‘ലൗ-നാര്‍ക്കോട്ടിക് ജിഹാദുകള്‍ ഇസ്ലാമിന്റെ ആശയമല്ല’; മുസ്ലിം പേരുള്ളവര്‍ ചെയ്യുന്ന വൃത്തികേടുകള്‍ മതത്തിനുമേല്‍ കെട്ടിവെക്കരുതെന്ന് ജിഫ്രി തങ്ങള്‍

കോഴിക്കോട്: ലൗ ജിഹാദോ നാര്‍ക്കോട്ടിക് ജിഹാദോ ഇസ്ലാമിന്റെ ആശയമല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം പേരുള്ള വ്യക്തികളോ സംഘടനകളോ ചെയ്യുന്ന മോശം കാര്യങ്ങള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുത്. ശരിയായ അര്‍ത്ഥമുള്‍ക്കൊള്ളാതെ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന പേരില്‍ സമസ്ത സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. ‘മുസ്ലിം പേരുകള്‍ ഏത് മതവിഭാഗത്തിലുള്ളവര്‍ക്കും ഇടാം. തിരിച്ചും അങ്ങനെ ചെയ്യാം. മുസ്ലിംപേരുള്ളവര്‍ കള്ളുകുടിക്കുന്നതുകൊണ്ട് കള്ളുകുടിയന്മാര്‍ ഇസ്ലാമാണെന്ന് വിചാരിക്കാന്‍ കഴിയുമോ? മുസ്ലിം പേരുള്ളവര്‍ വ്യഭിചാരം ചെയ്താല്‍ അതിന്റെ അര്‍ത്ഥം ഇസ്ലാം മതം വ്യഭിചാരത്തെ അംഗീകരിച്ചെന്നാണോ? വൃത്തികെട്ട പ്രവൃത്തികള്‍ ചെയ്യുന്ന പലരുമുണ്ടാവും. അതൊന്നും ഇസ്ലാമിന്റെ സന്ദേശമോ ആശയമോ അല്ല’, ജിഫ്രി തങ്ങള്‍ പറഞ്ഞു.

കേവലം ഭാഷാ അര്‍ത്ഥത്തില്‍ മാത്രം ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നത്. ആരെങ്കിലും കാട്ടിക്കൂട്ടുന്ന ഏതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാം മതത്തിന്റെ ചുമലില്‍ ദയവുചെയ്ത് വെച്ചുകെട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ നടത്തിയ പ്രതികരണങ്ങളിലും ജിഫ്രി തങ്ങള്‍ സമാന അഭിപ്രായമായിരുന്നു മുന്നോട്ടുവെച്ചത്.