കണ്ണൂര്‍: പി ജയരാജനുമായി താന്‍ ഗൂഢാലോചന നടത്തിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തള്ളി ജെആര്‍പി ട്രഷറല്‍ പ്രസീത. സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ സുരേന്ദ്രന് തെളിവ് പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.
‘സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നത്. മൂന്ന് വര്‍ഷം മുമ്പേ ഞങ്ങളുടെ സമുദായ സംഘടന
വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി ജയരാജനുമായും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ആ ബന്ധം എന്നും ഉണ്ട്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വക്തവ് മാത്രമല്ല ഞാന്‍. സമുദായ സംഘടനാ നേതാവ് കൂടിയാണ്. അന്ന് ഇതുപോലുള്ള നേതാക്കളുമായി കണ്ടിട്ടുണ്ട്. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സിപിഐഎം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തെളിവ് നിരത്തട്ടെ.’, പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രന്റെ ആരോപണത്തില്‍ സിപിഐഎം നേതാവ് പി ജയരാജനും പ്രതികരിച്ചിരുന്നു. ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രന്റെ പ്രസ്താവനകളെന്നാണ് പി ജയരാജന്റെ പ്രതികരണം.
താന്‍ പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല. കെ സുരേന്ദ്രനെതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടതെന്നും പി ജയരാജന് പറഞ്ഞു.
ഇവിടെ ജാനുവിന്റെ പാര്‍ട്ടി ട്രഷററായ പ്രസീത ഗൗരവപരമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന് മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടിക്കാഴ്ച നടത്തിയെന്നെല്ലാം അപ്രസക്തമാണെന്നും പി ജയരാജന് പറഞ്ഞു.
ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നതെന്നും പി ജയരാജന് പറഞ്ഞു.