രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം യഥാര്‍ത്ഥ കണക്കുകളേക്കാള്‍ പല മടങ്ങാകാമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മെയ് 24 വരെ 3,07,231 പേര്‍ക്കാണ് കൊറോണ വൈറസ് ബാധമൂലം ജീവന് നഷ്ടമായതെങ്കിലും ഈ സംഖ്യ അവിശ്വസനീയമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷവും ഏറ്റവും കൂടിയത് 42 ലക്ഷവും ആയിരിക്കാമെന്ന ഞെട്ടിക്കുന്ന കണക്കാണ് അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് 40 കോടി മുതല്‍ 70 കോടി പേര്‍ക്ക് വരെ രോഗബാധയുണ്ടായിട്ടുണ്ടാകാമെന്നും വിദഗ്ധാഭിപ്രായം തേടി നടത്തിയ പഠനഫലത്തിലുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കഴിഞ്ഞയാഴ്ച്ചയാണ് ലോകത്തെ ഏതൊരു രാജ്യത്തേക്കാളും വലിയ കൊവിഡ് ബാധിത പ്രതിദിന മരണസംഖ്യ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എങ്കില്‍ പോലും ഇത് യഥാര്‍ത്ഥ അവസ്ഥയേക്കാളും കുറവാകാനാണ് സാധ്യത ഏറെ കൂടുതല്‍. കൃത്യമായി രേഖപ്പെടുത്തപ്പെടാത്തതിനാലും വ്യാപകമായ പരിശോധനയില്ലാത്തതിനാലും ഇന്ത്യയിലെ രോഗ്യവ്യാപനത്തിന്റെ ആകെ കണക്കിനേക്കുറിച്ച് വ്യക്തത ലഭിക്കല്‍ ദുഷ്കരമാണ്. യഥാര്‍ത്ഥ മരണ സംഖ്യ കണ്ടെത്താന്‍ ഒരു രണ്ടാം തല എക്സ്ട്രാപൊലേഷന് (അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കല്) ആവശ്യമാണ്. രോഗം ബാധിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണിത് നിര്‍ണ്ണയിക്കുക.
ഒരു ഡസനിലധികം വിദഗ്ധരെ സമീപിച്ച് ന്യൂയോര്‍ക് ടൈംസ് ഓരോ സമയത്തേയും കൊവിഡ് കേസുകളും മരണങ്ങളും പരിശോധിച്ചു. വലിയോ തോതിലുള്ള അന്റി ബോഡി പരിശോധനകളുടെ ഫലങ്ങള്‍ കൂടി അവലോകനം ചെയ്ത് ഇന്ത്യയില്‍ കൊവിഡ് സൃഷ്ടിച്ച യഥാര്‍ത്ഥ ദുരന്തത്തിന്റെ ‘പല സാധ്യത’കളിലേക്കുള്ള നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള സാധ്യതാ കണക്കുകൂട്ടിയാല്‍ പോലും ഔദ്യോഗിക കണക്കിനേക്കാള്‍ ഒരുപാടേറെയാണ് മരണം. ഏറ്റവും മോശം സാധ്യതാ കണക്ക് ദശലക്ഷം മരണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- കൊവിഡ് മൂലം ലോകത്തെ മറ്റേത് രാജ്യത്ത് സംഭവിച്ചതിനേക്കാളും വലിയ മഹാവിപത്ത്.

ഔദ്യോഗിക കണക്ക് (മെയ് 24 വരെ)
റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ – 2.69 കോടി
റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള് – 3,07,231
തീവ്രത കുറഞ്ഞ സാധ്യത പരിഗണിക്കുമ്പോള്‍
ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത ഒരു കൊവിഡ് കേസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 15 കേസുകള്‍ കണക്കുകൂട്ടുന്നു. മരണനിരക്ക് 0.15 ശതമാനം
കണക്കാക്കപ്പെടുന്ന രോഗബാധകള്‍ – 40.42 കോടി
കണക്കാക്കപ്പെടുന്ന മരണങ്ങള് – ആറ് ലക്ഷം
കൂടിയ സാധ്യത പരിഗണിക്കുമ്പോള്‍
ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത ഒരു കൊവിഡ് കേസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 20 കേസുകള്‍ കണക്കുകൂട്ടുന്നു. മരണനിരക്ക് 0.30 ശതമാനം
കണക്കാക്കപ്പെടുന്ന രോഗബാധകള്‍ – 53.9 കോടി
കണക്കാക്കപ്പെടുന്ന മരണങ്ങള് – 16 ലക്ഷം
ഏറ്റവും മോശം സാഹചര്യം പരിഗണിക്കുമ്പോള്‍
ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത ഒരു കൊവിഡ് കേസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 26 കേസുകള്‍ കണക്കുകൂട്ടുന്നു. മരണനിരക്ക് 0.60 ശതമാനം
കണക്കാക്കപ്പെടുന്ന രോഗബാധകള്‍ – 70 കോടി
കണക്കാക്കപ്പെടുന്ന മരണങ്ങള് – 42 ലക്ഷം
