‘ആ മരം അത്രയും നാള്‍ വേരുകള്‍ ശക്തമാക്കുകയായിരുന്നു’; ജോജു ജോര്‍ജ് ചൈനീസ് ബാംബു പോലെയെന്ന് കൃഷ്ണ ശങ്കര്‍

ജോജു ജോര്‍ജ് തന്നേപ്പോലെയുള്ള നടന്മാര്‍ക്ക് വലിയ പ്രചോദനമാണെന്ന് കൃഷ്ണ ശങ്കര്‍. ചൈനീസ് ബാംബൂ ട്രീ പോലെയാണ് ജോജുവെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു. ചൈനീസ് ബാംബൂ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ അഞ്ച് വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും ആറ് ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും ആറ് ആഴ്ചയില്‍ ഉണ്ടായതല്ലെന്നും നടന്‍ സൂചിപ്പിച്ചു. ജോജു മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായും ചെറിയ റോളുകളിലും പതിറ്റാണ്ടുകള്‍ ചെലവിട്ടത് പരോക്ഷമായി പറഞ്ഞാണ് കൃഷ്ണ ശങ്കറിന്റെ പ്രതികരണം.

ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയില്‍ തന്റെ അര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്.

കൃഷ്ണ ശങ്കര്‍

ജഗമേ തന്തിരത്തിലെ ക്യാരക്ടര്‍ പോസ്റ്ററും കൃഷ്ണശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ധനുഷിന്റെ വില്ലനായെത്തുന്ന ജോജുവിന്റെ ശിവദാസിനെയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ലണ്ടന്‍ പശ്ചാത്തലമാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഗാങ്സ്റ്ററുടെ റോളാണ് ജോജുവിന്. ട്രെയിലറിലെ ജോജു രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോസ്, മലയാളി നടി ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 18ന് ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സിലെത്തും.

Also Read: ലണ്ടന്‍ തെരുവില്‍ ഗാങ്സ്റ്ററായി ധനുഷും ജോജുവും; ഗയ് റിച്ചി മൂഡില്‍ ജഗമേ തന്തിരം ട്രെയ്‌ലര്‍