കർഷകർക്ക് ശേഷം തൊഴിൽരഹിതരോ? പ്രക്ഷോഭം കനക്കുന്നു; ബിഹാറിൽ നാളെ ബന്ദ്, സമരം അയൽ സംസ്ഥാനങ്ങളിലേക്കും

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിയമന രീതികൾക്കെതിരെ ബിഹാറിലും ഉത്തർ പ്രദേശിന്റെ അതിർത്തിയിലും നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നു. തൊഴിൽ രഹിതരായ ആയിരക്കണക്കിന് യുവാക്കളാണ് വിവിധയിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി വലിയ പ്രക്ഷോഭം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഉദ്യോഗാർത്ഥികളുടെ സംഘടനകൾ.

കഴിഞ്ഞ ദിവസങ്ങളിൽ സമരം സംഘർഷത്തിലേക്ക് പോയതോടെ ട്രെയിനുകൾക്ക് തീവെയ്ച്ച പ്രക്ഷോഭകർ വിവിധയിടങ്ങളിൽ പോലീസുമായി ഏറ്റുമുട്ടി. ബിഹാറിലെ ഗയയിലും ജഹാനാബാദിലുമാണ് ആദ്യം പ്രക്ഷോഭം രൂക്ഷമായത്. നാല് ട്രെയിനുകൾക്ക് ഗയയിൽ തീയിട്ടു. ബിഹാർഷെരീഫ് സ്റ്റേഷനിൽ ഉൾപ്പടെ കൊൽക്കത്ത-ഡൽഹി പ്രധാന റെയിൽവേ മാർഗവും സമരക്കാർ തടഞ്ഞു. തലസ്ഥാനമായ പാറ്റ്ന, ഭഗൽപൂർ, സസറാം, സമസ്തിപൂർ, ഛപ്ര പ്രദേശങ്ങളിലും വലിയ സമരവും സംഘർഷവും തുടരുകയാണ്.

റെയിൽവേ നടത്തിയ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗത്തിലേക്ക് ജോലിക്കായുള്ള പരീക്ഷയുടെ വിജ്ഞാപനത്തിന് വിരുദ്ധമായി ആദ്യ പരീക്ഷക്ക് പുറമെ രണ്ടാമതും പരീക്ഷ പ്രഖ്യാപിച്ചതോടെയാണ് ഉദ്യോഗാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ചത്. ഫലം പ്രഖ്യാപിച്ച ആദ്യ ഘട്ട പരീക്ഷ റദ്ദ് ചെയ്യരുതെയാണ് സമരക്കാരുടെ പ്രധാന ആവശ്യം. നിയമന ക്രമക്കേടും സമരക്കാർ ആരോപിക്കുന്നുണ്ട്.

പ്രക്ഷോഭം സംഘർഷഭരിതമായതോടെ റെയിൽവേ മന്ത്രാലയം വിഷയം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. മാർച്ച് നാലിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം നീട്ടികൊണ്ടുപോകാനുള്ള അടവ് മാത്രമാണ് കമ്മിറ്റി എന്ന് വാദിച്ച ഉദ്യോഗാർത്ഥികൾ സമരം തുടരാൻ തീരുമാനിച്ചു.

കേവലം റെയിൽവേ നിയമനത്തിലെ പ്രതിഷേധം മാത്രമല്ല ഇതെന്നും രാജ്യത്തെ തൊഴിൽ രഹിതരുടെ പ്രക്ഷോഭമാണെന്നുമാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. സമരക്കാർക്ക് പിന്തുണയുമായി എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചു. വിവിധ ഇടത് സംഘടനകളും സമരത്തിന് നേതൃത്വം നൽകുന്നുണ്ട്.

രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കളെ അണിനിരത്തി വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സമര നേതാക്കൾ പദ്ധതിയിടുന്നത്. തൊഴിലില്ലായ്‌മ നിരക്ക് വളരെ ഉയരെയാണ് ബിഹാറിൽ. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 19 ലക്ഷം തൊഴിൽ അഞ്ചുവർഷംകൊണ്ട് ഉറപ്പുവരുത്തുമെന്ന് എൻഡിഎ മുഖ്യമന്ത്രി നിതീഷ് കുമാർ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഈ ദിശയിൽ കാര്യമായ നടപടികൾ ഒന്നുമുണ്ടായിട്ടില്ല. കഴിഞ്ഞമാസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 16 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക്.

അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡിലേക്കും ഉത്തർ പ്രദേശിലേക്കും പ്രക്ഷോഭം വ്യാപിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇരുസംസ്ഥാനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സമരം വ്യാപിച്ചാൽ തെരഞ്ഞെടുപ്പ് നേരിടുന്ന ഉത്തർ പ്രദേശിൽ അത് നിർണായകമാകും.

ഇതിനിടെ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ സമരത്തിൽ പങ്കെടുത്തു എന്നാരോപിച്ച് മത്സരപരീക്ഷകൾക്കായി വിദ്യാത്ഥികൾ പഠിക്കുന്ന മുറികളിൽ കയറി പൊലീസ് അതിക്രമം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ ഉത്തർ പ്രദേശിൽ സസ്‌പെൻഡ് ചെയ്‌തു.