വാര്‍ത്ത തെറ്റ്; ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് ജോസ് കെ മാണി; ‘അതിനൊരു സാധ്യതയുമില്ല’

തിരുവനന്തപുരം: തന്നെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. അതിനൊരു സാധ്യതയുമില്ല. അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസ് പറഞ്ഞു.

നിലവില്‍ പാര്‍ട്ടി ചുംതല വഹിക്കാനാണ് താല്‍പര്യം. മറ്റെല്ലാം മാധ്യമസൃഷ്ടിയാണെന്നും ജോസ് പറഞ്ഞു. ജോസ് കെ മാണിയെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കാണ് ആലോചനയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍.

ജോസിന് ഈ പദവിയല്ലെങ്കില്‍ പുതിയ കാര്‍ഷിക കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും സിപിഐഎം ആലോചിക്കുന്നുണ്ടെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ് രാജിവച്ചിറങ്ങിയ രാജ്യസഭാ സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്ന സൂചനയും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.