കൊച്ചി: നടന് ജോജു ജോര്ജുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അട്ടിമറിച്ചത് സംവിധായകന് ബി ഉണ്ണികൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ ടോണി ചമ്മണി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ നിലപാട് എല്ലാവര്‍ക്കുമറിയാം. ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയകക്ഷികള്‍ സമരം ചെയ്യുമ്പോള്‍ അതില്‍ സിനിമാ പ്രവര്‍ത്തകര്‍ കക്ഷിചേരരുതെന്നും ടോണി ചമ്മണി പറഞ്ഞു.
‘ഉണ്ണികൃഷ്ണന് സിപിഐഎമ്മിന്റെ സഹയാത്രികനാണ്. അതെല്ലാവര്‍ക്കുമറിയാം. ഏത് രാഷ്ട്രീയനിലപാടിനോടും യോജിക്കാനും വിയോജിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെതിരായ വ്യാജപരാതിയുടെ കുഴലൂത്തുകാരനായി ഉണ്ണികൃഷ്ണന് മാറി’, അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണനാണെന്നും ടോണി ആരോപിച്ചു.
കോണ്‍ഗ്രസ് സമരം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുമെന്ന് തോന്നിയപ്പോള്‍ സിപിഐഎം ജോജുവിനെ കരുവാക്കുകയായിരുന്നു. ജോജു സിപിഐഎമ്മിന്റെ കരുവായതില് സങ്കടമുണ്ടെന്നും ടോണി ചമ്മണി പറഞ്ഞു. കോണ്‍ഗ്രസ് സമരം അലങ്കോലമാക്കിയ ജോജു സിപിഐഎം ജില്ലാ സമ്മേളന റാലികള്‍ കാരണം ഗതാഗത തടസമുണ്ടാകുമ്പോള്‍ ഇടപെടുമോ എന്നും അദ്ദേഹം ചോദിച്ചു.
മരട് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കീഴടങ്ങാനെത്തിയതായിരുന്നു ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ ഒന്നാം പ്രതിയാണ് അദ്ദേഹം. പ്രതിപ്പട്ടികയിലുള്ള രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാദം നീട്ടിക്കൊണ്ടുപോകേണ്ടെന്ന എറണാകുളം ഡിസിസിയുടെ തീരുമാനപ്രകാരം പ്രതിപ്പട്ടികയിലെ നാലുനേതാക്കള്ക്കൂടി കീഴടങ്ങുകയായിരുന്നു.
തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് പറഞ്ഞ ടോണി ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അറിയിച്ചു. അധികൃതരേയും ജനങ്ങളെയും അറിയിച്ച ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പരിസരത്ത് ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ജോജുവിന്റെ കോലം കത്തിച്ചു. കീഴടങ്ങിയവരെ റിമാന്‍ഡ് ചെയ്തു.