പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം; ജോലി നല്‍കേണ്ടത് തങ്ങള്‍ക്കായിരുന്നില്ലേയെന്ന് ശരത്‌ലാലിന്റെ അച്ഛന്‍; ‘കൊലയാളികളെ സംരക്ഷിക്കുമെന്നല്ലേ സന്ദേശം’

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഐഎം ശുപാര്‍ശയില്‍ ജോലി നല്‍കിയത് വിവാദമാവുന്നു. പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനം നീചമെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ലാലിന്റെ അച്ഛന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നടപടികളില്‍ അതിശോക്തി തോന്നുന്നില്ല. ജോലി വേണ്ടത് തങ്ങളുടെ കുടുംബത്തിനായിരുന്നില്ലേയെന്നും അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇക്കാര്യത്തില്‍ വലിയ അതിശയോക്തിയൊന്നും തോന്നുന്നില്ല. നമ്മുടെ കുട്ടികളെ വെട്ടിക്കൊന്നിട്ട് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കളിച്ച ഒരുപാട് കളികളുണ്ടല്ലോ. സിബിഐ വരാതിരിക്കാനും, അവരെ രക്ഷിക്കാനും കള്ളക്കുറ്റപത്രമുണ്ടാക്കി അവരെ സംരക്ഷിക്കാനുമൊക്കെയായി. അതുകൊണ്ടുതന്നെ ഇതിലും അതിശയോക്തി ഒന്നുമില്ല. എന്നാലും ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമെന്താണ്? കൊലയാളികളെ സംരക്ഷിക്കും, അവര്‍ക്ക് ജോലി നല്‍കും, ഉന്നതങ്ങളില്‍ എത്തിക്കും എന്നൊക്കെയല്ലേ’, അദ്ദേഹം ചോദിച്ചു.

Also Read: ‘എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടു; മുന്നറിയിപ്പ് തന്നത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഐഎം ശുപാര്‍ശയില്‍ താല്‍ക്കാലിക ജോലി ലഭിച്ചത്. മുഖ്യപ്രതി പീതംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. കഴിഞ്ഞമാസം ഇവരെ നിയമിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. സിപിഐഎമ്മാണ് ഇവിടെ ഭരിക്കുന്നത്.