‘ഉദ്യോഗസ്ഥന്‍ എന്റെ അച്ഛന്റെ പ്രായമുള്ള ആ മനുഷ്യനെ വിചാരണ ചെയ്യാന്‍ തുടങ്ങി’, സര്‍ക്കാര്‍ ഓഫീസിലെ അവഗണനയ്ക്കെതിരെ വയനാട് ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

മാനന്തവാടി: സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജുനൈദ് കൈപ്പാണി. തന്റെ കൂടെ താലൂക്ക് ഓഫീസിലെത്തിയ പ്രായംചെന്ന വ്യക്തിയെ ഉദ്യോഗസ്ഥന്‍ ഇരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ജുനൈദ് പറയുന്നു. ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫ്യൂഡല്‍ മനോഭാവമാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘താലൂക്ക് ഓഫീസില്‍ ഒന്നര വര്‍ഷമായി കെട്ടിക്കിടക്കുന്ന റീ സര്‍വ്വെയുമായി ബന്ധപ്പെട്ട ഫയല്‍ ശരിയാക്കിത്തരുമോ എന്ന് ആവശ്യപ്പെട്ടാണ് 55 വയസുകാരനായ വ്യക്തി രാവിലെ എന്റെ വീട്ടില്‍ വന്നത്. ഞാന്‍ ആദ്ദേഹത്തെയും കൂട്ടി താലൂക്ക് ഓഫീസില്‍ പോയി. ഫയല്‍ അവിടെയുണ്ടെന്നാണ് ഫോണില്‍ ബന്ധപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ താലൂക്ക് ഓഫീസില്‍ ഫയല്‍ കാണാനില്ല. ഫയല്‍ നഷ്ടപ്പെട്ടതിന്റെ ജാള്യതയില്‍ ഒടുവിലവര്‍ ഒന്നുകൂടി റീ സര്‍വ്വെ ചെയ്യാമെന്ന് പറഞ്ഞു’, സംഭവത്തെക്കുറിച്ച് ജുനൈദ് പറയുന്നു.

‘മൂന്ന് കസേരകളായിരുന്നു അവിടെയുണ്ടായിരുന്നത്. അതില്‍ നടുക്കത്തേതില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇരുന്നു. മറ്റ് രണ്ട് കസേരകളും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. തുടര്‍ന്ന് ആ ഉദ്യോഗസ്ഥന്‍ 55 വയസോളം വരുന്ന, എന്റെ അച്ഛന്റെ പ്രായമുള്ള ആ മനുഷ്യനെ വിചാരണ ചെയ്യാന്‍ തുടങ്ങി. അദ്ദേഹം ഈ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്ക് വിധേയത്വത്തോടെ മറുപടിയും പറയുന്നുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെടുകയോ അനുവദിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് അദ്ദേഹത്തെ ഇരുത്തി. ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകേണ്ടി വരുന്ന സാധാരണക്കാരന്റെ അവസ്ഥ ഇതാണ്’, ജുനൈദ് കൈപ്പാണി വിശദീകരിച്ചു.

‘നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ നേര്‍ സാക്ഷ്യമാണിത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്പരകളും വഴി നാം നാടുകടത്തിയ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്’, അദ്ദേഹം പറഞ്ഞു. പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുര്‍വം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ജുനൈദ് പറഞ്ഞു