കാര്‍ തകര്‍ത്തെന്ന കേസ്; ജോജുവിന്റെ മൊഴിയെടുക്കും; കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വാര്‍ത്താ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. നടന്റെയൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ജോജു പരാതി നല്‍കിയതിനേത്തുടര്‍ന്ന് മരട് പൊലീസ് ഇന്നലെ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. നടനെ ഇന്ന് മരട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കും. കാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച ശേഷം കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കും.

ജോജുവിനെതിരെ മഹാളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കണോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും പൊലീസ് നടപടി.

ജോജുവിന്റെ റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ തല്ലിത്തകര്‍ത്തെന്ന കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ കേസെടുത്തിട്ടുണ്ട്. ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. വാഹനം തടഞ്ഞു, ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു, വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു എന്നെല്ലാമാണ് എഫ്‌ഐആറിലുള്ളത്. ആക്രമണത്തില്‍ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപരോധം മൂലം വാഹനഗതാഗതം തടസപ്പെട്ടു. യാത്ര തടസപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ജോജു ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചു. കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന കുട്ടിയും സ്‌കാനിങ്ങിന് പോകുന്ന ഗര്‍ഭിണിയും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് കണ്ടെന്ന് ജോജു പറഞ്ഞു. വഴി തടഞ്ഞ് സമരം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചതോടെ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. ബ്ലോക്കില്‍ കിടന്നവരില്‍ ചിലരും സമരത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തി. ഇതോടെ ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ജോജുവിന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു. എസ്‌ഐ ജോജുവിന്റെ കാറിന് അകത്ത് കയറിയാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെയാണ് കാറിന്റെ ചില്ല് തകര്‍ന്നത്.