‘പാലാ വിട്ടുനല്‍കിയാല്‍ കാപ്പനെ സംരക്ഷിക്കാമെന്ന് എല്‍ഡിഎഫ് വാക്കുകൊടുത്തിരുന്നു’; ജയിക്കുന്നത് വെല്ലുവിളിയാണെന്ന് അറിയാമായിരുന്നെന്ന് ജോസ് കെ മാണി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് തനിക്ക് വിട്ടുനല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. പാലായില്‍ ജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും പാലായില്‍ത്തന്നെ മത്സരിക്കണമെന്നത് തന്റെ രാഷ്ട്രീയപരമായ തീരുമാനമാണെന്നും ജോസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മല്‍സരിക്കണമെന്നത്, ഞാനെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു. സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നു’, ജോസ് കെ മാണി പറയുന്നതിങ്ങനെ.

പാലാ മണ്ഡലം തനിക്ക് വിട്ടുനല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ഡിഎഫ് ശൈലി. മറ്റൊരിടത്തേക്കു മാറി മല്‍സരിക്കാന്‍ കാപ്പന്‍ തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് ആരോപിക്കുന്നു.

Also Read: ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല, പക്ഷേ, കോണ്‍ഗ്രസ് എന്തുകൊണ്ട് നിലനില്‍ക്കണം?’; സക്കറിയ പറയുന്നു

കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ പ്രവര്‍ത്തകരും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.