‘വിഡ്ഡികള്‍’; വഴിതടയല്‍ സമരക്കാരില്‍ വിവരമുള്ളവര്‍ കുറവെന്ന് ജോയ് മാത്യു

ജോജു ജോര്‍ജ് കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രകടിപ്പിച്ചത് ധാര്‍മ്മിക രോഷമാണെന്ന് നടന്‍ ജോയ് മാത്യു. വഴി തടയലും ഹര്‍ത്താലും കാലഹരണപ്പെട്ട സമരമുറകളാണെന്ന് ജോയ് മാത്യു പറഞ്ഞു. അതിന്റെ പേരില്‍ കൊള്ളയും കൊലയും അക്രമവും തീവെപ്പും നടത്തുകയാണ്. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ അധികം ഉണ്ടാകാറില്ല. ലംപന്‍ (വിഡ്ഡി) എന്ന വാക്കിന്റെ അര്‍ത്ഥം ഞാനായിട്ട് ഇവിടെ പറയുന്നില്ല. എല്ലാ പാര്‍ട്ടികളിലുമുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് മദം പൊട്ടിയ ആനയുടേയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖമാണെന്നും നടന്‍ വിമര്‍ശിച്ചു.

ഇന്നും ഉപ്പുകുറുക്കാന്‍ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്നതു പോലുള്ള ഭോഷ്‌കാണ് വഴിതടയലും ഹര്‍ത്താലും. ഇജ്ജാതി സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാകുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ്ജ് പ്രകടിപ്പിച്ചത്.

ജോയ് മാത്യു

ജോജു നടത്തിയ പ്രതികരണം വിവേകപൂര്‍ണമായിരുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. ആള്‍ക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം, ഇല്ലെങ്കില്‍ ഈ മുഖമില്ലാത്ത ആള്‍ക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാന്‍ വരെ മടിക്കില്ലെന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപരോധം മൂലം വാഹനഗതാഗതം തടസപ്പെട്ടു. യാത്ര തടസപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ജോജു ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചു. കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന കുട്ടിയും സ്‌കാനിങ്ങിന് പോകുന്ന ഗര്‍ഭിണിയും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് കണ്ടെന്ന് ജോജു പറഞ്ഞു. വഴി തടഞ്ഞ് സമരം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചതോടെ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. ബ്ലോക്കില്‍ കിടന്നവരില്‍ ചിലരും സമരത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തി. ഇതോടെ ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ജോജുവിന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു. എസ്ഐ ജോജുവിന്റെ കാറിന് അകത്ത് കയറിയാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെയാണ് കാറിന്റെ ചില്ല് തകര്‍ന്നത്.

Also Read: കാര്‍ തകര്‍ത്തെന്ന കേസ്; ജോജുവിന്റെ മൊഴിയെടുക്കും; കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും