‘യേശു പടം കണ്ട് ബാഡ് റിവ്യൂ പറഞ്ഞതുകൊണ്ടാണ്’; വൈറല്‍ ‘സന്മാര്‍ഗ’ കഥയെ ട്രോളി ജിയോ ബേബി

സിനിമ കാണുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ‘സന്മാര്‍ഗ’ കഥയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ട്രോള്‍ വിഷയം. ക്രിസ്ത്യന്‍ മതയാഥാസ്ഥിതികവാദ ഉള്ളടക്കമുള്ള മിനിക്കഥ അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ്. കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോകാന്‍ അനുവാദം ചോദിക്കുന്ന മകളോട് യേശു കൂടെയുണ്ടെങ്കില്‍ പോയാല്‍ മതിയെന്ന് പിതാവ് പറയുന്നതും മകള്‍ സിനിമ കാണാനുള്ള ആഗ്രഹം വേണ്ടെന്ന് വെയ്ക്കുന്നതുമാണ് കഥയില്‍.

ഏതോ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്ന കഥയുടെ ചിത്രം വൈറലായതിന് പിന്നാലെ വിമര്‍ശനവും ഉയരുന്നുണ്ട്. തമാശയായി തള്ളിക്കളയേണ്ടതല്ല ഈ കഥയെന്നും ‘വിനോദം ആത്മീയവിരുദ്ധമാണ്’ എന്ന അപരിഷ്‌കൃത വാദമാണ് അതുന്നയിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കഥയെ ട്രോളി സംവിധായകന്‍ ജിയോ ബേബി രംഗത്തെത്തി. ‘യേശു വരുമെന്ന് തോന്നുന്നില്ല’ എന്ന് കഥയിലെ കുട്ടി പറയാന്‍ കാരണം യേശു ബാഡ് റിവ്യൂ പറഞ്ഞ പടം ആയതിനാലാണെന്ന് ജിയോ ബേബി ഫേസ്ബുക്കില്‍ എഴുതി.

നല്ല സിനിമ ഉണ്ടാകാത്തതിന്റെ കുറ്റവും യേശുവിന്റെ പെടലിക്കാണല്ലോ എന്റെ ഈശോയേ.

ജിയോ ബേബി

ഇവര്‍ കഴിഞ്ഞ തവണ പടത്തിനു പോയിട്ട് പടം കഴിഞ്ഞ് ബാറില്‍ കേറി നില്‍പ്പനും അടിച്ച് തട്ടുകടേന്നു ദോശയും പോത്തും ഓരോ ഡബിളും കഴിച്ച്, യേശു യൂദാസിനുള്ള പാഴ്‌സല്‍ പോട്ടിയും വാങ്ങി, ആ പെണ്‍കൊച്ചിനെ ഹോസ്റ്റലിലും വിട്ട്, വരുന്നവഴി ‘യേശു ഏക രക്ഷകന്‍’ എന്നെഴുതിയ മതിലില്‍ കാര്‍ക്കിച്ചു തുപ്പി. ‘ശാന്തമീ രാത്രിയില്‍’ പാട്ടും പാടിയാണ് യേശു പോയത്. തനിക്കറിയാവുന്ന യേശു അങ്ങനെയാണെന്നും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്‍ കുറിച്ചു.

ക്രിസ്തീയ സമൂഹങ്ങള്‍ക്കിടയില്‍ മതയാഥാസ്ഥിതിക വാദം കൂടുതല്‍ ശക്തമാകുകയാണെന്ന് നിരീക്ഷണങ്ങളുണ്ട്. ‘കാസ’, ‘ക്രിസ്ത്യന്‍ സൈബര്‍ വാരിയേഴ്‌സ്’ തുടങ്ങിയ ഫേസ്ബുക്ക് പേജുകള്‍ വഴി വര്‍ഗീയ വിദ്വേഷപ്രചരണം നടക്കുന്നതായി പരാതിയുണ്ട്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുകയാണെന്ന വാദമുയര്‍ത്തി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. ഈശോ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കാസ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയുണ്ടായി. ‘ചേര’ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ‘പിയത്ത’ ശില്‍പത്തിന്റെ ഡിസൈന്‍ ഉപയോഗിച്ചതില്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിച്ചും ഒരു വിഭാഗമാളുകള്‍ രംഗത്തെത്തി. പോസ്റ്റര്‍ ഷെയര്‍ ചെയ്ത കുഞ്ചാക്കോ ബോബന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.