പാലായിലെ തോല്‍വി പരിശോധിക്കുന്നത് സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് ജോസ് കെ മാണി; സ്വന്തം വിലയിരുത്തലെന്തെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടത് തരംഗമുണ്ടായിട്ടും കേരള കോണ്‍ഗ്രസ് എമ്മിന് തട്ടകത്തില്‍ കാലിടറിയത് സിപിഐഎം പരിശോധിക്കുന്നതില്‍ പ്രതികരണവുമായി ജോസ് കെ മാണി. പാലായിലെ തോല്‍വി പരിശോധിക്കുന്നത് സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. വിജയിച്ചാലും തോറ്റാലും എല്ലാ പാര്‍ട്ടികളും പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

കേരള കോണ്‍ഗ്രസും ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും ജോസ് കെ മാണി പറയുന്നു. അഞ്ച് മണ്ഡലങ്ങളിലെ തോല്‍വി വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് എം അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലങ്ങളില്‍ പാര്‍ട്ടി തോല്‍ക്കാനുണ്ടായ കാരണം എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ നിസഹകരണമാണെന്നാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ വിലവയിരുത്തല്‍. പാലായില്‍ ജോസ് കെ മാണിക്ക് സിപിഐഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയുണ്ടായില്ലെന്ന പരാതി നേരത്തെ തന്നെ ജോസ് പക്ഷം നേതാക്കള്‍ ഉന്നയിച്ചിരുന്നു.

പാലായിലെ തോല്‍വിയില്‍ പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍ എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തില്‍നിന്നും ജോസ് കെ മാണി ഒഴിഞ്ഞുമാറി. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളാണ് അത് എന്നുമാത്രമായിരുന്നു അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: ബെവ്‌കോയ്ക്ക് മുന്നിലെ കൂട്ടയിടിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; ‘മദ്യം വാങ്ങുന്നവര്‍ക്കും വ്യക്തിത്വമുണ്ട്, നിരോധിത വസ്തുപോലെയാണ് മദ്യവില്‍പന’

പാലാ അടക്കം പല പ്രധാന സീറ്റുകളിലുമുണ്ടായ തിരിച്ചടി പരിശോധിക്കാനാണ് സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. പാലായില്‍ സിപിഐഎം വോട്ട് ചോര്‍ന്നിട്ടുണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പാലായിലെ തോല്‍വി പ്രത്യേകം പരിശോധിക്കാനാണ് തീരുമാനം. ജോസ് കെ മാണി സിപിഐഎം നിസഹകരണം ചൂണ്ടിക്കാട്ടി നേരത്തെതന്നെ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ കൂടെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി എടുക്കാനാണ് സിപിഐഎം തീരുമാനം.

അതേസമയം, മുന്നണിയില്‍ പുതിയതായിരുന്നിട്ടുകൂടിയും കേരള കോണ്‍ഗ്രസ് എം തങ്ങളെ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്ന പരാതിയാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനുള്ളത്. പ്രചരണ പരിപാടികളിലടക്കം കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മുന്നോട്ടുനീങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ പലതും മാണി സി കാപ്പന് മറിഞ്ഞെന്നും സിപിഐഎം വോട്ട് ചോര്‍ന്നിട്ടില്ലെന്നും ചില നേതാക്കള്‍ പറയുന്നു. പാര്‍ട്ടി അന്വേഷണം വരുമ്പോള്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാനാവും പ്രാദേശിക നേതൃത്വം ശ്രമിക്കുക.