ജോജു വിവാദം ഒത്തുതീര്‍പ്പിലേക്ക്; ജോജുവും ഞങ്ങളും തെറ്റ് സമ്മതിച്ചെന്ന് ഡിസിസി അധ്യക്ഷന്‍

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജുമായുണ്ടായ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നെന്ന സൂചനകള്‍ നല്‍കി എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ഒത്തുതീര്‍പ്പ് ശ്രമം നടക്കുകയാണ്. ഇരുവിഭാഗവും തെറ്റുകള്‍ സമ്മതിച്ചെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പ്രതികരിച്ചു.

ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. ഇരുകൂട്ടരുടെയും ഭാഗത്തുനിന്നുമുണ്ടായ പെട്ടന്നുള്ള പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘പെട്ടെന്നുണ്ടായ മാനസികാവസ്ഥയില്‍ ജോജുവിനും തിരിച്ചുണ്ടായ പ്രതികരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പിഴവുണ്ടായി. പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന വിഷയമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കും. പ്രശ്‌നം രമ്യമായി പരിഹരിക്കും. മനുഷ്യസഹജമായ സംഭവങ്ങള്‍ മാത്രമാണുണ്ടായത്. അതിനെ ശത്രുതാപരമായോ പര്‍വ്വതീകരിച്ചോ കാണേണ്ട കാര്യമില്ല. ഉള്ളുതുറന്ന സമീപത്തോടെ രമ്യമായി പ്രശ്‌നം പരിഹരിക്കാനുള്ള മാനസികാവസ്ഥ കോണ്‍ഗ്രസിനുണ്ട്’, ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തത്. അതൊരിക്കലും ജോജുവിന് എതിരായിട്ടില്ല. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസിലായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചെന്നും ഷിയാസ് വ്യക്തമാക്കി. കോണ്‍ഗ്രസ് എംപി ഹൈബി ഈഡനടക്കമുള്ള നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയെന്നാണ് വിവരം.

കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപരോധം മൂലം വാഹനഗതാഗതം തടസപ്പെട്ടിരുന്നു. യാത്ര തടസപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ജോജു ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന കുട്ടിയും സ്‌കാനിങ്ങിന് പോകുന്ന ഗര്‍ഭിണിയും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് കണ്ടെന്ന് ജോജു പറഞ്ഞു.

വഴി തടഞ്ഞ് സമരം ചെയ്യുന്നത് ചോദ്യം ചെയ്തതോടെ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. ബ്ലോക്കില്‍ കിടന്നവരില്‍ ചിലരും സമരത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തി. ഇതോടെ ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ജോജുവിന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു. എസ്‌ഐ ജോജുവിന്റെ കാറിന് അകത്ത് കയറിയാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ 80 ലക്ഷത്തിലധികം വിലയുള്ള റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഇതിനെതിരെ ജോജു നല്‍കിയ പരാതിയും ജോജു അധിക്ഷേപിച്ചെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുമാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. വാഹനം നശിപ്പിക്കല്‍, അനുമതിയില്ലാതെ വഴിതടയല്‍ എന്നിങ്ങനെ രണ്ട് കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം എട്ടുപേര്‍ക്കെതിരെയാണ് വാഹനം നശിപ്പിച്ചെന്ന ജോജുവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്. കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.