‘ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തര്‍ക്കവിഷയം തന്നെ’; സിനിമാ മേഖലയോടുള്ള വിദ്വേഷമായി അത് മാറരുതെന്ന് സതീശനോട് ഫെഫ്ക

സിനിമ ലൊക്കേഷനുകളില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ കത്ത്. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട പ്രതിഷേധത്തെ സഹിഷ്ണുതയോടെ, ജനാധിപത്യപരമായി കാണുന്നതാണ് ഉചിതം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലേക്ക് മാര്‍ച്ച് നടത്തിയതും സമാന പ്രതിഷേധങ്ങള്‍ നടത്തുമെന്ന് ചില നേതാക്കള്‍ പറഞ്ഞതുമാണ് താന്‍ ഈ കത്തെഴുതാന്‍ കാരണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍ കോണ്‍ഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുത്.

ബി ഉണ്ണികൃഷ്ണന്‍

സംഘടനയില്‍ അംഗമല്ലെങ്കില്‍ പോലും ജോജുവിന്റെ വിഷയത്തില്‍ ഇടപ്പെട്ടത്, ഒരു പ്രതിസന്ധിയില്‍ ഒരു സിനിമാപ്രവര്‍ത്തകനും ഒറ്റപ്പെട്ട് പോകരുത് എന്ന ഫെഫ്കയുടെ പൊതുനിലപാടിനാലാണെന്ന് ബി ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒരാളോട് രാഷ്ട്രീയമായി വിയോജിക്കുന്നതും വിമര്‍ശിക്കുന്നതും, അയാളില്‍ ‘മദ്യപന്‍,’ ‘ ലഹരിക്കടിപ്പെട്ടവന്‍,’ ‘പെണ്ണുപിടിയന്‍,’ തുടങ്ങിയ മധ്യവര്‍ഗ്ഗ പൊതുബോധത്തിന് പഥ്യമായ ‘വെറുക്കപ്പെടേണ്ടവന്റെ’ ശീലഗുണങ്ങള്‍ യാതൊരു അടിസ്ഥാനവുമായി ചാര്‍ത്തിക്കൊടുത്തുകൊണ്ടല്ല. ജോജു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകനെ അങ്ങിനെ പൊതുസമൂഹത്തിനു മുമ്പില്‍ അപമാനിച്ചതില്‍ മാത്രമാണ് ഞങ്ങളുടെ പ്രതിഷേധവും ഉത്ക്കണ്ഠയും.

ഈ പ്രശ്‌നം ഒത്തുതീര്‍ക്കുന്നതില്‍ ജോജു എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല. ഞാന്‍ സിപിഐഎം ഫ്രാക്ഷന്‍ നേതാവാണെന്നും ഒത്തുതീര്‍പ്പ് അട്ടിമറിച്ചെന്നുമുള്ള ആരോപണം അസത്യമാണ്. ഞാന്‍ ഒരു ഫ്രാക്ഷനിലും പ്രവര്‍ത്തിക്കുന്നില്ല. വ്യക്തിപരമായി എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം യോജിച്ചും വിയോജിച്ചും സഞ്ചരിക്കുന്ന ഒന്നാണ്. ചലച്ചിത്രമേഖലയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മില്‍ ഇതുവരെ പുലര്‍ത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടര്‍ന്നും അങ്ങിനെ തന്നെ നിലനില്‍ക്കണമെന്നാണ് ഫെഫ്ക ആഗ്രഹിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ജോജു വിവാദം: ടോണി ചമ്മണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളോട് കീഴടങ്ങാന്‍ ഡിസിസി; സ്‌റ്റേഷനിലേക്ക് ജാഥയായെത്തും