കൊച്ചി: ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് അനുഭവിച്ചതുകൊണ്ടുമാത്രമാണ് താന്‍ പ്രതിഷേധിച്ചതെന്ന് നടന് ജോജു ജോര്‍ജ്. തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരായിട്ടല്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതൊരു പ്രശ്നമായി ഏറ്റെടുക്കേണ്ടതില്ല. തന്റെ അമ്മയൊരു കോണ്‍ഗ്രസുകാരിയാണെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ ഒരു രാഷ്ട്രീയപാര്ട്ടിക്കുമെതിരെ നടത്തിയ പ്രതിഷേധമല്ല. എന്റെ വണ്ടിയുടെ അപ്പുറത്തുണ്ടായിരുന്നത് കീമോയ്ക്ക് കൊണ്ടുപോകുന്ന രോഗിയായിരുന്നു. കേരളത്തില്‍ റോഡുകള്‍ പൂര്‍ണമായും ഉപരോധിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ആളുകള്‍ വണ്ടിയിലിരുന്ന് ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞത്. അതിന് ശേഷം ഇപ്പോള്‍ എനിക്കെതിരെ സമരക്കാര്‍ പരാതി നല്‍കിയിരിക്കുന്നത് ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്നാണ്. ഞാന്‍ മദ്യപിക്കുന്ന ആളുതന്നെയാണ്, പക്ഷേ, ഞാനിപ്പോള്‍ മദ്യപിച്ചിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിനോടോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ അല്ല ഞാന്‍ പറഞ്ഞത്. അവിടെയുണ്ടായിരുന്ന ആളുകളോടാണ്. എന്റെ അച്ഛനെയും അമ്മയെയും മൂന്നാല് നേതാക്കള്‍ പച്ചത്തെറി വിളിച്ചു’, ജോജു വിശദീകരിക്കുന്നതിങ്ങനെ.
സിനിമാ നടനായതുകൊണ്ട് തനിക്ക് അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ എന്നും ജോജു ചോദിച്ചു. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ ഇനി തന്നെ ബന്ധപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് ഇതൊരു ഷോ അല്ല. ഷോ കാണിക്കാന്‍ വേണ്ടിയാണ് നടനായത്. അതില്‍ക്കൂടുതല്‍ ഷോയൊന്നും കാണിക്കാനില്ലെന്നും ജോജു പറഞ്ഞു.
കാര്‍ തകര്‍ത്തതിനും തന്നെ അധിക്ഷേപിച്ചതിനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോജു പറഞ്ഞു. ‘അവിടെ കൂടിയ നേതാക്കള്‍ക്കെതിരെയാണ് പരാതി. ഇത് ഒരു തരത്തിലും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ട കാര്യമില്ല. കാരണം, എന്റെ അമ്മ കോണ്‍ഗ്രസുകാരിയാണ്. ഇത് ചില വ്യക്തികള്‍ മാത്രം ഉള്‍പ്പെട്ടുള്ള പ്രശ്നമാണ്’.
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. സ്വന്തം വാഹനത്തില്‍നിന്ന് നിരത്തിലേക്കിറങ്ങിയ ജോജു രോഷാകുലനാവുകയും സമരത്തിനെതിരെ തിരിയുകയും ചെയ്യുകയായിരുന്നു. രണ്ടുമണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ല എന്നുമായിരുന്നു ജോജു മാധ്യമങ്ങളോട് പറഞ്ഞത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് ജോജു പ്രതിഷേധം തുടര്‍ന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു.