പ്രവര്‍ത്തനശ്രദ്ധ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ; ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചേക്കില്ല

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന ജോസ് കെ മാണിയുടെ തീരുമാനത്തേത്തുടര്‍ന്നാണിത്. ജോസ് കെ മാണിയുടെ രാജിയേത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് ഇടതുമുന്നണി കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കാനാണ് സാധ്യത. മുന്‍പ് യുഡിഎഫ് വിട്ട എല്‍ജെഡി രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ഇടതുമുന്നണിയിലേക്ക് വന്നത്. രാജ്യസഭാ സീറ്റ് രാജിവെച്ചുവരുന്ന ഘടകക്ഷിക്ക് അതേ സീറ്റ് നല്‍കുന്നത് എല്‍ഡിഎഫ് ഇത്തവണയും ആവര്‍ത്തിച്ചേക്കും. അന്തിമതീരുമാനം മുന്നണി യോഗത്തിലുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവ് രാജ്യസഭയിലേക്ക് മത്സരിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായം. സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ‘എല്ലാം ഉചിത സമയത്ത് പാര്‍ട്ടി തീരുമാനിക്കും’ എന്നാണ് ജോസ് കെ മാണി മറുപടി നല്‍കിയിരിക്കുന്നത്. ജോസ് കെ മാണി മത്സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് ടോം പുലിക്കുന്നേല്‍ മുന്‍പ് പ്രതികരിച്ചിരുന്നു. രാജ്യസഭയിലേക്കില്ലെന്ന് ജോസ് വ്യക്തമാക്കിയാല്‍ സ്റ്റീഫന്‍ ജോര്‍ജ് അടക്കമുള്ള നേതാക്കളെ കേരള കോണ്‍ഗ്രസ് എം പരിഗണിക്കും.

നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേ ദിവസം തന്നെ വോട്ടെണ്ണലുണ്ടാകും. നവംബര്‍ ഒമ്പതിന് വിജ്ഞാപനം ഇറങ്ങും. നവംബര്‍ 16ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. നവംബര്‍ 22 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ച രാജ്യസഭാ സീറ്റ് രാജിവെച്ചത്. സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നീണ്ടുപോയി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 2024 ജൂലൈ വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി.

മന്ത്രി റോഷി അഗസ്റ്റിന്‍, ജോസ് കെ മാണി

പാലായില്‍ മാണി സി കാപ്പനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത് ജോസ് കെ മാണിക്ക് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. പിതാവ് കെ. എം മാണി അരനൂറ്റാണ്ടോളം കോട്ട പോലെ കാത്ത പാലാ മണ്ഡലത്തില്‍ 15,378 വോട്ടിനാണ് ജോസ് തോറ്റത്. ഇതോടെ എല്‍ഡിഎഫ് മന്ത്രിസഭാംഗത്വ പ്രതീക്ഷകള്‍ക്കും വിരാമമായി. ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ജോസ് തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി.

2018 ജൂണിലാണ് യുഡിഎഫിന്റെ രാജ്യസഭാംഗമായി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. ബാര്‍ കോഴ കേസിനേത്തുടര്‍ന്ന് യുഡിഎഫുമായി തെറ്റിയ കെ. എം മാണിയെ അനുനയിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ജോസ് കെ മാണിക്ക് യുഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയത് മുന്നണിയിലും പോഷക സംഘടനയിലും വലിയ പൊട്ടിത്തെറികളുണ്ടാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി കോണ്‍ഗ്രസ് പരിധികള്‍ വിട്ട് വിട്ടുവീഴ്ച്ചകള്‍ ചെയ്യുകയാണെന്നും സ്വന്തം പാര്‍ട്ടിയിലുള്ളവരെ തഴയുകയാണെന്നും പരാതികളുയര്‍ന്നു. ഇവയെല്ലാം അവഗണിച്ച് യുഡിഎഫ് മുന്നോട്ടു പോകുന്നതിനിടെയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നത്. ധാരണ പ്രകാരം ജോസ് പക്ഷം ജോസഫ് പക്ഷത്തിന് സീറ്റ് കൈമാറേണ്ടതായിരുന്നു. തുടര്‍ന്ന് സമവായചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി. പുറത്താക്കിയതുമുതല്‍ തങ്ങള്‍ നല്‍കിയ എം.പി സ്ഥാനം ജോസ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പല തവണ ആവര്‍ത്തിച്ചിരുന്നു.