ജോണ്‍ ലൂതര്‍ വ്യത്യസ്തമായ ത്രില്ലര്‍; ജയസൂര്യയുടേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രം: സംവിധായകന്‍

അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയതിനാല്‍, കോവിഡിന് മുന്‍പ് കമ്മിറ്റ് ചെയ്ത ചില പ്രൊജക്ടുകളില്‍ നിന്ന് താന്‍ പിന്മാറിയെന്ന് നേരത്തെ നടന്‍ ജയസൂര്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2019ല്‍ ചര്‍ച്ച ആരംഭിച്ച അഭിജിത് ജോസഫിന്‌റെ ത്രില്ലര്‍ ‘ജോണ്‍ ലൂതര്‍’ ജയസൂര്യയെ തുടക്കം മുതലേ ആവേശഭരിതനാക്കിയ ചിത്രമായിരുന്നു.

ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്‌റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സംവിധായകന്‍ അഭിജിത് ജോസഫ്.

‘2019ല്‍ തന്നെ ജയേട്ടന്‍ ഈ സിനിയ്ക്ക് സമ്മതം നല്‍കിയിരുന്നു. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. അതിനു ശേഷം ഒടിടിയില്‍ ധാരാളം ത്രില്ലര്‍ ഗണത്തിലുള്ള സിനിമകള്‍ റിലീസ് ചെയ്തു. വീണ്ടും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കാനൊരുങ്ങിയപ്പോള്‍ കോവിഡിന്‌റെ സെക്കന്‍ഡ് വേവ് എത്തി,’ ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിജിത് പറഞ്ഞു.

നേരത്തെ പ്ലാന്‍ ചെയ്തിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

‘സിനിമയുടെ ഉള്ളടക്കം അടുത്തിടെ വന്ന ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ട്രെയിലറിന് ലഭിച്ച സ്വീകാര്യതയുടെ ഒരു കാരണവും അതു തന്നെയായിരിക്കും.’

ഒരു അന്വേഷണത്തിനിടെ ഭാഗികമായി കേള്‍വി നഷ്ടപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‌റെ വേഷത്തിലാണ് ജയസൂര്യ ജോണ്‍ ലൂതറില്‍ എത്തുന്നത്.

‘ക്യാപ്റ്റന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. മുംബൈ പൊലീസിലും മറ്റ് ചിത്രങ്ങളിലും അദ്ദേഹം അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം. അദ്ദേഹത്തിന്‌റെ കഴിവിനെ കുറിച്ചും കഥാപാത്രങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്‌റെ ശ്രമത്തെ കുറിച്ചും നമുക്കെല്ലാം അറിയാം. ജോണ്‍ ലൂതറിലെ അദ്ദേഹത്തിന്‌റെ കഥാപാത്രം തന്നെ വ്യത്യസ്തമാണ്. കാരണം അത് അദ്ദേഹത്തിന് തന്നെ വെല്ലുവിളിയായിരുന്നു. പക്ഷെ ആ വേഷത്തെ മൊത്തത്തില്‍ വേറിട്ടു നിര്‍ത്തുന്ന സൂക്ഷമതകള്‍ ജയേട്ടന്‍ കൊണ്ടുവന്നിട്ടുണ്ട്.’

ജൂണ്‍ ലൂതര്‍ ഒരു തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്നും മെയ് അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിജിത് ജോസഫ് പറയുന്നു.