‘നിങ്ങള്‍ തോല്‍ക്കുന്നതിന് പാര്‍ട്ടി എങ്ങനെ കുറ്റക്കാരാകും?’; ജിതിന്‍ പ്രസാദയുടെ പടിയിറക്കം കോണ്‍ഗ്രസിനെ വഞ്ചിച്ചിട്ടെന്ന് അജയ് കുമാര്‍ ലല്ലു

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതില്‍ പ്രതികരിച്ച് യുപി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. ജിതിന്‍ പ്രസാദയുടെ പടിയിറക്കം കോണ്‍ഗ്രസിനെ വഞ്ചിച്ചുകൊണ്ടാണെന്ന് ലല്ലു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

‘ജിതിന്‍ പ്രസാദയ്ടക്ക് പാര്‍ട്ടി സുപ്രധാന സ്ഥാനമാനങ്ങള്‍ നല്‍കി. ഓരോ തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുന്നില്ലെങ്കില്‍ പാര്‍ട്ടി എങ്ങനെ കുറ്റക്കാരാകും?’, അജയ് കുമാര്‍ ലല്ലു ചോദിച്ചു.

ജിതിന്‍ ഒട്ടും നല്ലകാര്യമല്ല ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സ്വന്തം മണ്ഡലം നിലനിര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ബിജെപിയില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി നിങ്ങളെ സ്ഥാനമാനങ്ങള്‍ നല്‍കി പരിപോഷിച്ചെങ്കില്‍ പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘നന്ദിയുണ്ട് ജിതിന്‍, പാര്‍ട്ടിവിട്ട് പോകുന്നതിന്’; വേറിട്ട പ്രതികരണവുമായി ചത്തിസ്ഗഢ് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന ജിതിന്‍, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍നിന്നും അകല്‍ച്ചയിലായിരുന്നെന്നാണ് വിവരം. മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ ബിജെപിയിലെത്തുന്ന രണ്ടാമത്തെ രാഹുല്‍ ടീം അംഗമാണ് ജിതിന്‍ പ്രസാദ.

ഗാന്ധി കുടുംബത്തിന്റെ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ജിതിനെതിരെ വിമത ശബ്ദങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ വിയോജിപ്പില്‍ വിശദീകരണം ആവശ്യപ്പെട്ട് യുപിയിലെ ലക്ഷ്മിപൂര്‍ ഖേരി യൂണിറ്റ് പ്രമേയം പാസാക്കിയിരുന്നു. യുപി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി തന്നെ പരിഗണിക്കാതെ അജയ് കുമാര്‍ ലല്ലുവിനെ നിയമിച്ചതും ജിതിന്‍ പ്രസാദയെ ചൊടിപ്പിച്ചിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം ധൗറ സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പിന്നീട് സജീവമായിരുന്നില്ല. സംസ്ഥാനത്തെ ബ്രാഹ്‌മിണ സമുദായത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ രൂപം നല്‍കിയ ബ്രാഹ്‌മിണ്‍ ചേതന പരിഷത്തില്‍മാത്രമായി ജിതിന്റ പ്രവര്‍ത്തനങ്ങളൊതുങ്ങുകയായിരുന്നു.

Also Read: നിയമസഭാ തെരഞ്ഞെടുപ്പടുക്കവെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍; പാളയം വിടുന്നത് കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് രാജ്നാഥ് സിങിനെതിരെ ലക്നൗവില്‍ ഒരു ബ്രാഹ്‌മണ നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങളുമായി ബന്ധപ്പെട്ടും ജിതിന്‍ പ്രസാദ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രാജ്നാഥ് സിങിനെതിരെ മത്സരിച്ച് ജയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ധാരണയുണ്ടായിരുന്ന ജിതിന്‍ തന്റെ സ്ഥാനാര്‍ത്ഥ്യത്തില്‍ത്തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസാദ ധൗറ സീറ്റില്‍ നിന്ന് മത്സരിക്കുകയും തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിടുകയുമായിരുന്നു.

2001ല്‍ ഇന്ത്യന്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിട്ടായിരുന്നു ജിതിന്‍ പ്രസാദയുടെ രാഷ്ട്രീയ ഉദയം. 2004ല്‍ ഷഹ്ജന്‍പുരില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2008-ല്‍ കേന്ദ്ര സഹമന്ത്രിസ്ഥാനവും ലഭിച്ചു.

2009ല്‍ ധൗറയില്‍നിന്നും മത്സരിച്ച് വീണ്ടും വിജയിച്ച് ലോക്സഭയിലെത്തി. 2009 മുതല്‍ 2011 വരെ കേന്ദ്ര ഗതാഗത സഹമന്ത്രിയായി. 2011 മുതല്‍ 2012 വരെ പെട്രോളിയം സഹമന്ത്രിയായും 2012 മുതല്‍ 2014 വരെ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.