തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷന് ചെയര്‍മാനായേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കളുമായി ജോസ് നടത്തിയ ചര്‍ച്ചയില്‍ കാബിനറ്റ് റാങ്കുള്ള പദവി നല്കാന് ധാരണയാന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന്.
വിഎസ് അച്യുതാനന്ദനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനുവേണ്ടി ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയത്.
മന്ത്രിസ്ഥാനത്തിനു തുല്യമായ പദവിയാണിത്. ഒരു വകുപ്പിന്റെയും കീഴിലല്ല ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്. റിപ്പോര്‍ട്ട് ചെയ്യേണ്ട ആള് നേരിട്ട് മുഖ്യമന്ത്രിയുമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു വിഎസ് കമ്മിഷന് ചെയര്മാന് സ്ഥാനമൊഴിഞ്ഞത്. വിഎസ് അധ്യക്ഷനായിരിക്കെ കമ്മിഷന് മുന്നോട്ടുവെച്ച പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്ന വിമര്‍ശനം നേരത്തെതന്നെ ഉയര്‍ന്നിരുന്നു.
ജോസിന് ഈ പദവിയല്ലെങ്കില്‍ പുതിയ കാര്‍ഷിക കമ്മിഷന് രൂപീകരിച്ച് ചെയര്മാന് സ്ഥാനം നല്‍കാനും സിപിഐഎം ആലോചിക്കുന്നുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബിനറ്റ് റാങ്കുള്ള പദവി നല്കിയാല് ജോസ് രാജിവച്ചിറങ്ങിയ രാജ്യസഭാ സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പരാജയപ്പെട്ട ജോസിന് നിലവില്‍ സര്‍ക്കാരില്‍ പദവികളൊന്നുമില്ല. ജോസ് സിപിഐഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്നു സിപിഐഎം ഉറപ്പു നല്‍കിയത്. നിലവില്‍ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരള കോണ്‍ഗ്രസിനുള്ളത്.
വിഎസ് രാജിവെച്ചൊഴിഞ്ഞ ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് സ്ഥാനം ഇക്കുറി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് നല്‍കാനായിരുന്നു സിപിഐഎം ആദ്യമുണ്ടാക്കിയിരുന്ന ധാരണ. അതുകൊണ്ടുതന്നെ ഈ ഉന്നതപദവി മുന്നണിയില്‍ പുതുതായി എത്തിയ ഘടകകക്ഷിക്ക് നല്‍കുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് നല്കാവുന്ന പദവി വെച്ചുമാറുന്നതിലെ ആശയക്കുഴപ്പവും പാര്‍ട്ടിക്കുണ്ട്.
അതേസമയം തന്നെ, കഴിഞ്ഞ തവണത്തേതിന് സമാനമായി പുതിയ കാര്‍ഷിക കമ്മിഷന് രൂപീകരിക്കുന്നതു അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുമെന്ന അഭിപ്രായം ചില നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.