നിരസിക്കുന്നു. ആ രാഷ്ട്രീയം എടുത്ത് ചര്‍ച്ച ചെയ്യുന്നു. നമുക്ക് എപ്പോളും ചില അളവുകോളുകള്‍ ഉണ്ട് ചില ഇമേജുകള്‍ ഉണ്ട്. അമ്മ എന്ന ഇമേജ് നമ്മള്‍ എങ്ങനെയാണ് കണ്ടിട്ടുള്ളത്? പത്രത്തിലും പാഠപുസ്തകങ്ങളിലും അടക്കം ചിത്രങ്ങില്‍ അമ്മയുടെ കയ്യില്‍ ഒരു തവി കാണും ആ അമ്മ അടുക്കളയില്‍ ആയിരിക്കും, കാലങ്ങള്‍ മാറിയപ്പോള്‍ സംഭവിച്ചത് ആ അമ്മ സാരിയില്‍ നിന്നും സല്‍വാറിലേക്ക് എത്തിയിട്ടുണ്ടാവും എന്നത് മാത്രം ആണ്. പക്ഷേ ആ ഇമേജ് അതിന് മാറ്റം വരുന്നില്ല. സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി എന്താണ് നല്‍കുന്നത്? ഉപകരണങ്ങള്‍ നല്‍കി അവരെ വീണ്ടും അടുക്കളയില്‍ തളക്കുക മാത്രം ആണ്. അവിടെ നിന്നും ഒരു മോചനം ഇല്ല. ആ രീതിയില്‍ മനോരമക്ക് ചര്‍ച്ച ആവാമായിരുന്നു. കുടുംബശ്രീ തൊഴിലുറപ്പ് പോലുള്ളവ സ്ത്രീകളെ വീടിനു പുറത്ത് എത്തിച്ചു. സ്മാര്‍ട്ട് കിച്ചന്‍ പെണ്ണുങ്ങളെ വീണ്ടും അടുക്കളയില്‍ നിര്‍ത്തുകയാണ്. മനോരമയില്‍ നിന്ന് വിളിച്ചു സ്മാര്‍ട്ട് കിച്ചനെ പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ മേല്പറഞ്ഞ അഭിപ്രായം ആണ് പറഞ്ഞത്.(അച്ചടിച്ചു വന്നതും ഞാന്‍ പറഞ്ഞതാണ്) ഇനി ഇന്നത്തെ പത്രത്തിലെ ചിത്രത്തിലെ അടുക്കള നോക്കുമ്പോള്‍ ആ ഇമേജുകള്‍ എന്താണ് പകര്‍ന്നു നല്‍കുന്നത്? അത്തരം അടുക്കളകള്‍ ഇല്ലാത്തവരോട് നിങ്ങള്‍ എന്താണ് സംവേദിക്കുന്നത്? ആ ഇമേജുകള്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒരു സമൂഹം കൂടെ ഇവിടെ ജീവിക്കുന്നുണ്ട്, അവരെ കൂടെ മനോരമ ഉള്‍ക്കൊള്ളണം. ഇമേജുകള്‍ സൃഷ്ട്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഞാന്‍ പോസ്റ്റില്‍ സര്‍ക്കാസം ഉദ്ദേശിച്ചിരുന്നു… പക്ഷേ ഞാന്‍ പ്രസക്തമായ വിഷയം പറഞ്ഞു എന്നാണ് എന്റെ ധാരണ. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. സ്‌നേഹം.”