ജൂഹി ചൗള 5ജിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളി; 20 ലക്ഷം പിഴയും വിധിച്ചു

ന്യൂദല്‍ഹി: രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സമയം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ കോടതി നടിയോട് 20 ലക്ഷം രൂപ പിഴയടക്കാനും ഉത്തരവിട്ടു.

പ്രശസ്തി ലക്ഷ്യം വെച്ചാണ് നടി ഹര്‍ജി നല്‍കിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് ഓണ്‍ലൈനായി പരിഗണിച്ചതിന്റെ ലിങ്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത് സൂചിപ്പിച്ചാണ് ഇങ്ങനെയൊരു അഭിപ്രായം കോടതി പറഞ്ഞത്.

5ജി നെറ്റ്‌വര്‍ക്ക് ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് നടി ഹര്‍ജി നല്‍കിയത്. നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് മനുഷ്യരും മൃഗങ്ങളും വിധേയമാകും എന്നാണ്് താരത്തിന്റെ ആരോപണം.

അനാവശ്യവും ബാലിശവുമായ വാദഗതികളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്നും വിഷയത്തില്‍ പരാതിക്കാരിക്ക് യാതൊരു ധാരണയുമില്ലെന്നും കോടതി പറഞ്ഞു. ഓണ്‍ലൈനായി കേസ് പരിഗണിക്കുന്നതിനിടെ സിനിമാഗാനം പാടി നടപടി തടസ്സപ്പെടുത്തിയ ആള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും കോടതി പുറപ്പെടുവിച്ചു. ഈ വ്യക്തിയെ കണ്ടെത്താന്‍ ദല്‍ഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.